തെൽ അവീവ്: ഗസ്സയിൽ ആക്രമണം വ്യാപിപ്പിക്കാനൊരുങ്ങി ഇസ്രായേൽ. ഗസ്സ പൂർണമായും പിടിക്കാനുള്ള നീക്കങ്ങൾക്കാണ് ഇസ്രായേൽ തുടക്കമിട്ടിരിക്കുന്നത്. ഇസ്രായേൽ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. പുതിയ പദ്ധതിക്ക് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റേയും അംഗീകാരമുണ്ട്.
ഗസ്സയിലെ 21 ലക്ഷം ഫലസ്തീനികളെ നിർബന്ധിതമായി തെക്കൻ പ്രദേശങ്ങളിലേക്ക് മാറ്റിയാവും പദ്ധതിക്ക് തുടക്കം കുറിക്കുകയെന്ന് ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇത് എത്രത്തോളം പ്രായോഗികമാവുമെന്ന കാര്യത്തിൽ സംശയങ്ങളുണ്ട്. പുതിയ പദ്ധതി മികച്ചതാണെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ അഭിപ്രായം. പുതിയ പദ്ധതി പ്രകാരം ഹമാസിനെ ഇല്ലാതാക്കാനും ബന്ദികളെ തിരിച്ചെത്തിക്കാനും കഴിയുമെന്നും നെതന്യാഹു യുദ്ധകാല കാബിനറ്റിൽ പറഞ്ഞു.
സ്വകാര്യ കമ്പനികളിലൂടെ ആളുകൾക്കുള്ള സഹായം വിതരണം ചെയ്യുമെന്നും ഇസ്രായേൽ യുദ്ധകാല കാബിനറ്റിൽ തീരുമാനമെടുത്തു. എന്നാൽ, ഇത് നടപ്പാകുമോയെന്നതിൽ ആശങ്കയുണ്ട്. അതേസമയം, പ്രാഥമികമായ മനുഷ്യാവകാശങ്ങളെ പോലും ലംഘിക്കുന്നതാണ് ഇസ്രായേലിന്റെ പുതിയ പദ്ധതിയെന്നും ഇതിനോട് സഹകരിക്കില്ലെന്നും യു.എൻ വ്യക്തമാക്കി.
രാഷ്ട്രീയമായി ഭീഷണിപ്പെടുത്തുകയാണ് പുതിയ നിർദേശങ്ങളിലൂടെ ഇസ്രായേൽ ചെയ്യുന്നതെന്ന് ഹമാസും കുറ്റപ്പെടുത്തി. അതേസമയം, ഡോണൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് യാത്ര കഴിഞ്ഞതിന് ശേഷമായിരിക്കും പുതിയ പദ്ധതി നടപ്പാക്കുന്നത് ഇസ്രായേൽ തുടങ്ങുക. അതുവരെ ബന്ധികളെ വിട്ടുനൽകാൻ ഹമാസിന് അവസരമുണ്ടെന്ന് ഇസ്രായേൽ സെക്യൂരിറ്റി കാബിനറ്റ് അംഗം സീവ് എൽകിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.