ഗസ്സ സിറ്റി: ഗസ്സയിൽ ഹമാസ് ബന്ദികളാക്കിയ രണ്ട് സിവിലിയന്മാരുടെയും ഒരു സൈനികന്റെയും മൃതദേഹങ്ങൾ ഞായറാഴ്ച കണ്ടെടുത്തതായി ഇസ്രായേൽ അറയിച്ചു. ഒപ്പം ഭക്ഷണത്തിനും ഇന്ധനത്തിനും ക്ഷാമം നേരിടുന്ന ഗസ്സയിലുടനീളം ഇസ്രായേൽ സൈന്യം ആളുകളെ കൊല്ലുന്നത് തുടരുന്നു. ഇത് മേഖലയിലെ മാനുഷിക പ്രതിസന്ധി കൂടുതൽ വഷളാക്കുന്നതായാണ് റിപ്പോർട്ട്.
‘ഒരു പ്രത്യേക ഓപ്പറേഷനിൽ ബന്ദികളായ ഓഫ്ര കെയ്ദാർ, യോനാറ്റൻ സമേരാനോ, ഷേ ലെവിൻസൺ എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ ഗസ്സ മുനമ്പിൽ നിന്ന് കണ്ടെടുത്തു’വെന്ന് ഇസ്രായേൽ പ്രതിരോധ സേന ഒരു പ്രസ്താവനയിൽ പറഞ്ഞു. 20 മാസത്തിലേറെയായി ഗസ്സയിൽ തടവിൽ ആയിരുന്നു ഇവർ.
ഗസ്സയിൽ ശേഷിക്കുന്ന 50 ബന്ദികളെ തിരികെ നൽകണമെന്ന് ഇസ്രായേൽ സർക്കാറിനോട് ഇവരുടെ കുടുംബങ്ങളുടെ സംയുക്ത ഫോറം ആവശ്യപ്പെട്ടു. ‘പൂർണ വിജയം നേടുന്നതിനുള്ള താക്കോൽ’ ആയിരിക്കും അതെന്നും അവർ പറഞ്ഞു. ജൂൺ 13 ന് ആരംഭിച്ച ഇറാനുമായുള്ള ഇസ്രായേലിന്റെ യുദ്ധം ബാക്കിയുള്ള തടവുകാരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളിൽ നിന്ന് വഴിമാറ്റുമെന്ന് തട്ടിക്കൊണ്ടുപോയവരുടെ ചില കുടുംബങ്ങൾ ഭയപ്പെടുന്നു.
എന്നാൽ, ഇറാനുനേർകുള്ള ഇസ്രായേൽ ആമ്രകണം ഗസ്സയിലെ യുദ്ധത്തിൽ വിജയിക്കാനും തടവുകാരെ തിരികെ കൊണ്ടുവരാനും സഹായിക്കുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വാദം. ‘ഹമാസിനെ പരാജയപ്പെടുത്തുകയും ബന്ദികളെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്ന തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് ഞങ്ങൾ പടിപടിയായി അടുക്കുകയാണ്. ഇറാനിലെ പ്രവർത്തനം ഗസ്സയിലെ നമ്മുടെ ലക്ഷ്യം നേടാൻ സഹായിക്കുമെന്ന് എനിക്ക് ബോധ്യമുണ്ടെ’ന്നും നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞു.
ഗസ്സക്കെതിരായ ആക്രമണം ശാശ്വതമായി അവസാനിപ്പിക്കുന്നതിനും എൻക്ലേവിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പൂർണമായും പിൻവലിക്കുന്നതിനും ഇസ്രായേൽ ജയിലുകളിലെ എല്ലാ ഫലസ്തീൻ തടവുകാരെയും വിട്ടയക്കുന്നതിനും പകരമായി എല്ലാ ഇസ്രായേലി തടവുകാരെയും മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.
അതിനിടെ, ഇറാൻ ആക്രമണത്തിനിടയിലും ഇസ്രായേൽ സൈന്യം ഫലസ്തീൻ പ്രദേശങ്ങശളിൽ നാശനഷ്ടം വരുത്തുന്നത് തുടരുകയാണ്. റാമല്ലക്കടുത്തുള്ള അൽ മുഗായർ, അബൂഫത്താഹ് ഗ്രാമങ്ങളിലെ കൃഷിയിടങ്ങൾ തീയിട്ടു നശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.