തെൽ അവീവ്: ഇന്ന് മോചിപ്പിക്കുന്ന നാല് ബന്ദികളുടെ പട്ടിക ഇസ്രായേലിന് കൈമാറി ഹമാസ്. വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നത്. നാല് വനിത സൈനികരെ മോചിപ്പിക്കുമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്.കരീ അറിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവെ, ലിറി അൽബാഗ് എന്നിവരെയാണ് ഹമാസ് മോചിപ്പിക്കുക. ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി 180 ഫലസ്തീനിയൻ തടവുകാരെ ഇസ്രായേലും മോചിപ്പിക്കും.
അതേസമയം, ഗസ്സയിലെ വെടിനിർത്തലിനു പിന്നാലെ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം ആക്രമണം കടുപ്പിക്കുകയാണ്. വെസ്റ്റ് ബാങ്കിലേക്ക് മാറ്റിയിരിക്കുന്ന ബഹുമുഖ യുദ്ധത്തിൽ ജെനിനിൽ ഓപ്പറേഷൻ പരമ്പര നടത്തുമെന്ന് ഇസ്രായേലിന്റെ സൈനിക, രഹസ്യാന്വേഷണ വിഭാഗം അറിയിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
വൻ സൈനിക നടപടി ആരംഭിച്ചതോടെ കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീൻ കുടുംബങ്ങൾ ജെനിൻ വിട്ടുപോവാൻ തുടങ്ങി. സ്യൂട്ട്കേസുകളും വളർത്തുമൃഗങ്ങളും മറ്റ് സാധനങ്ങളും വഹിച്ചാണ് ഇവർ നാടു വിടുന്നത്. സൈന്യം കെട്ടിടങ്ങളും റോഡുകളും ബുൾഡോസർ വെച്ച് നശിപ്പിക്കുന്നതിന്റെയും ഫലസ്തീനികളെ തട്ടിക്കൊണ്ടുപോവുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിലയിടങ്ങളിൽ കെട്ടിടങ്ങൾക്ക് തീയിട്ടു. ജെനിൻ ഗവൺമെന്റ് ആശുപത്രിയുടെ പരിസരത്ത് സൈന്യം തമ്പടിച്ചതായും രോഗികളെയടക്കം മാറ്റുന്നുവെന്നും സ്ഥിതിഗതികൾ ആശങ്കാജനകമാണെന്നും ആശുപത്രി ഡയറക്ടർ വിസ്സാം ബക്ക്ർ അറിയിച്ചു.
ഗസ്സ മുനമ്പിൽ ദുർബലമായ വെടിനിർത്തൽ കരാർ ഉണ്ടായതിനുശേഷമുള്ള ദിവസങ്ങളിൽ ജെനിൻ ഗവർണറേറ്റിലുടനീളം നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.