തെൽഅവീവ്: ആരോഗ്യ, മാനസിക കാരണങ്ങളാലല്ലാതെ പ്രധാനമന്ത്രിയെ പുറത്താക്കുന്നത് വിലക്കി ഇസ്രായേൽ പാർലമെന്റ് നിയമം പാസാക്കി. ഇതിനുള്ള അധികാരം സർക്കാറിന് മാത്രമായിരിക്കും.
ഏകാധിപത്യത്തിലേക്കു നയിക്കുന്ന നടപടിയാണിതെന്നാരോപിച്ച് രാജ്യമെങ്ങും ആയിരങ്ങൾ തെരുവിലിറങ്ങി. വിവിധയിടങ്ങളിൽ പ്രതിഷേധക്കാർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമനിർമാണത്തിനെതിരെ ആഴ്ചകളായി ശനിയാഴ്ച തോറും നഗരങ്ങളിൽ വൻ പ്രതിഷേധപ്രകടനങ്ങൾ നടന്നുവരുകയാണ്.
നിയമം പാസായതോടെ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. 120 അംഗ പാർലമെന്റിൽ 47നെതിരെ 61 വോട്ടിനാണ് നിയമം പാസായത്. അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രക്ഷപ്പെടാൻ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് നിയമനിർമാണം എന്നാണ് ആരോപണം.
ജറൂസലമിൽ നടന്ന പ്രതിഷേധത്തിൽ സൈന്യത്തിലെ റിസർവ് അംഗങ്ങളും പങ്കെടുത്തിരുന്നു. പരിഷ്‍കരണ നടപടികളുമായി മുന്നോട്ടുപോകുമെന്ന് നെതന്യാഹു ടെലിവിഷൻ പ്രഭാഷണത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.