ഗസ്സ ജനതയെ ലോകം കൈവിടരുത്; ധനസഹായം നിഷേധിക്കുന്നത് അപകടകരം -അന്റോ​ണിയോ ഗു​ട്ടെറസ്

യുനൈറ്റഡ് നേഷൻസ്: ഗസ്സയിൽ ​സേവനപ്രവർത്തനങ്ങളിൽ ഏ​ർപ്പെട്ട ഐക്യരാഷ്ട്രസഭയുടെ സേവന വിഭാഗമായ യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ധനസഹായം പുനസ്ഥാപിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് യു.എൻ മേധാവി അന്റോ​ണിയോ ഗു​ട്ടെറസ്. സഹായം താൽക്കാലികമായി നിർത്താനുള്ള വിവിധ അംഗരാജ്യങ്ങളുടെ നീക്കം ഗസ്സയിലെ ജനങ്ങൾക്ക് വിനാശകരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും യു.എൻ അടക്കം 15 അന്താരാഷ്ട്ര സംഘടനകളുടെ മേധാവികൾ ഒപ്പുവെച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഗസ്സയിലെ പരിക്കേറ്റവരും വീടു​നഷ്ടപ്പെട്ടവരുമായ ലക്ഷക്കണക്കിനാളുകളെ സേവിക്കുന്ന സന്നദ്ധ സംഘടനക്ക് ഫണ്ട് നിഷേധിക്കുന്നത് അപകടകരവും ദൂരവ്യാപകമായ മാനുഷികദുരന്തത്തിന് വഴിവെക്കുന്നതുമാണ്. ഗസ്സയിലെ ജനങ്ങളെ ലോകം കൈവിടരുതെന്നും ഇവർ അഭ്യർഥിച്ചു.

ഗസ്സയിലെ 22 ലക്ഷം ആളുകൾക്ക് അടിയന്തിര സഹായം എത്തിക്കാൻ യു.എൻ.ആർ.ഡബ്ല്യു.എയെ പോലെ ശേഷിയുള്ള മറ്റൊരു സംവിധാനവും നിലവിലില്ല. സ്വന്തം സഹപ്രവർത്തകർ വരെ കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തപ്പോഴും അവർ അവിടെ സേവനനിരതരാണ്.

ഒക്‌ടോബർ 7 മുതൽ ഗസ്സയിലെ ഇസ്രായേൽ അതിക്രമത്തിൽ ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരും പട്ടിണിയിലുമാണ്. ഗസ്സയിലെ ഏറ്റവും വലിയ സേവന സംഘടന എന്ന നിലയിൽ യു.എൻ.ആർ.ഡബ്ല്യു.എയാണ് ഇവർക്ക് ഭക്ഷണവും പാർപ്പിടവും സംരക്ഷണവും നൽകുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത്. ഈ സാഹചര്യത്തിൽ ഫണ്ട് തടയാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇവർ അഭ്യർത്ഥിച്ചു.

ഒക്‌ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ‘തൂഫാനുൽ അഖ്സ’ ഓപറേഷനിൽ യു.എൻ.ആർ.ഡബ്ല്യു.എയിലെ ചില ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് ഫണ്ട് നിർത്തിവെക്കാൻ വിവിധ രാജ്യങ്ങൾ തീരുമാനിച്ചത്. എന്നാൽ, ഏതെങ്കിലും ജീവനക്കാർ പങ്കാളികളായെന്ന പേരിൽ യു.എൻ.ആർ.ഡബ്ല്യു.എയെ ഒന്നാകെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് അ​ന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും സംഭവത്തിൽ യുഎൻ ജീവനക്കാർക്ക് പങ്കുള്ളതായി​ തെളിഞ്ഞാൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാർട്ടിൻ ഗ്രിഫിത്ത്‌സ് (എമർജൻസി റിലീഫ് കോർഡിനേറ്റർ ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ്), ഡോ. ക്യു ഡോങ്യു (ഡയറക്ടർ ജനറൽ, ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ), ജെയ്ൻ ബാക്ക്ഹർസ്റ്റ് (ക്രിസ്ത്യൻ എയ്ഡ്), ജാമി മൂൺ (എക്സിക്യൂട്ടീവ് ഡയറക്ടർ, ഇൻ്റർനാഷണൽ കൗൺസിൽ ഓഫ് വോളണ്ടറി ഏജൻസി), ആമി ഇ. പോപ്പ് (ഡയറക്ടർ ജനറൽ, ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ), വോൾക്കർ ടർക്ക് (ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈക്കമ്മീഷണർ), പോള ഗവിരിയ ബെറ്റാൻകുർ, (ഐക്യരാഷ്ട്രസഭ സ്പെഷ്യൽ റിപ്പോർട്ടർ ഓൺ ഹ്യൂമൻ റൈറ്റ്സ് ഓഫ് ഇൻ്റേണൽ ഡിസ്പ്ലേസ്ഡ് പേഴ്സൺസ്), അക്കിം സ്റ്റെയ്നർ (അഡ്മിനിസ്ട്രേറ്റർ, യു.എൻ.ഡി.പി), നതാലിയ കാനെം (യുനൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ), ഡോ. ഫിലിപ്പോ ഗ്രാൻഡി (അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര ഹൈക്കമ്മീഷണർ), മിഷാൽ മ്ലിനാർ (യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ സെറ്റിൽമെൻ്റ് പ്രോഗ്രാം), കാതറിൻ റസ്സൽ (യുനിസെഫ്), സിമ ബഹൂസ് (അണ്ടർ സെക്രട്ടറി ജനറൽ)സിൻഡി മക്കെയ്ൻ (വേൾഡ് ഫുഡ് പ്രോഗ്രാം), ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് (ഡയറക്ടർ ജനറൽ, ലോകാരോഗ്യ സംഘടന) എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്. 

Tags:    
News Summary - Israel Palestine Conflict: 'The World Cannot Abandon the People of Gaza': UN Chief Antonio Guterres Appeals for More Aid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.