തുരങ്കങ്ങളിൽ ശത്രു ഒളിച്ചിരിക്കുന്നു, കരയാക്രമണം ഇപ്പോൾ വേണ്ട -ഇസ്രായേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്

ജറൂസലേം: ഗസ്സയെ തകർത്തു തരിപ്പണമാക്കണമെന്നും എന്നാൽ, ഹമാസ് പോരാളികൾ തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്നതിനാൽ കരയാക്രമണം ഇപ്പോൾ ​വേണ്ടെന്നും ഇസ്രായേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ‘ക്ഷമ കാണിക്കണം. സമയമുണ്ട്. കരസേനയ്ക്ക് വഴിയൊരുക്കാൻ ഹമാസിനെതിരെ വലിയ തോതിൽ വ്യോമാക്രമണം നത്തുന്നുണ്ട്. കര സേനയെ തിടുക്കത്തിൽ അയക്കരുത്. ശത്രു മാളങ്ങളിലും തുരങ്കങ്ങളിലും ഒളിച്ചിരിക്കുന്നു’ -നഫ്താലി എക്സിൽ കുറിച്ചു.

ഗസ്സയിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെയും കൂട്ടക്കൊലയെയും അപലപിച്ച് ജറുസലേമിലെ ഓർത്തഡോക്സ് പാത്രിയർക്കീസ് രംഗത്തുവന്നതിന് പിന്നാലെയാണ് വ്യോമാക്രമണം ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള നഫ്താലിയുടെ ട്വീറ്റ്. ഗസ്സയുടെ സമീപ നഗരമായ അൽ സെയ്തൂനിലെ സെന്‍റ് പോർഫിറസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

’എല്ലാവരും പെട്ടെന്നുള്ള കരയാക്രമണമാണ് ആഗ്രഹിക്കുന്നത്. എന്നാൽ ജനപ്രിയത നോക്കിയല്ല, ശരിയായ രീതിയിലാണ് പ്രവർത്തിക്കേണ്ടത്. നമ്മുടെ സൈനികരെ, ആൺകുട്ടികളെ അയക്കുന്നതിന് മുമ്പ് ശത്രുവിനെ തകർക്കണം. അവർ ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തി ഉപയോഗിച്ച് തകർക്കുക. അവിടെ ആയിരം തീവ്രവാദികളായ അമ്മമാർ കരയട്ടെ, നമ്മുടെ പക്ഷത്ത് ഇനി ഒരു അമ്മയും കരയരുത്’ -വലതുപക്ഷ തീവ്രവാദിയും കടുത്ത ഫലസ്തീൻ വിരുദ്ധനുമായ നഫ്താലി ബെന്നറ്റ് തുടർന്നു.

അതിനിടെ, പരിക്കേറ്റ് ചികിത്സ ​തേടിയ സ്ത്രീകളും കുട്ടികളും അടക്കം അഞ്ഞൂറിലേറെ ഫലസ്തീനികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ അൽ അഹ്‍ലി ആശുപത്രി ആക്രമണത്തെ കുറിച്ച് സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് യു.എൻ മനുഷ്യാവകാശ വിഭാഗം കാര്യാലയം ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച രാത്രിയാണ് ക്രിസ്ത്യൻ മിഷിനറി വിഭാഗം നടത്തുന്ന ഗസ്സയിലെ അൽ-അഹ്‌ലി അറബ് ഹോസ്പിറ്റലിന് നേരെ ഇസ്രായേൽ വ്യോമാക്രമണമുണ്ടായത്. ആ​ശുപത്രി പരിസരം സുരക്ഷിതമായിരിക്കുമെന്ന കണക്കുകൂട്ടലിൽ ഇവിടെ മുറ്റത്ത് അഭയം തേടിയിരുന്നവരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Israel Palestine Conflict: Former Israeli PM says army should continue with air attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.