വെടിനിർത്തലിന് മണിക്കൂറുകൾ മുമ്പും കൂട്ടക്കുരുതി; യു.എൻ സ്കൂളിൽ 30 പേർ കൊല്ല​പ്പെട്ടു

ഗസ്സ സിറ്റി: വെടിനിർത്തൽ നിലവിൽവരുന്നതിന് മണിക്കൂറുകൾ മുമ്പ് ഗസ്സയിലെ യു.എൻ സ്കൂളിൽ ഇസ്രായേൽ ബോംബറുകൾ നടത്തിയ ആക്രമണത്തിൽ നിരവധി മരണം. തുരുത്തിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ ജബലിയയിൽ യു.എൻ അഭയാർഥി ഏജൻസി നടത്തുന്ന അബൂ ഹുസൈൻ സ്കൂളാണ് ആക്രമണത്തിനിരയായത്.

ഇവിടെ ചുരുങ്ങിയത് 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. 93 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. വീടുകൾ തകർക്കപ്പെട്ട് ആയിരങ്ങൾ അഭയാർഥികളായി കഴിയുന്ന സ്കൂളാണ് മാരക ബോംബിങ്ങിൽ തകർന്നത്.

വടക്കൻ ഗസ്സയിലെ ബൈത് ലാഹിയയിലുള്ള ഇന്തോനേഷ്യ ആശുപത്രിയിലും വ്യാഴാഴ്ച വൻ ആക്രമണമുണ്ടായി. ഒരു സ്ത്രീ കൊല്ലപ്പെട്ട ഇവിടെ വൈദ്യുതി ജനറേറ്ററുകൾ, പ്രധാന പ്രവേശന കവാടം എന്നിവ ആക്രമണത്തിൽ തകർന്നു. 200ലേറെ രോഗികളും മെഡിക്കൽ ജീവനക്കാരും അഭയാർഥികളും കഴിയുന്ന ആശുപത്രിയും പൂർണമായി ഒഴിപ്പിക്കുകയാണ് ഇസ്രായേൽ. പരിസരത്ത് നടന്ന മറ്റൊരു ആക്രമണത്തിൽ ചുരുങ്ങിയത് 10 പേർ കൊല്ലപ്പെട്ടു.

തെക്കൻ ഗസ്സയിലെ ശൈഖ് നാസർ പ്രദേശത്ത് ഇസ്രായേൽ പോർവിമാനങ്ങൾ നടത്തിയ മിസൈൽ വർഷത്തിൽ അഞ്ചു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അവസാന ദിവസവും ജബലിയ, നുസൈറത്ത്, അൽമഗാസി ക്യാമ്പുകൾക്കുനേരെ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു.

ഗസ്സയിൽ ഇതോടെ മരണസംഖ്യ 14,850 ആയി. ഇതിൽ 6,150 കുട്ടികളും 4,000 ഓളം സ്ത്രീകളുമാണ്.

Tags:    
News Summary - Israel Palestine Conflict: 30 killed, 100 injured in Israeli strike on UN-run school in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.