അറസ്റ്റ് ചെയ്തേക്കുമെന്ന് പേടി; ഇസ്രായേൽ മന്ത്രി യൂറോപ്യൻ യാത്ര റദ്ദാക്കി

തെൽഅവീവ്: ഫലസ്തീൻ അനുകൂലികളിൽനിന്നും ജൂതമതവിശ്വാസികളിൽനിന്നും ബന്ദികളുടെ ബന്ധുക്കളിൽനിന്നും കടുത്ത എതിർപ്പ് നേരിടുന്ന ഇസ്രായേലിലെ തീവ്രവലതുപക്ഷ മന്ത്രി അറസ്റ്റ് ഭയന്ന് യൂറോപ്യൻ യാത്ര റദ്ദാക്കി. ഗസ്സ വംശഹത്യയിൽ യുദ്ധക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയന്നാണ് പ്രവാസി കാര്യ മന്ത്രി അമിച്ചായ് ചിക്ലി അവസാന നിമിഷം യാത്ര ഒഴിവാക്കിയത്. യൂറോപ്യൻ യൂണിയൻ പാർലമെന്റ് സംഘടിപ്പിക്കുന്ന ഹോളോകോസ്റ്റ് അനുസ്മരണ ചടങ്ങിൽ പ​ങ്കെടുക്കാനാണ് അമിച്ചായ് ചിക്ലി നാളെ ബ്രസൽസിലേക്ക് പോകാനിരുന്നത്. എന്നാൽ, ത​ന്നെ അറസ്റ്റ് ചെയ്യാൻ ഫലസ്തീൻ അനുകൂലികളും ഇസ്രായേലിലെ മിതവാദികളും കോടതി​യെ സമീപിച്ചേക്കുമെന്ന് ഭയന്നാണ് യാത്ര റദ്ദാക്കിയത്.

‘വ്യക്തമായ മുന്നറിയിപ്പുകളുടെ വെളിച്ചത്തിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ മാർഗ്ഗനിർദ്ദേശപ്രകാരമുമാണ്’ യാത്ര റദ്ദാക്കിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ചിക്ലിക്കെതിരെ അത്തരം ഭീഷണികളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചതായി ഇസ്രായേൽ രഹസ്യാന്വേഷണ സ്രോതസ്സുകളെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബെൽജിയത്തിൽ ചിക്ലിക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്ന് ബെൽജിയൻ ഉദ്യോഗസ്ഥർ ഇസ്രായേലിനെ അറിയിച്ചിരുന്നു​വെന്നും ഈ സാഹചര്യത്തിൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും മന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു.

ഫലസ്തീനികൾക്കും ലെബനാനും എതി​രെ കടുത്ത വംശീയ വിദ്വേഷ പ്രസ്താവനകൾ നടത്തുന്ന ചിക്ലി, ഗസ്സക്കാരെ അവിടെ നിന്ന് നാടുകടത്തണമെന്നും ഇല്ലാതാക്കാണമെന്നും ആഹ്വാനം ചെയ്തിരുന്നു. ഗസ്സ യുദ്ധം അവസാനിപ്പിക്കരുതെന്ന പക്ഷക്കാരനാണ് ഇയാൾ. ഗസ്സ വെടിനിർത്തൽ പൂർണാർഥത്തിൽ നടപ്പാക്കിയാൽ രാജിവെക്കുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തിരുന്നു. വംശഹത്യയെ അനുകൂലിച്ച് പ്രസംഗിക്കുന്ന മ​ന്ത്രി ജൂത സമൂഹത്തെ പ്രതിനിധീകരിക്കാൻ അനുചിതനാണെന്നും ചൂണ്ടിക്കാട്ടി ഇസ്രായേലി ബന്ദികളുടെ 41 ബന്ധുക്കളും വിവിധ രാജ്യങ്ങളിലെ ജൂത സമൂഹങ്ങളിലെ 32 നേതാക്കളും സംഘാടകർക്ക് കത്തയച്ചു.

“മന്ത്രി ചിക്ലിയുടെ തീവ്രവാദപരവും ഭിന്നിപ്പിക്കുന്നതുമായ നിലപാടുകൾ ഇസ്രായേലി പൊതുജനങ്ങളുടെയോ ആഗോള ജൂത സമൂഹങ്ങളുടെയോ മൂല്യങ്ങളെയോ ശബ്ദങ്ങളെയോ പ്രതിഫലിപ്പിക്കുന്നില്ല” -കത്തിൽ പറയുന്നു. “ഈ പരിപാടിയിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം സമ്മേളനത്തിന്റെ സുപ്രധാന സന്ദേശത്തെ ഇല്ലാതാക്കും. സെമിറ്റിക് വിരുദ്ധതയെയും വിദ്വേഷത്തെയും ചെറുക്കാനുള്ള യൂറോപ്യൻ പാർലമെന്റിന്റെ ശ്രമങ്ങളുടെ വിശ്വാസ്യതയെ ഇത് ദുർബലപ്പെടുത്തും. അദ്ദേഹത്തിന്റെ സാന്നിധ്യം ഹോളോകോസ്റ്റിന്റെ ഓർമ്മകൾക്കും നീതിയുടെയും സഹിഷ്ണുതയുടെയും തത്വങ്ങൾക്കും ഉചിതമല്ല’ -കത്തിൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - Israel Minister scrapped Brussels trip over fears arrest warrant could be issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.