വടക്കൻ ഗസ്സയിലേക്ക് മടങ്ങുന്ന ഫലസ്തീനികൾ

വടക്കൻ ഗസ്സയിലേക്ക് മടങ്ങുന്നവർക്കു നേരെ ഇസ്രായേൽ ക്രൂരത; അഞ്ചു മരണം

ഗസ്സ സിറ്റി: ഭക്ഷണവും മരുന്നും മുടക്കുകയും കെട്ടിടങ്ങളിലേറെയും ചാരമാക്കുകയും ചെയ്തിട്ടും വടക്കൻ ഗസ്സയിലേക്ക് തിരിച്ചുപോക്ക് തകൃതിയാക്കി ഫലസ്തീനികൾ. ആയിരക്കണക്കിന് പേരാണ് കൂട്ടമായി മടങ്ങുന്നത്. ഇറാൻ ഇസ്രായേലിനെതിരെ ആക്രമണം നടത്തിയ ദിനത്തിൽ മടങ്ങുന്നവരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. വടക്കൻ ഗസ്സയിൽ ഫലസ്തീനികൾക്ക് താമസം അനുവദിക്കില്ലെന്നാണ് ഇസ്രായേൽ നിലപാട്. അത് നടപ്പാക്കാൻ ഇവിടേക്കുള്ള ഭക്ഷണം പോലും സൈന്യം കടത്തി വിടുന്നില്ല. ലക്ഷക്കണക്കിന് ഫലസ്തീനികളെ കൊടുംപട്ടിണിയിലേക്ക് തള്ളിവിടുന്ന ക്രൂരതക്കെതിരെ ലോകം പ്രതിഷേധവുമായി രംഗത്തുണ്ട്.

എന്നാൽ, ഇസ്രായേൽ അന്നം മുടക്കിയാലും വടക്കൻ ഗസ്സയിലെ തങ്ങളുടെ താമസ കേന്ദ്രങ്ങൾ വിട്ടുനൽകാൻ ഒരുക്കമല്ലെന്നാണ് ഫലസ്തീനികളുടെ നിലപാട്. ഞായറാഴ്ച ആയിരങ്ങൾ കൂട്ടമായി മടങ്ങിയെങ്കിലും പിന്തിരിപ്പിക്കാൻ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇസ്രായേൽ ഗസ്സയിൽ കരയാക്രണം ആദ്യമായി തുടങ്ങിയത് വടക്കൻ ഗസ്സയിലാണ്. ഇവിടെയുള്ള ലക്ഷങ്ങളെ ആട്ടിപ്പായിച്ചായിരുന്നു ആക്രമണം. ഉടൻ ലക്ഷ്യം നേടുമെന്ന് പ്രഖ്യാപിച്ച് നടത്തിയ ആക്രമണം പക്ഷേ, മേഖലയിലെ കെട്ടിടങ്ങളിലേറെയും തകർക്കുന്നതിൽ വിജയിച്ചതൊഴിച്ചാൽ ഇപ്പോഴും ഹമാസ് ചെറുത്തുനിൽപ് തുടരുകയാണ്. ഇതിനിടെ, തത്കാല വെടിനിർത്തൽ നിലവിൽ വന്നപ്പോൾ ലക്ഷങ്ങൾ തിരിച്ചെത്തി. ഇതിന്റെ തുടർച്ചയായാണ് വീണ്ടും മടക്കം.

വടക്കൻ ഗസ്സയിലേക്ക് മടക്കം അനുവദിക്കാത്ത വെടിനിർത്തൽ ചർച്ചകൾക്കില്ലെന്നാണ് ഹമാസ് നിലപാട്. എന്നാൽ, ആളൊഴിഞ്ഞ പ്രദേശമായി നിലനിർത്തണമെന്ന് ഇസ്രായേലും ശഠിക്കുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന് തീരുമാനിച്ചാണ് പുതിയ തിരിച്ചുവരവ്. ആളുകളേറെയും കാൽനടയായാണ് കിലോമീറ്ററുകൾ നീണ്ട യാത്ര നടത്തുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. തീരദേശ റോഡ് വഴി കാറുകൾ, ട്രക്കുകൾ എന്നിവയിലും മറ്റും പോകുന്നവരുമുണ്ട്.

അതേ സമയം, തെക്കൻ ഗസ്സയെയും വടക്കിനെയും രണ്ടായി പകുത്ത് ഇസ്രായേൽ തീർത്ത സൈനിക ചെക്പോസ്റ്റ് കടക്കാനാവാതെ പലരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. ഇവിടെ നടത്തിയ വെടിവെപ്പിലാണ് നിരവധി പേർ മരിച്ചത്. അഞ്ചു മരണം സ്ഥിരീകരിച്ചതായും 23 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. വടക്കൻ ഗസ്സയിലേക്ക് മടങ്ങാൻ ഇനിയും അനുവദിക്കില്ലെന്ന ഉത്തരവും ഇസ്രായേൽ സൈന്യം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ ഏഴു ലക്ഷത്തോളം ഫലസ്തീനികളാണ് വടക്കൻ ഗസ്സയിൽനിന്ന് പുറത്താക്കപ്പെട്ട് മറ്റിടങ്ങളിൽ കഴിയുന്നത്.

Tags:    
News Summary - Israel kills at least five Palestinians returning home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.