ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ പരിക്കുപറ്റിയ ബാലനുമായി നീങ്ങുന്ന രക്ഷാപ്രവർത്തകൻ
തെൽ അവീവ്: ലോകത്തുതന്നെ ഏറ്റവും മികച്ചത് എന്ന് അവകാശപ്പെടുന്ന ഇന്റലിജൻസ് സംവിധാനങ്ങൾ പൂർണമായും പാളിയതിന്റെ അങ്കലാപ്പിലാണ് ഇസ്രായേൽ. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ കാര്യങ്ങളുടെ ചുമതലയുള്ള ‘ഷിൻ ബെത്’, അന്താരാഷ്ട്ര ചാരസംഘടന ‘മൊസാദ്’, ഏറ്റവും മികവുറ്റതും അത്യാധുനികവുമായ പ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം നിഷ്ഫലമാക്കിയായിരുന്നു ഹമാസ് ഇരച്ചുകയറ്റം. ഫലസ്തീൻ പോരാളികൾക്കിടയിലും ലബനാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ സംഘടനകൾക്കുള്ളിലും തങ്ങൾക്ക് വിവരം ചോർത്തി തരുന്നവരുണ്ടെന്ന് ഇസ്രായേൽ പലവട്ടം അവകാശപ്പെട്ടിട്ടുണ്ട്.
എതിരാളികളായ നേതാക്കളെ നോട്ടമിട്ട്, അവരുടെ ചലനങ്ങൾ ഓരോന്നും ഒപ്പിയെടുത്ത് വധിക്കുകയെന്ന പദ്ധതിയാണ് ഇസ്രായേൽ തുടർന്നുപോരുന്നത്. ഇതിനായി ഡ്രോൺ ആക്രമണം ഉൾപ്പെടെ അവർ ഉപയോഗിച്ചു. വ്യക്തികളുടെ വാഹനത്തിൽ ജി.പി.എസ് ട്രാക്കർ രഹസ്യമായി സ്ഥാപിക്കലാണ് ഇതിൽ ആദ്യ പടി. മൊബൈൽ ഫോൺ സ്ഫോടനം നടത്തിയും മൊസാദ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
അതിർത്തികളിലാകെ ആർക്കും കടക്കാനാകാത്ത വേലിയും കാമറകളും സെൻസറുകളുമാണ്. പുറമെ 24 മണിക്കൂറും സൈനിക പട്രോളിങ്ങും. ഇതെല്ലാം ഹമാസ് തകർക്കുകയായിരുന്നു. അസാധാരണമായ, മാസങ്ങൾ നീണ്ട തയാറെടുപ്പില്ലാതെ ഇത്തരമൊരു നീക്കം നടത്താനാകില്ല എന്നാണ് സൈനിക രംഗത്തെ വിദഗ്ധർ പറയുന്നത്. എന്നിട്ടും വിവരം അറിഞ്ഞില്ലെന്നത് മൊസാദ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ കാര്യക്ഷമതയെപ്പറ്റിത്തന്നെയുള്ള ചർച്ചകൾക്ക് വഴി തുറന്നു. ഇസ്രായേൽ മാധ്യമങ്ങളിലും ഇതാണ് ചർച്ച. ഈ സംഭവത്തിലുള്ള അന്വേഷണം തുടങ്ങിയെന്നും അത് പൂർണമായി അവസാനിക്കാൻ വർഷങ്ങൾ എടുത്തേക്കുമെന്നും മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ മുമ്പ് ലബനാനിലും ഗസ്സയിലും വലിയ സൈനികനീക്കങ്ങൾ നടത്തിയിട്ടുണ്ട്. അത് യുദ്ധങ്ങൾ തന്നെയായിരുന്നെങ്കിലും ഔപചാരിക പ്രഖ്യാപനം ഉണ്ടായിരുന്നില്ല. പുതിയ പ്രഖ്യാപനം ഹമാസിനെതിരെ തുറന്ന സൈനിക നടപടികൾക്കുള്ള പച്ചക്കൊടിയാണ്. എന്നാൽ, ഗസ്സയിലേക്ക് ഇസ്രായേൽ കരമാർഗം ആക്രമണം നടത്തുമോ, ഉണ്ടെങ്കിൽ അതിന്റെ തീവ്രത തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. മുൻകാലങ്ങളിലുണ്ടായ ഇത്തരം നടപടികൾ കനത്ത നാശമുണ്ടാക്കിയിരുന്നു.
ന്യൂയോർക്: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ ഇസ്രായേലിനും ഫലസ്തീനിനും പിന്തുണയുമായി വിവിധ ഗ്രൂപ്പുകൾ യു.എസിലുടനീളം റാലികൾ സംഘടിപ്പിച്ചു. ന്യൂയോർക് സിറ്റിയിൽ യു.എൻ വളപ്പിന് സമീപം ഇരുപക്ഷത്തുമുള്ളവർ തമ്മിൽ തർക്കമുണ്ടാവുകയും ഏറ്റുമുട്ടലിന്റെ വക്കിലെത്തുകയും ചെയ്തു. അറ്റ്ലാന്റ്, ഷികാഗോ ഇസ്രായേൽ കോൺസുലേറ്റുകൾക്കുമുന്നിൽ ഫലസ്തീൻ വേരുകളുള്ള അമേരിക്കക്കാർ പ്രതിഷേധമുയർത്തി. സാൻഫ്രാൻസിസ്കോയിൽ ഇസ്രായേലിനെ പിന്തുണച്ച് നടന്ന ജൂതസംഗമത്തിന് മുൻ സ്പീക്കർ നാൻസി പെലോസി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.