ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തിയതായി യു.എൻ അന്വേഷണ കമീഷൻ

യുനൈറ്റഡ് നാഷൻസ്: ഗസ്സയിൽ ഇസ്രായേൽ ഫലസ്തീനികൾക്കെതിരെ വംശഹത്യ നടത്തിയതായി ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമീഷൻ. 1948ലെ വംശഹത്യ കൺവെൻഷൻ നിർവചിച്ചിരിക്കുന്ന അഞ്ച് വംശഹത്യാ മാനദണ്ഡങ്ങളിൽ നാലെണ്ണം ഇസ്രായേലി അധികാരികളും സുരക്ഷാ സേനയും ഒരു ദേശീയ, വംശീയ, അല്ലെങ്കിൽ മതപരമായ സംഘത്തിനെതിരെ ചെയ്തിട്ടുണ്ടെന്നും ഇ​പ്പോഴും ചെയ്യുന്നുണ്ടെന്നും 72 പേജുള്ള രേഖ ആരോപിക്കുന്നു.

സാധാരണക്കാർക്കും സംരക്ഷിത വസ്തുക്കൾക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണങ്ങളിലൂടെ ഒരു ജനവിഭാഗത്തിന് ഗുരുതരമായ ശാരീരികമോ മാനസികമോ ആയ ദോഷം വരുത്തുക, തടവുകാരോട് കഠിനതരമായ പെരുമാറ്റം, നിർബന്ധിത സ്ഥലംമാറ്റം, പരിസ്ഥിതി നാശം എന്നിവയാണവ.

2023 ഒക്ടോബർ 7ന് ഹമാസും മറ്റ് ഫലസ്തീൻ സായുധ ഗ്രൂപ്പുകളും യുദ്ധക്കുറ്റങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെ മറ്റ് ഗുരുതരമായ ലംഘനങ്ങളും നടത്തിയതായും ഇസ്രായേൽ സുരക്ഷാ സേന ഗസ്സയിൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും നടത്തിയതായും കമീഷൻ നേരത്തെ നിഗമനത്തിലെത്തിയിരുന്നു. യുദ്ധത്തെക്കുറിച്ചുള്ള ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ശക്തവും ആധികാരികവുമായ കണ്ടെത്തലിന്റെ ഏറ്റവും പുതിയ റിപ്പോർട്ടാണിപ്പോൾ പുറത്തുവിട്ടതെന്ന് കമീഷൻ പറഞ്ഞു.

ഫലസ്തീനികൾക്കാവശ്യമായ ഘടനകളും ഭൂമിയും നശിപ്പിച്ചുകൊണ്ട് പൂർണ്ണമായോ ഭാഗികമായോ നാശത്തിന് കാരണമാകുന്ന ജീവിത സാഹചര്യങ്ങൾ മനഃപൂർവ്വം സൃഷ്ടിക്കുക, മെഡിക്കൽ സേവനങ്ങളിലേക്കുള്ള പ്രവേശനം നശിപ്പിക്കുകയും നിഷേധിക്കുകയും ചെയ്യുക, നിർബന്ധിത സ്ഥലംമാറ്റം, അവശ്യ സഹായമായ വെള്ളം, വൈദ്യുതി, ഇന്ധനം എന്നിവ എത്തുന്നത് തടയുക, കുട്ടികളെ ഗുരുതരമായി ബാധിക്കുന്ന പ്രത്യേക സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നിവയെല്ലാം ഇസ്രായേൽ സൈന്യം ഗസ്സയിൽ ചെയ്തുകൂട്ടിയിട്ടുണ്ട്. 2023 ഡിസംബറിൽ ഗസ്സയിലെ ഏറ്റവും വലിയ ഫെർട്ടിലിറ്റി ക്ലിനിക്കിൽ നടന്ന ആക്രമണത്തിലൂടെ ജനനം തടയാൻ ഉദ്ദേശിച്ചുള്ള നടപടികൾ അടിച്ചേൽപ്പിച്ചു. ഏകദേശം 4,000 ഭ്രൂണങ്ങളും 1,000 ബീജ സാമ്പിളുകളും ബീജസങ്കലനം ചെയ്യാത്ത അണ്ഡങ്ങളും നശിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

ഇസ്രായേൽ നേതാക്കളുടെ പ്രസ്താവനകൾ വിശകലനം ചെയ്ത കമീഷൻ, പ്രസിഡന്റ് ഐസക് ഹെർസോഗ്, പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവർ വംശഹത്യയ്ക്ക് പ്രേരിപ്പിച്ചു’ എന്നും ആരോപിക്കുന്നു. ഗസ്സയിലെ ഇസ്രായേലി അധികാരികളുടെയും സുരക്ഷാ സേനയുടെയും പെരുമാറ്റരീതിയിൽ നിന്ന് വംശഹത്യയുടെ ഉദ്ദേശ്യമാണ് മനസ്സിലാക്കാൻ കഴിയുന്നത് എന്നും അത് പറയുന്നു.

കനത്ത ആയുധങ്ങൾ ഉപയോഗിച്ച് നിരവധി ഫലസ്തീനികളെ മനഃപൂർവ്വം കൊല്ലുകയും ഗുരുതരമായി ദ്രോഹിക്കുകയും ചെയ്യുക, മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ കേന്ദ്രങ്ങളിൽ വ്യവസ്ഥാപിതവും വ്യാപകവുമായ ആക്രമണങ്ങൾ നടത്തുക, ഗസ്സയിൽ ഉപരോധം ഏർപ്പെടുത്തുക, അവിടുത്തെ ജനങ്ങളെ പട്ടിണിയിലാക്കുക എന്നിവ പെരുമാറ്റരീതിയിൽ ഉൾപ്പെടുന്നുവെന്ന് കമീഷൻ പറയുന്നു.

ഇസ്രായേൽ രാഷ്ട്രീയ, സൈനിക നേതാക്കളുടെ പ്രവൃത്തികൾ ഇസ്രായേൽ രാഷ്ട്രത്തിന്റേതാണെന്ന് കമീഷൻ പറയുന്നു. അതിനാൽ വംശഹത്യ തടയുന്നതിൽ പരാജയപ്പെട്ടതിന്റെയും, വംശഹത്യ കമീഷൻ ചെയ്തതിന്റെയും, വംശഹത്യ നടത്തിയവരെ ശിക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിന്റെയും ഉത്തരവാദിത്തം അതേ രാഷ്ട്രത്തിനാണെന്നും കമീഷൻ വാദിച്ചു.

അന്താരാഷ്ട്ര മാനുഷിക, മനുഷ്യാവകാശ നിയമങ്ങളുടെ എല്ലാ ലംഘനങ്ങളും അന്വേഷിക്കുന്നതിനായി 2021ലാണ് യു.എൻ മനുഷ്യാവകാശ കൗൺസിൽ, അധിനിവേശ ഫലസ്തീൻ പ്രദേശത്തെക്കുറിച്ചുള്ള സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമീഷൻ സ്ഥാപിച്ചത്. റുവാണ്ടയിലെ വംശഹത്യയെക്കുറിച്ചുള്ള അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ പ്രസിഡന്റായിരുന്ന ദക്ഷിണാഫ്രിക്കൻ മുൻ യു.എൻ മനുഷ്യാവകാശ മേധാവി നവി പിള്ളയാണ് മൂന്നംഗ വിദഗ്ദ്ധ പാനലിന്റെ അധ്യക്ഷ. ആസ്‌ട്രേലിയൻ മനുഷ്യാവകാശ അഭിഭാഷകനായ ക്രിസ് സിഡോട്ടിയും ഭവന, ഭൂമി അവകാശങ്ങളെക്കുറിച്ചുള്ള ഇന്ത്യൻ വിദഗ്ദ്ധനായ മിലൂൺ കോത്താരിയുമാണ് മറ്റ് രണ്ട് അംഗങ്ങൾ.

എന്നാൽ, ‘വികലവും വ്യാജവും’ എന്ന് അപലപിച്ച് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം റിപ്പോർട്ട് നിരസിച്ചു. കമീഷനിലെ മൂന്ന് വിദഗ്ധരും ‘ഹമാസ് പ്രോക്സികളായി’ പ്രവർത്തിക്കുന്നുണ്ടെന്നും ‘മറ്റുള്ളവർ വ്യാജമായി നിർമിച്ചതും ആവർത്തിച്ചതുമായ’ ഹമാസ് റിപ്പോർട്ടുകളെയാണ് പൂർണ്ണമായും ആശ്രയിക്കുന്നതെന്നും ഇസ്രായേൽ ആരോപിച്ചു. ഒരു ഇസ്രായേലി സൈനിക ഉദ്യോഗസ്ഥൻ റിപ്പോർട്ട് ‘അടിസ്ഥാനരഹിതം’ എന്ന് തള്ളിക്കളഞ്ഞു. 

2023 ഒക്ടോബർ 7നുശേഷം ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 64,905 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഗസ്സാ ആരോഗ്യ മന്ത്രാലയം പറയുന്നു. ഭൂരിഭാഗം ഫലസ്തീനികളും ആവർത്തിച്ച് കുടിയിറക്കപ്പെട്ടു. 90ശതമാനത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായോ നശിപ്പിക്കപ്പെട്ടതായോ കണക്കാക്കപ്പെടുന്നു. ആരോഗ്യ സംരക്ഷണം, വെള്ളം, ശുചിത്വ സംവിധാനങ്ങൾ എല്ലാം തകർന്നു. ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഭക്ഷ്യസുരക്ഷാ വിദഗ്ധർ ഗസ്സ നഗരത്തിൽ ക്ഷാമം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 


Tags:    
News Summary - Israel has committed genocide in Gaza, UN commission of inquiry says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.