[File: Mohammed Abed/AFP]
ഗസ്സ സിറ്റി: ഗസ്സയിൽ ആക്രമണം രൂക്ഷമാക്കിയ ഇസ്രായേൽ ഉടനൊന്നും ഇത് അവസാനിപ്പിക്കാൻ തയാറല്ലെന്ന് സൂചന നൽകി. ഹമാസിനെതിരായ ആക്രമണം ആഴ്ചകളോ മാസങ്ങളോ നീണ്ടേക്കാമെന്നാണ് ഇസ്രായേൽ പറയുന്നത്. അതേസമയം, ഗസ്സയിൽ വെടിനിർത്തലിന് അന്താരാഷ്ട്രതലത്തിൽ ആവശ്യമുയരവെ, ഇസ്രായേലും അമേരിക്കയും കൂടുതൽ ഒറ്റപ്പെടുന്ന സ്ഥിതിയാണ്.
വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് സംസാരിക്കവേ, യുദ്ധം എന്ന് അവസാനിക്കുമെന്ന് കൃത്യമായി പറയാൻ ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് തയാറായില്ല. നിലവിലെ കരയുദ്ധവും വ്യോമാക്രമണവും ആഴ്ചകൾ തുടരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. തുടർന്നുള്ള സൈനിക നടപടികൾ മാസങ്ങളോളം തുടർന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിെന്റ അടുത്തഘട്ടം തീവ്രത കുറഞ്ഞ രീതിയിൽ പ്രധാന ചെറുത്തുനിൽപ് കേന്ദ്രങ്ങളിൽ മാത്രമായി ചുരുക്കും. ഗസ്സയുടെ സുരക്ഷ നിയന്ത്രണം അനിശ്ചിതമായി ഇസ്രായേൽ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഗസ്സയുടെ ചെറിയ പ്രദേശത്തുപോലും ഹമാസിനെ അധികാരത്തിൽ നിലനിർത്തി വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് അവർ വിജയിച്ചുവെന്ന പ്രതീതിയാണുണ്ടാക്കുകയെന്നാണ് ഇസ്രായേലും യു.എസും പറയുന്ന വാദം.
ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ഇസ്രായേൽ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 18,000ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഗസ്സയിലെ 23 ലക്ഷത്തോളം വരുന്ന ജനങ്ങളിൽ 80 ശതമാനവും വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തു.
വടക്കൻ ഗസ്സ ഏതാണ്ട് പൂർണമായി തകർന്നുകഴിഞ്ഞു. തെക്കൻ ഗസ്സയിലെ അനുദിനം ശോഷിച്ചുവരുന്ന രക്ഷാതുരുത്തുകളിലേക്ക് ആയിരക്കണക്കിനാളുകളാണ് പലായനം ചെയ്യുന്നത്. ഗസ്സയിലെ മിക്ക ഭാഗങ്ങളിലും ആരോഗ്യപരിപാലന സംവിധാനവും ജീവകാരുണ്യ പ്രവർത്തനങ്ങളും നിശ്ചലമായിരിക്കുകയാണ്.
പരിധിയിലധികം ആളുകൾ താമസിക്കുന്ന അഭയകേന്ദ്രങ്ങളിലും തമ്പുകളിലും പട്ടിണിയും രോഗവ്യാപനവുമുണ്ടാകുമെന്ന് സന്നദ്ധപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ജനങ്ങളോട് അഭയംതേടാൻ നിർദേശിച്ച കെട്ടിടത്തിനുനേരെ തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
മധ്യ ഗസ്സയിലെ അൽഅഖ്സ മാർട്ടിയേഴ്സ് ആശുപത്രിയിൽ കഴിഞ്ഞദിവസം രാത്രിയിൽ കൊല്ലപ്പെട്ട 33 പേരുടെ മൃതദേഹങ്ങൾ എത്തിച്ചു. 16 സ്ത്രീകളും നാല് കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
മഖാസി അഭയാർഥി ക്യാമ്പിലെ കെട്ടിടങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിലാണ് ഇവരിൽ പലരും കൊല്ലപ്പെട്ടത്. തിങ്കളാഴ്ച അൽ അവ്ദ ആശുപത്രിക്കു നേരെയുണ്ടായ വെടിവെപ്പിൽ സർജന് പരിക്കേറ്റതായി സന്നദ്ധ സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പറഞ്ഞു. ഇസ്രായേൽ സൈന്യം ഇതിനോട് പ്രതികരിച്ചിട്ടില്ല.
അതിനിടെ, ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ചൊവ്വാഴ്ച വൈകീട്ട് യു.എൻ പൊതുസഭയുടെ പരിഗണനക്ക് വന്നു. കഴിഞ്ഞ ദിവസം രക്ഷാസമിതിയിൽ അവതരിപ്പിച്ച സമാന പ്രമേയം അമേരിക്ക വീറ്റോ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.