ഗസ്സ സിറ്റി: ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യം വെടിവെപ്പും അക്രമവും തുടരുന്നു. ആശുപത്രിയിലെ മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും സംഭരണശാല ഇസ്രായേൽ സൈന്യം തകർത്തു. ഒഴിഞ്ഞുപോകണമെന്ന് ഡോക്ടർമാരെ ഭീഷണിപ്പെടുത്തി.
ആശുപത്രിയിൽ അഭയം തേടിയവരെ അറസ്റ്റ് ചെയ്തു. പുറത്തേക്ക് കൊണ്ടുപോയ 30 ഓളം പേരെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി കണ്ണുകൾ മൂടിക്കെട്ടി ആശുപത്രി മുറ്റത്ത് നിർത്തി. ആശുപത്രിക്കുള്ളിൽ ആക്രമണത്തെ തുടർന്ന് പുറത്തേക്ക് ഓടുമ്പോൾ, പുറത്ത് കാത്തുനിന്നും ജനത്തിനുനേർക്ക് വെടിവെപ്പ് നടത്തുകയാണ്.
എല്ലാ ദിശകളിൽ നിന്നും ഇസ്രായേൽ സൈനിക ടാങ്കുകൾ അൽ ശിഫ ആശുപത്രിയെ വളഞ്ഞിരിക്കുകയാണ്. തീവ്രമായ ഷെല്ലാക്രമണവും നടത്തുന്നുണ്ട്.
രോഗികളെ തെരുവുകളിലേക്ക് ഇറക്കി വിടില്ലെന്ന് ആശുപത്രി അഡ്മിനിസ്ട്രേഷൻ അറിയിച്ചു. സുരക്ഷിതമായ മാനുഷിക ഇടനാഴിയിലൂടെ രോഗികളുടെ ആരോഗ്യം പരിഗണിച്ച് മാത്രമേ ഒഴിപ്പിക്കൽ നടത്തൂവെന്ന് ആശുപത്രി ഡയറക്ടർ അറിയിച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫക്കുനേരെയുള്ള ഇസ്രായേൽ ആക്രമണത്തിന്‍റെ പൂർണ ഉത്തരവാദിത്തം അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണെന്ന് ഹമാസ്. അൽ ശിഫ ആശുപത്രിക്ക് താഴെ ഹമാസിന്‍റെ കമാൻഡിങ് സെന്റർ പ്രവർത്തിക്കുന്നുണ്ടെന്ന ഇസ്രയേലിന്റെ അവകാശവാദം യു.എസ് രഹസ്യാന്വേഷണ വൃത്തങ്ങൾ ശരിവെക്കുന്നതായി വൈറ്റ് ഹൗസ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഹമാസിന്‍റെ പ്രസ്താവന വന്നത്. അൽ ശിഫ മെഡിക്കൽ കോംപ്ലക്‌സിനെ ഹമാസ് ഉപയോഗിക്കുകയാണെന്ന തെറ്റായ അവകാശവാദം വൈറ്റ് ഹൗസും പെന്റഗണും സ്വീകരിച്ചത് ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന് പച്ചക്കൊടി കാട്ടിയിരിക്കുന്നെന്ന് പ്രസ്താവനയിൽ പറയുന്നു.
വൈദ്യുതി മുടക്കിയും ബോംബിട്ടും അൽ ശിഫയിൽ ഇസ്രായേൽ കൊന്നൊടുക്കിയ 179 ഫലസ്തീനികളെ ആശുപത്രിവളപ്പിൽതന്നെ ഇന്നലെ കൂട്ടക്കുഴിമാടമൊരുക്കി ഖബറടക്കിയിരുന്നു. ഇന്ധനം തീർന്നതിനെ തുടർന്ന് ഇൻകുബേറ്ററിൽ കഴിഞ്ഞിരുന്ന ഏഴ് നവജാത ശിശുക്കളും അത്യാഹിത വിഭാഗത്തിലെ 29 രോഗികളും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. ബോംബിങ്ങിലും വെടിവെപ്പിലും കൊല്ലപ്പെട്ടവരുടേതടക്കമുള്ള മൃതദേഹങ്ങൾ സംസ്കരിക്കാനാകാതെ ആശുപത്രി വളപ്പിൽ അഴുകിയ നിലയിലായിരുന്നു. ഇവ പുറത്തേക്കു മാറ്റാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ആശുപത്രി വളപ്പിൽ തന്നെ ഖബറിടമൊരുക്കിയതെന്ന് അൽ ശിഫ ഡയറക്ടർ മുഹമ്മദ് അബൂ സാൽമിയ പറഞ്ഞു. കനത്ത മഴക്കിടെ ആശുപത്രി മുറ്റത്തുതന്നെ മയ്യിത്ത് നമസ്കാരം നിർവഹിച്ചാണ് ഖബറടക്കം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.