ഗസ്സയിൽ മുസ്ത- ഹാഫിസ് സ്കൂളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുന്നവർ
ഗസ്സ സിറ്റി: വീടും വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ട് സ്കൂളിൽ അഭയം തേടിയവർക്ക് മേൽ വീണ്ടും അധിനിവേശ സേനയുടെ കൊടുംക്രൂരത. ചൊവ്വാഴ്ച ഇസ്രായേൽ സേന സ്കൂളിൽ നടത്തിയ വ്യോമാക്രമണത്തിൽ 10 ഫലസ്തീനികൾ കൊല്ലപ്പെട്ടു.
രണ്ട് കുട്ടികളും സ്ത്രീകളുമുൾപ്പെടെയാണ് കൊല്ലപ്പെട്ടത്. 15 പേർക്ക് പരിക്കേറ്റതായും ഗസ്സ സിവിൽ ഡിഫൻസ് ഏജൻസി വക്താവ് മഹ്മൂദ് ബസ്സൽ പറഞ്ഞു. ആയിരക്കണക്കിന് അഭയാർഥികൾ താമസിക്കുന്ന മുസ്ത- ഹാഫിസ് സ്കൂളിന് മേലാണ് യുദ്ധ വിമാനങ്ങൾ ബോംബിട്ടത്. കെട്ടിടത്തിന്റെ രണ്ടാമത്തെ നില ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ഹമാസ് പോരാളികളെ ലക്ഷ്യമിട്ടാണ് സ്കൂളിനു നേരെ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. അതേസമയം, സ്കൂളുകളും ആശുപത്രികളും സൈനിക ആവശ്യത്തിന് ഉപയോഗിക്കുകയാണെന്ന് ഇസ്രായേലിന്റെ ആരോപണം ഹമാസ് നിഷേധിച്ചു.
10 മാസമായി ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40,173 കവിഞ്ഞു. 92,857 പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.