ഫലസ്തീനി തടവുകാരനെ ക്രൂരമായി പീഡിപ്പിക്കുന്ന വിഡിയോ: ഇസ്രായേൽ മുൻ സൈനിക പ്രോസിക്യൂട്ടർ പിടിയിൽ

ടെൽ അവീവ്: ഫലസ്തീനി തടവുകാരനെ ക്രൂരമായി പീഡിപ്പിക്കുന്ന വിഡിയോ പുറത്തുവിട്ട സംഭവത്തിൽ മുൻ സൈനിക പ്രോസിക്യൂട്ടറെ അറസ്റ്റ് ചെയ്ത് ഇസ്രായേൽ ​പൊലീസ്. മേജർ ജനറൽ യിഫാത് തോമർ യെറുഷൽമിയെയാണ് തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്.

ഇസ്രായേലി ജയിലുകളിൽ ഫലസ്തീനികൾക്കു നേരെ അരങ്ങേറുന്ന കൊടും പീഡനത്തിന്റെ നേരിട്ടുള്ള ദൃശ്യങ്ങളടങ്ങിയ വിഡിയോ പുറത്തെത്തിയത് നെതന്യാഹു സർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പദവി രാജിവെച്ച് ഒളിവിൽ പോയ തോമർ യെറുഷൽമിക്കായി പൊലീസ് വല വിരിച്ചിരുന്നു.

കഴിഞ്ഞ വർഷമാണ് വിഡിയോ മാധ്യമങ്ങൾക്ക് നൽകിയതെന്ന് അവർ സമ്മതിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ അഞ്ച് റിസർവ് സൈനികർക്കെതിരെ കുറ്റം ചുമത്തിയിരുന്നു. 

അതേസമയം, കഴിഞ്ഞ ദിവസം ഹമാസ് വിട്ടുനൽകിയ മൂന്ന് മൃതദേഹങ്ങൾ 2023 ഒക്ടോബർ ഏഴിനുണ്ടായ ആക്രമണത്തിൽ കൊല്ല​പ്പെട്ട സൈനികരുടേതാണെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു.

തെക്കൻ ഗസ്സയിൽ നടന്ന ആക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. പിന്നീട്, ഇവരുടെ മൃതദേഹങ്ങൾ ഗസ്സയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അമേരിക്കൻ -ഇസ്രായേലി സൈനികൻ ക്യാപ്റ്റൻ ഒമർ ന്യൂട്ര, സ്റ്റാഫ് സെർജന്റ് ഒസ് ഡാനിയൽ, കേണൽ അസഫ് ഹമാമി എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചതെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവി​െന്റ ഓഫീസ് സ്ഥിരീകരിച്ചു.

തെക്കൻ ഗസ്സയിലെ തുരങ്കത്തിൽ ഞായറാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഹമാസ് പ്രസ്താവനയിൽ അറിയിച്ചിരുന്നു. കഴിഞ്ഞമാസം 10ന് വെടിനിർത്തൽ നിലവിൽ വന്നശേഷം 20 ബന്ദികളുടെ മൃതദേഹങ്ങളാണ് വിട്ടുനൽകിയത്. എട്ടുപേരുടെ മൃതദേഹങ്ങൾ ഇനിയും ലഭിക്കാനുണ്ട്.

അതേസമയം, 45 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ കൈമാറിയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ ലഭിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് സാഹിർ അൽ വാഹിദി പറഞ്ഞു.

Tags:    
News Summary - Israel arrests ex-army lawyer over leaked video showing Palestinian’s abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.