ടെൽ അവീവ്: ഗസ്സയിൽ വംശഹത്യാ യുദ്ധം മുന്നോട്ടു കൊണ്ടുപോവുന്നതിനുള്ള സൂചന നൽകി ഇസ്രായേൽ അടുത്ത വർഷത്തേക്ക് 3400 കോടി ഡോളറിന്റെ സൈനിക ബജറ്റ് അംഗീകരിച്ചു. ഇത് നേരത്തെ ആദ്യം ആസൂത്രണം ചെയ്ത 2700കോടി ഡോളറിൽ നിന്നും വർധനവ് കാണിക്കുന്നു. ഒക്ടോബർ 10 ന് വെടിനിർത്തൽ കരാറിലെത്തിയിട്ടും ഗസ്സയിൽ തുടർച്ചയായുള്ള സൈനിക പ്രവർത്തനങ്ങൾക്കിടയിലാണ് ഈ വർധനവ്.
അതിനിടെ, ഗസ്സയിലെ തെക്കൻ നഗരമായ ഖാൻ യൂനിസിന്റെ കിഴക്കും വടക്കുകിഴക്കൻ പ്രദേശങ്ങളും വീണ്ടും ഇസ്രായേലി പീരങ്കി ഷെല്ലാക്രമണത്തിനും, വെടിവെപ്പിനും, ഹെലികോപ്ടർ ആക്രമണത്തിനും വിധേയമായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് വീണ്ടും പൂർണ തോതിലുള്ള വംശഹത്യാ യുദ്ധം പുനഃരാരംഭിക്കാനുള്ള സാധ്യതയുണ്ടെന്ന് ഭയപ്പെടുത്തുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ ലംഘനങ്ങൾ പുതുക്കിയതും കൂടുതൽ തീവ്രവുമായ ആക്രമണത്തിലേക്ക് നയിച്ചേക്കാമെന്ന കടുത്ത ആശങ്കയിലാണ് ഗസ്സക്കാർ.
അതേസമയം, ഗസ്സ വിമത മിലിഷ്യ നേതാവായ യാസർ അബു ഷബാബിന്റെ കൊലപാതകം ഇസ്രായേലി മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഫലസ്തീൻ എൻക്ലേവിൽ മുമ്പ് അധികം അറിയപ്പെടാത്ത അബു ഷബാബ് ഗസ്സയിലെ ഇസ്രായേൽ നിയന്ത്രിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന 100ലേറെ അംഗങ്ങൾ ഉൾപ്പെടുന്ന ‘പോപ്പുലർ ഫോഴ്‌സ്’ എന്ന സായുധ സായുധ സംഘത്തിന്റെ നേതാവായി മാറിയത് കഴിഞ്ഞ വർഷമാണ്. ഇയാൾക്ക് വാഹനവും പണവും ആയുധങ്ങളുമായി ഇസ്രായേലിന്റെ സഹായം ലഭിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.