തെൽ അവീവ്: ഇറാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം നടത്തിയെന്ന വാർത്തകൾക്ക് പിന്നാലെ ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവ് ലക്ഷ്യമാക്കി ഇറാന്റെ തിരിച്ചടി. തുടർച്ചയായി നിരവധി മിസൈലുകളും ഡ്രോണുകളും വർഷിച്ചു. ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചു. തെൽ അവീവിൽ സ്ഫോടനങ്ങളുണ്ടായെന്ന വാർത്തയാണ് പുറത്തുവരുന്നത്.
അതിനിടെ, ഇറാന് പിന്തുണയുമായി ഹൂതികൾ തൊടുത്ത മിസൈൽ ഇസ്രായേലിലെ ഹെബ്രോണിൽ പതിച്ചു. കൂടുതൽ ആക്രമണം പ്രതീക്ഷിച്ച് ഇറാൻ വ്യോമ പ്രതിരോധ സംവിധാനം സജീവമാക്കി.
ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും വ്യക്തമായ നിർദേശം ലഭിക്കാതെ പുറത്തിറങ്ങാൻ പാടില്ലെന്നും ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷം കൂടുതൽ വഷളാക്കിയാണ് ഇസ്രായേൽ ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലും സൈനിക നേതൃകേന്ദ്രങ്ങളിലും ശക്തമായ വ്യോമാക്രമണം നടത്തിയത്.
ഇരുന്നൂറോളം യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ വെള്ളിയാഴ്ച പുലർച്ചയും പകലും രാത്രിയുമായി നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക് റെവലൂഷനറി ഗാർഡ് തലവൻ മേജർ ജനറൽ ഹുസൈൻ സലാമി, സായുധസേന മേധാവി ജനറൽ മുഹമ്മദ് ബാഖിരി, മുതിർന്ന ആണവ ശാസ്ത്രജ്ഞനും ആസാദ് ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രസിഡന്റുമായ മുഹമ്മദ് മഹ്ദി തെഹ്റാൻശി, ആണവ ശാസ്ത്രജ്ഞനും ഇറാൻ അറ്റോമിക് എനർജി ഓർഗനൈസേഷൻ തലവനുമായ ഫരീദൂൻ അബ്ബാസി, റെവലൂഷനറി ഗാർഡ് മിസൈൽ പദ്ധതി മേധാവി ജനറൽ അമീർ അലി ഹാജിസാദ, ഖാതമുൽ അൻബിയ ബ്രിഗേഡ് തലവൻ ഗുലാം അലി റാശിദ് എന്നീ പ്രമുഖരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.