മസ്ജിദ് അൽ അഖ്സ

പെരുന്നാളിന് വിശ്വാസികളുടെ തക്ബീർ ധ്വനികളില്ലാതെ മസ്ജിദ് അൽ അഖ്സ; 60 വർഷത്തിന് ശേഷം ആദ്യമായി ഇസ്രായേൽ അടച്ചുപൂട്ടി

ജറൂസലം/ഗാസ: ചോരയുറയാത്ത അന്തരീക്ഷത്തിൽ അങ്ങേയറ്റം വേദന നിറഞ്ഞ പെരുന്നാൾ ദിവസമായിരുന്നു ഗാസയിലെ വിശ്വാസികൾക്ക്. ഈമാനിന്‍റെ നെടുംതൂണായി ഹൃദയത്തിൽ പരിചരിച്ചുപോരുന്ന മസ്ജിദുൽ അഖ്സയുടെ അകത്തളങ്ങളിൽ ഈ പെരുന്നാളിന് മധുരമൂറുന്ന തക്ബീറിന്റെ അലയൊലി കേട്ടില്ല. ഹൃദയം പൊട്ടുന്ന നോവോടെ ഖുദ്സിന്റെ ഓരങ്ങളിലും ഇസ്രായേൽ ബാരിക്കേഡിന്റെ പിന്നിലുമായി അവർ പെരുന്നാൾ നമസ്കാരം നിർവഹിച്ചു.

1967ന് ശേഷം ആദ്യമായാണ് പരിശുദ്ധമായ മസ്ജിദ് അൽ അഖ്സ പെരുന്നാൾ ദിനത്തിൽ അടച്ചുപൂട്ടിയത്. വ്രതശുദ്ധിയിൽ ആനന്ദ ദിനം ഭക്തിസാന്ദ്രമാക്കാനെത്തിയ വിശ്വാസികൾക്കുമേലുള്ള ഇസ്രായേലിന്റെ ഈ നടപടി മുസ് ലിം ലോകത്തെയാകെ ഞെട്ടിച്ചു. പ്രിയപ്പെട്ടവരുടെ വേർപാടും പട്ടിണിയും ഇസ്രായേൽ അതിക്രമങ്ങളും സൃഷ്ടിച്ച മുറിവുകളുമായി ഫലസ്തീനികൾ ഈദ് ആഘോഷിച്ചപ്പോൾ, ജെറൂസലമിലെ തെരുവുകളിൽ പ്രാർഥനയ്ക്ക് പോലും അനുവാദമില്ലാതെ വിശ്വാസികൾ കണ്ണീർ പൊഴിക്കുകയായിരുന്നു.

തക്ബീർ ധ്വനി മുഴങ്ങാത്ത അൽ അഖ്സ

ഇറാനുമായുള്ള യുദ്ധസാഹചര്യം ചൂണ്ടിക്കാട്ടി ഫെബ്രുവരി മുതൽ തന്നെ പള്ളിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു ഇസ്രായേൽ. എന്നാൽ, പെരുന്നാൾ ദിനം പുലർച്ച മുതൽ പഴയ നഗരത്തിലേക്കുള്ള പാതകളെല്ലാം ഇസ്രായേൽ ബാരിക്കേഡുകൾവെച്ച് തടയുകയും യാതൊരു മുന്നറിയിപ്പുമില്ലാതെ പള്ളി പൂർണമായും അടച്ചിടുകയും ചെയ്തു. ഇതോടെ ആയിരക്കണക്കിന് വിശ്വാസികൾ നഗരത്തിനുപുറത്തുള്ള തെരുവുകളിൽ മുസ്വല്ല വിരിച്ചാണ് നമസ്കരിച്ചത്.

"എന്റെ കുട്ടിക്കാലം മുതൽ കണ്ടുശീലിച്ചതാണ് അൽ-അഖ്സയിലെ പെരുന്നാൾ. ഈ പെരുന്നാൾ ദിനം ജെറൂസലമിലെ മുസ് ലിംകളെ സംബന്ധിച്ച് ഏറ്റവും ദുഃഖകരമായ ദിവസമാണ്" -48 കാരനായ ഹസൻ ബുൾബുൾ വിതുമ്പലോടെ പ്രതികരിച്ചതിങ്ങനെയാണ്.

ഹെറോദ് ഗേറ്റിന് പ്രാർഥനക്കായി ഒരുമിച്ചുകൂടിയവർക്കുനേരെ ഇസ്രായേൽ സൈന്യം സ്റ്റൺ ഗ്രനേഡുകൾ കൊണ്ട് നിറയൊഴുക്കുകയും നിരപരാധികളായ ഫലസ്തീനികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഇസ്രായേൽ നടപടിക്കെതിരെ അറബ് ലീഗ്, ഒ.ഐ.സി, ആഫ്രിക്കൻ യൂനിയൻ എന്നിവർ സംയുക്തമായി രംഗത്തെത്തി. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രായേൽ നടത്തുന്നതെന്നും ആരാധന സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം മേഖലയിൽ വലിയ സംഘർഷങ്ങൾക്ക് വഴിവെക്കുമെന്നും അന്താരാഷ്ട്ര സംഘടനകളും രാഷ്രങ്ങളും മുന്നറിയിപ്പ് നൽകി. അൽ അഖ്സയുടെ ചരിത്രപരമായ പദവി തകർക്കാനുള്ള നീക്കമാണിതെന്ന് ഫലസ്തീൻ നേതാക്കൾ ആരോപിച്ചു.

പെരുന്നാൾ ദിനത്തിൽ ജെറൂസലമിലെ പഴയ നഗരത്തിൽ ഇറാൻ മിസൈൽ ഇസ്രായേൽ തകർത്തതിനെ തുടർന്നുണ്ടായ സ്ഫോടനശബ്ദം പരിഭ്രാന്തി പരത്തി. വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നതോടെ നഗരങ്ങളെല്ലാം ശ്മശാനമൂകമായി. ഒരു വശത്ത് ഇസ്രായേലിന്റെ ഉരുക്കുമുഷ്ടിയും മറുവശത്ത് തീരാത്ത വിലാപങ്ങളുമായി ഇത്തവണയും അതിജീവനത്തിന്റെ പെരുന്നാൾ സുദിനമായിരുന്നു ഫലസ്തീൻ ജനതക്ക്.

Tags:    
News Summary - Israel; Al-Aqsa Mosque without the sounds of Takbir from believers on Eid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.