ഭൂമിയിൽ എത്ര മനുഷ്യരുണ്ട്? ഈ ചോദ്യത്തിന് സെൻസസിലൂടെയാണ് ലോകം ഉത്തരം കണ്ടെത്തിയിട്ടുള്ളത്. വിവിധ രാജ്യങ്ങൾ നടത്തുന്ന സെൻസസിനെയും ജനന-മരണ രജിസ്ട്രേഷനെയും അതിന്റെ അടിസ്ഥാനത്തിൽ തയാറാക്കപ്പെട്ട കമ്പ്യൂട്ടർ മോഡലുകളുടെയും സഹായത്തോടെ ഐക്യ രാഷ്ട്ര സഭയുടെ ഉത്തരം ഇതാണ്: 820 കോടി! ഇത്രയും ആളുകളെ ഉൾകൊള്ളാൻ ഭൂമിയിൽ വിഭവങ്ങളുണ്ടോ എന്ന ചോദ്യമൊക്കെ പണ്ടേ ഉയർന്നിട്ടുണ്ട്. കൗതുകകരമായ കാര്യം എന്തണെന്നുവെച്ചാൽ, ഈ ചോദ്യം ഉയർന്നുതുടങ്ങിയതോടെ ജനസംഖ്യ കുതിച്ചുവെന്നാണ്. കൃത്യം നൂറു വർഷം മുമ്പ് ജനസംഖ്യ വെറും 200 കോടിയായിരുന്നു. 1975ൽ അത് 200 കോടി കൂടി വർധിച്ച് 400 കോടിയിലെത്തി. കഴിഞ്ഞ അമ്പത് വർഷത്തിനിടെ, പിന്നെയും വർധിച്ചത് 420 കോടിയാണ്. എന്നാലിപ്പോൾ ജനസംഖ്യ കുറഞ്ഞുതുടങ്ങുന്നതിന്റെ ലക്ഷണമാണുള്ളത്.
ഇത്തരം ജനസംഖ്യ ചർച്ചക്കിടെ ഇപ്പോഴിതാ, മറ്റൊരു പഠനം പുറത്തുവന്നിരിക്കുന്നു: ലോകത്ത് 820 കോടിയല്ല ജനസംഖ്യയെന്നാണ് ഈ പഠനം പറയുന്നത്. ഫിൻലൻഡിലെ ആൾട്ടോ സർവകലാശാല ഗവേഷകർ നടത്തിയ പഠനഫലം നേച്ചർ മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സെൻസസ് വിവരങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള ഡാറ്റ സെറ്റുകളും തെറ്റാണെന്നാണ് ഇവരുടെ വാദം. ഗ്രാമീണ മേഖലയിൽ നടത്തിയ സെൻസസ് കൃത്യമല്ലത്രെ. പല ഡേറ്റയിലും ഗ്രാമീണ ജനസംഖ്യയുടെ പകുതി മാത്രമേ എണ്ണിയിട്ടുള്ളൂ. രണ്ടായിരത്തിലെ ജനസംഖ്യ കണക്കുകളെ അടിസ്ഥാനമാക്കി 35 രാജ്യങ്ങളിലാണ് പഠനം നടത്തിയത്. ഇവിടെ നിർമാണത്തിലിരിക്കുന്ന ഡാം സൈറ്റുകളിൽനിന്ന് ഒഴിഞ്ഞുപോയവരുടെ എണ്ണം ശേഖരിച്ചും മറ്റുമാണ് ഇവർ പഠനം നടത്തിയത്. ഗ്രാമീണ കുടിയേറ്റം പോലുള്ള പ്രതിഭാസങ്ങൾ പല രാജ്യങ്ങളിലും കണക്കാക്കിയിട്ടില്ല. ഇതുമൂലം, ദശലക്ഷക്കണക്കിന് പേർ സെൻസസിൽനിന്ന് ഒഴിവായതായി, ഡോ. ജൂസിയാസ് ലാങ് റിട്ടറിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
അനുമാനമനുസരിച്ച്, ഒഴിവാക്കപ്പെട്ടത് നൂറു കോടിയിലധികം ജനങ്ങളാണത്രെ. നമ്മുടെ ലോക സാഹചര്യത്തിൽ അതിന് സാധ്യതയുമുണ്ട്. അങ്ങനെ വരുമ്പോൾ ഇപ്പോൾതന്നെ ലോകജനസംഖ്യ 1000 കോടി കവിഞ്ഞിട്ടുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.