വാഷിങ്ടൺ: ഇറാൻ യുദ്ധത്തിനുശേഷം ലാറ്റിനമേരിക്കാൻ രാജ്യമായ ക്യൂബയെ ലക്ഷ്യമിടുമെന്ന സൂചന നൽകിയ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ആദ്യം ഇതൊന്ന് തീർക്കട്ടെ (ഇറാനെതിരായ യുദ്ധം), അത് പൂർത്തിയാക്കിയാൽ അടുത്തത് ക്യൂബയാണ്. സമയത്തിന്‍റെ പ്രശ്നം മാത്രമാണെന്നും ട്രംപ് പറഞ്ഞു.
വൈറ്റ്ഹൗസിൽ എം.എൽ.എസ് കപ്പ് ജേതാക്കളായ ഇന്‍റർമയാമി താരങ്ങൾക്കുള്ള ആഘോഷപരിപാടികളുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ട്രംപിന്‍റെ പ്രസ്തവാന. യു.എസിന്‍റെ ഉപരോധത്തിൽ വലയുന്ന രാജ്യമാണ് ക്യൂബ. നിലവിൽ മിഡിൽ ഈസ്റ്റിലെ യുദ്ധത്തിലാണ് വാഷിങ്ടണ്ണിന്‍റെ ശ്രദ്ധയെന്നും ട്രംപ് വ്യക്തമാക്കി. വാഷിങ്ടണ്ണുമായി കരാറിലെത്താൻ ക്യൂബ അതിയായി ആഗ്രഹിക്കുന്നുണ്ട്. ബന്ധം നല്ലനിലയിലായാൽ ക്യൂബൻ ബന്ധമുള്ള അമേരിക്കക്കാർക്ക് അവിടേക്ക് തിരിച്ചുപോകാനാകും.
ഇറാനെതിരായ സൈനിക നടപടിയിൽ ഒരുപാട് ലക്ഷ്യങ്ങൾ കൈവരിച്ചു. യു.എസ്-ഇസ്രായേലി സംയുക്ത ആക്രമണത്തിൽ ഇറാന്‍റെ സൈനിക സംവിധാനങ്ങൾ വ്യാപകമായി നശിപ്പിക്കാനായി. ഇറാന്‍റെ വ്യോമ സേനയെയും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർക്കാനായി. നാവിക സംവിധാനങ്ങളും തരിപ്പണമാക്കി. മൂന്നു ദിവസത്തിനിടെ 24 ഇറാനിയൻ കപ്പലുകൾ തകർത്തെന്നും ട്രംപ് പറഞ്ഞു.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും ട്രംപ് വെളിപ്പെടുത്തിയില്ല. യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ അധികൃതർ യു.എസുമായി ചർച്ചക്ക് ശ്രമിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.
ജനുവരിയിൽ വെനസ്വേലയില്‍ യു.എസ് സൈന്യം അതിക്രമിച്ചു കടന്ന് പ്രസിഡന്‍റ് നികളസ് മദൂറോയെയും ഭാര്യയെയും ബലമായി പിടികൂടി ന്യൂയോര്‍ക്കിലേക്ക് കടത്തികൊണ്ടുപോയിരുന്നു. ഇറാൻ ആക്രമണത്തിന് യു.എസ് സെനറ്റിന്റെ പച്ചക്കൊടി കിട്ടിയതിനു പിന്നാലെയാണ് ട്രംപിന്‍റെ അടുത്ത ഭീഷണി. ഇറാൻ ആക്രമണം നിർത്തുന്നതിനുള്ള യുദ്ധാധികാര പ്രമേയം (വാർ പവർ റെസൊലൂഷൻ) 47-53നാണ് യു.എസ് കോൺഗ്രസിന്റെ ഉപരിസഭയായ സെനറ്റിൽ പരാജയപ്പെട്ടത്. അടുത്ത ദിവസം അധോസഭയായ പ്രതിനിധിസഭയിലും വോട്ടെടുപ്പ് നടക്കും.
സെനറ്റിൽ ഏറക്കുറെ പാർട്ടിലൈനിൽതന്നെയായിരുന്നു വോട്ടെടുപ്പ്. രണ്ടുപേർ മാത്രമാണ് മാറി വോട്ട് ചെയ്തത്. റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോൾ ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഫെറ്റെർമാൻ എതിർത്ത് വോട്ട് ചെയ്തു. യു.എസ് നിയമപ്രകാരം ആക്രമണം തുടങ്ങാൻ പ്രസിഡന്റിന് അധികാരമുണ്ടെങ്കിലും ശേഷം കോൺഗ്രസിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.
അതിൽ പരാജയപ്പെട്ടാൽ ആക്രമണം നിർത്തിവെക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.