തെൽഅവീവ്: ജൂൺ 13ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രായേലിലെ 40,000ത്തിലധികം വീടുകളും ബിസിനസുകളും തകർന്നുവെന്നും 10,600ലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചുവെന്നും റിപ്പോർട്ട്. ഇവരെ സഹായിക്കാൻ സംഭാവന ആവശ്യപ്പെട്ട് ഇസ്രായേലി സന്നദ്ധ സംഘടനയായ ഓജെൻ ധനസമാഹരണം തുടങ്ങി. ഇവരുടെ വെബ്സൈറ്റിലും ‘ടൈംസ് ഓഫ് ഇസ്രായേലി’ൽ നൽകിയ വാർത്തയിലുമാണ് നഷ്ടക്കണക്ക് ഉദ്ധരിക്കുന്നത്.
‘ജൂൺ 13ന് ഇസ്രായേൽ നടത്തിയ ഓപറേഷൻ റൈസിങ് ലയണിന് മറുപടിയായി ഇസ്രായേലിലുടനീളമുള്ള നഗരങ്ങളിൽ ദിവസവും ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇറാനിയൻ മിസൈലുകൾ മുഴുവൻ അയൽപക്കങ്ങളെയും തകർത്തു. 10,600ലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. 40,000ത്തിലധികം വീടുകളും ബിസിനസുകളും തകർന്നു. ഓരോന്നിനും പിന്നിൽ ഒരോ കുടുംബം സാമ്പത്തികമായി തകർന്നുവീഴുന്നു. തെരുവുകൾ തകർന്നു കിടക്കുന്നു. ഉപജീവനമാർഗങ്ങൾ ഇല്ലാതായി. കടകൾ അടഞ്ഞുകിടക്കുന്നു. ശമ്പളം ഇല്ലാതായി. വീടുകൾ വാസയോഗ്യമല്ലാതായി. വൻതോതിലുള്ള നാശനഷ്ടങ്ങൾ നേരിട്ടു. 3,00,000ത്തിലധികം റിസർവ് സൈനികരെ വിളിച്ചുവരുത്തി. പലരും അവരുടെ കുടുംബങ്ങളെയും ചെറുകിട ബിസിനസുകളെയും ഉപേക്ഷിച്ചാണ് സൈനികവൃത്തിക്ക് ഇറങ്ങിയത്. ആക്രമണ ബാധിത മേഖലകളിലെ സാമ്പത്തിക ഇടപാടുകൾ സ്തംഭിച്ചിരിക്കുന്നു. ആയിരക്കണക്കിന് ബിസിനസുകൾ അടച്ചുപൂട്ടുകയോ പ്രതിസന്ധി നേരിടുകയോ ചെയ്യുന്നു. ഈ സംഖ്യകൾ ദിവസം തോറും വർധിക്കുന്നു. ഭൗതിക, സാമ്പത്തിക പ്രതിസന്ധി നേരിടാൻ പ്രാദേശിക സർക്കാർ സംവിധാനങ്ങൾ പ്രയാസപ്പെടുന്നു’ -റിപ്പോർട്ടിൽ പറയുന്നു.
തുടക്കത്തിൽ100 മില്യൺ ഇസ്രായേൽ ഷെക്കേൽ (252.72 കോടി ഇന്ത്യൻ രൂപ) സമഹാരിച്ച് സഹായമെത്തിക്കാനാണ് ‘ഓജെൻ’ ശ്രമം. യുദ്ധത്തിൽ കൂടുതൽ നാശനഷ്ടം നേരിട്ട വീടുകൾക്കും ചെറുകിട ബിസിനസുകൾക്കും ഉടനടി സഹായം നൽകുമെന്ന് ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.