തെഹ്റാനിൽ ഇറാൻ അനുകൂല പ്രകടനം
ഇരുപത്തിമൂന്ന് വർഷം മുമ്പ് ഇതുപോലൊരു മാർച്ച് മാസത്തിലാണ് ഇറാഖിനുനേരെ അമേരിക്ക അധിനിവേശം ആരംഭിച്ചത്. ന്യായവാദങ്ങൾ മാറ്റിമാറ്റിപ്പറഞ്ഞു കൊണ്ടാണ് ജോർജ് ഡബ്ല്യു ബുഷിന്റെ ഭരണകൂടം ഇതിന് കളമൊരുക്കിയത്. ഇല്ലാത്ത കൂട്ടനശീകരണ ആയുധങ്ങളെക്കുറിച്ചുള്ള ഭീതി പരത്തലായിരുന്നു ആദ്യം, പിന്നീട് മിഡിൽ ഈസ്റ്റിലുടനീളം വിമോചനത്തിന്റെയും ജനാധിപത്യത്തിന്റെയും പൂക്കാലം വാഗ്ദാനം ചെയ്തു. പലർക്കും ആദ്യമേ അറിയാമായിരുന്നതുപോലെ, ആ യുദ്ധം സത്യത്തിൽ ഇറാഖിലെ എണ്ണയുടെ മേലുള്ള നിയന്ത്രണത്തിനും അമേരിക്കൻ ശക്തി പ്രദർശനത്തിനും സദ്ദാം ഹുസൈനോട് ബുഷ് കുടുംബത്തിനുണ്ടായിരുന്ന വ്യക്തിപരമായ പക തീർക്കുന്നതിനും വേണ്ടിയുള്ളതായിരുന്നു.
സൈന്യത്തെ വിമോചകരെന്നമട്ടിൽ സ്വാഗതം ചെയ്യപ്പെടുമെന്നാണ് നമ്മളോട് പറഞ്ഞിരുന്നത്. എന്നാൽ, 2011 വരെ നീണ്ട സായുധപ്രതിരോധമാണ് ഉണ്ടായത്. യുദ്ധവുമായി നേരിട്ട് ബന്ധപ്പെട്ട അക്രമങ്ങളിൽ 2,11,000-ത്തിലധികം സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നാണ് ‘ഇറാഖ് ബോഡി കൗണ്ട് പ്രോജക്റ്റ്’ രേഖപ്പെടുത്തിയത്. എന്നാൽ, മറ്റ് കണക്കുകൾ പ്രകാരം മരണസംഖ്യ പത്ത് ലക്ഷത്തിലധികമാണ്.
കഴിഞ്ഞദിവസം അമേരിക്കയും ഇസ്രായേലും ഇറാനെതിരെ പൂർണതോതിലുള്ള വ്യോമയുദ്ധം ആരംഭിച്ചിരിക്കുന്നു. അതേ സാമ്രാജ്യത്വ യന്ത്രസംവിധാനവും അതേ പൊള്ളയായ ന്യായീകരണങ്ങളും ഉപയോഗിച്ച് നിയമങ്ങളെയും മനുഷ്യജീവനെയും ഒരേപോലെ പുച്ഛിക്കുന്ന രീതിയാണ് ആവർത്തിക്കപ്പെടുന്നത്. ഇത്തവണ, ഇറാന്റെ ആണവപദ്ധതിയാണ് ഭീഷണിയായി ഉയർത്തിക്കാട്ടുന്നത്. ഇറാനികളോട് അവരുടെ രാജ്യത്തെ സർക്കാറിനെ അട്ടിമറിക്കാൻ ഡോണൾഡ് ട്രംപ് ആഹ്വാനം ചെയ്തതിന് പിന്നാലെ ഇസ്രായേൽ-അമേരിക്കൻ യുദ്ധവിമാനങ്ങൾ ആ രാജ്യത്തുടനീളമുള്ള നഗരങ്ങളെ ആക്രമിക്കുന്നു.
വ്യോമാക്രമണത്തിൽ തകർന്ന മീനാബിലെ പെൺപള്ളിക്കൂടത്തിലെ 148 കൊച്ചുപെൺകുട്ടികളാണ് ഈ അധിനിവേശത്തിലെ ആദ്യ ഇരകൾ. അതിനെ ന്യായീകരിച്ച് ട്രംപിന്റെയും നെതന്യാഹുവിന്റെയും പ്രസ്താവനകൾ വരുന്നതിന് മുമ്പ് അൽപനേരം നമുക്ക് ആ പെൺമക്കളെക്കുറിച്ച് ആലോചിക്കാം.
ഉപരോധങ്ങളും ഗൾഫ് യുദ്ധവും വർഷങ്ങളായുള്ള ഒറ്റപ്പെടലുമെല്ലാം മൂലം കാര്യമായ പ്രതിരോധങ്ങൾ സാധ്യമല്ലാത്തവിധം ഇറാഖ് അതീവ ദുർബലമായിരിക്കുന്നുവെന്നും അതിനാൽ യുദ്ധം വേഗത്തിൽ അവസാനിക്കുമെന്നുമുള്ള അനുമാനത്തോടെയാണ് ബുഷ് ഭരണകൂടം ഇറാഖിനെതിരായ നിയമവിരുദ്ധ യുദ്ധം ആരംഭിച്ചത്. അത് പൂർണമായും തെറ്റായിരുന്നുവെന്ന് തെളിയിച്ചുകൊണ്ട് ആ അധിനിവേശം മേഖലയെയാകെ അസ്ഥിരപ്പെടുത്തിയ, തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് വഴിമരുന്നിട്ട, ഒരു തലമുറയുടെ അമേരിക്കൻ ജീവനുകളും വിശ്വാസ്യതയും നഷ്ടപ്പെടുത്തിയ മാരകമായ ദുരന്തമായി മാറി. 2003ലെ ഇറാഖ് പോലെയല്ല 2026ലെ ഇറാൻ.
ലെബനാൻ, ഇറാഖ്, യമൻ, സിറിയ എന്നിവിടങ്ങളിലെ സായുധ പ്രസ്ഥാനങ്ങളുമായി ആഴത്തിലുള്ള ബന്ധമുള്ള, യുദ്ധപരിചയമുള്ള വലിയൊരു സൈനിക സന്നാഹവും ലക്ഷ്യസ്ഥാനങ്ങളെ ഭേദിക്കാൻ ശേഷിയുള്ള മിസൈലുകളുടെയും ഡ്രോണുകളുടെയും ശേഖരവും അവർക്കുണ്ട്.
ട്രംപ് ഭരണകൂടം ബുഷ് കാലത്തെ അതേ അവിവേകം ആവർത്തിക്കുക മാത്രമല്ല ചെയ്യുന്നത്; അതിനേക്കാൾ ശേഷിയുള്ള ഒരു എതിരാളിക്കെതിരെ, വ്യക്തമായ തന്ത്രങ്ങളോ അന്താരാഷ്ട്ര പിന്തുണയോ ഇല്ലാതെ അതേ കളി വീണ്ടും കളിക്കുകയാണ്.
ഞങ്ങൾ ആരോടും സമാധാനം ബോധിപ്പിക്കേണ്ടവരല്ല എന്ന് വിശ്വസിക്കുന്ന രണ്ട് ഭരണകൂടങ്ങളാണ് ഈ യുദ്ധം ആരംഭിച്ചത്. അവർക്ക് മറ്റെന്താണ് ചിന്തിക്കാൻ കഴിയുക? ഇറാഖ് അധിനിവേശം നടത്തിയിട്ട് എന്ത് പ്രത്യാഘാതമാണ് ഉണ്ടായത്? ഗസ്സയിൽ വംശഹത്യ നടത്തിയിട്ട് എന്ത് പ്രത്യാഘാതങ്ങളാണ് ഉണ്ടായത്? ശക്തർക്ക് നിയന്ത്രണങ്ങളില്ലാതെ, അശിക്ഷിതരായി വിഹരിക്കാമെന്ന സന്ദേശമാണ് അന്താരാഷ്ട്ര സമൂഹം വീണ്ടും വീണ്ടും നൽകിക്കൊണ്ടിരിക്കുന്നത്.
ഈ യുദ്ധം എന്തിനെക്കുറിച്ചല്ല എന്ന കാര്യത്തിൽ നമുക്ക് വ്യക്തത വേണം. ഇത് ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചല്ല. അങ്ങനെയായിരുന്നെങ്കിൽ, ഇറാനിയൻ ആണവ വികസനത്തെ നിയന്ത്രിച്ചിരുന്ന ജെ.സി.പി.ഒ.എ ആണവ കരാറിൽ അമേരിക്ക തുടരുമായിരുന്നു. നെതന്യാഹുവിനെയും സ്വന്തം നാട്ടിലെ അനുയായികളെയും പ്രീണിപ്പിക്കുന്നതിനായി ട്രംപ് തന്റെ ആദ്യ ടേമിൽ ആ കരാർ പൊളിച്ചുകളഞ്ഞു.
അതാണ് ഇറാന്റെ ആണവപദ്ധതി ഇത്രത്തോളം മുന്നേറാൻ ഒരു കാരണം. ഇത് ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചായിരുന്നുവെങ്കിൽ, നിലവിലെ ചർച്ചകൾ അവർ തുടരുമായിരുന്നു- ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ഒമാൻ വിദേശകാര്യ മന്ത്രി പറഞ്ഞത് ഒരു കരാർ ‘‘ഇപ്പോൾ കൈയെത്തും ദൂരത്താണ്’’ എന്നാണ്. ഇത് ഇറാനി ജനതയെ അടിച്ചമർത്തൽ ഭരണകൂടത്തിൽനിന്ന് മോചിപ്പിക്കുന്നതിന് വേണ്ടിയുമല്ല. ഇറാനിലെ ജനാധിപത്യത്തിൽ ട്രംപിന് താൽപര്യമില്ല; പ്രതിഷേധക്കാർക്കെതിരെ നിയമങ്ങൾ ആയുധമാക്കുകയും ഇറാനിയൻ കുടിയേറ്റക്കാരെ നാടുകടത്താൻ പിടികൂടുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിന് ഇറാനിയൻ വിമോചനത്തിന്റെ വക്താക്കളാകാൻ കഴിയില്ല.
ഈ യുദ്ധം അധികാരത്തിന് വേണ്ടിയുള്ളതാണ്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അമേരിക്കൻ മേധാവിത്വത്തെ ചെറുക്കുന്ന ഒരു മേഖലയിൽ തങ്ങളുടെ ആധിപത്യം വീണ്ടും ഉറപ്പിക്കുന്നതിനും; ദുർബലമായ, വിഭജിക്കപ്പെട്ട അയൽരാജ്യങ്ങളെ ആവശ്യമുള്ള ഇസ്രായേലിന്റെ ‘‘മഹാ ഇസ്രായേൽ’’ എന്ന കൊളോണിയൽ മോഹങ്ങൾക്കും; സാമ്രാജ്യത്വ കരുത്തിന്റെ നാടകങ്ങൾ ആടിത്തീർക്കാൻ ആഗ്രഹിക്കുന്ന ഒരു അഴിമതിക്കാരനായ പ്രസിഡന്റിന്റെ അപകടകരമായ ആവശ്യങ്ങൾക്കും വേണ്ടിയുള്ളതാണ്.
രണ്ടാം ലോകമഹായുദ്ധ ശേഷം ഏറെ പണിപ്പെട്ട് സ്ഥാപിച്ചെടുത്ത അന്താരാഷ്ട്ര നിയമവ്യവസ്ഥക്ക് നേരെയുള്ള ആക്രമണം കൂടിയാണ് ഈ യുദ്ധം. ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ അധിനിവേശ യുദ്ധങ്ങളെ നിരോധിക്കുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ഉന്നമിടുന്നത് വിലക്കുന്നു. ഈ നിയമങ്ങളെല്ലാം നിലനിൽക്കുന്നത്, ശക്തരായ രാജ്യങ്ങൾക്ക് ദുർബലരായ രാജ്യങ്ങളെ ഇഷ്ടാനുസരണം ബോംബിടാനോ അധിനിവേശം നടത്താനോ കഴിയില്ലെന്ന തത്ത്വത്തിന്മേലാണ്.
അമേരിക്ക പതിറ്റാണ്ടുകളായി പലതവണ ഈ തത്ത്വങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിലും, ഈ അടുത്ത കാലം വരെ ആ വ്യവസ്ഥിതിയോട് പേരിനെങ്കിലും പ്രതിബദ്ധത സൂക്ഷിച്ചിരുന്നു. എന്നാൽ ട്രംപ്-നെതന്യാഹു സഖ്യം പ്രതിനിധീകരിക്കുന്നത് നിയമലംഘനത്തെ മാത്രമല്ല, മറിച്ച് ലോകത്തെ നയിക്കേണ്ട ഒരു ആശയമെന്ന നിലയിൽ ആ നിയമങ്ങളെത്തന്നെ നിരാകരിക്കുന്നതിനെയാണ്. ആധിപത്യത്തിലും നിർബന്ധിത ശക്തിയിലും അധിഷ്ഠിതമായ ഒരു വ്യവസ്ഥയിലേക്ക് നീങ്ങാനാണ് ഇവർ ലക്ഷ്യമിടുന്നത്. വെസ്റ്റ് ബാങ്ക് ഇസ്രായേൽ പിടിച്ചെടുക്കുന്നതും ഗസ്സയിലെ വംശഹത്യയും ഇറാനിലെ യുദ്ധവുമെല്ലാം അതിന്റെ പ്രതിഫലനങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.