തെഹ്റാൻ/തെൽഅവീവ്: ആണവ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന്, ഇറാനുനേരെ യു.എസും ഇസ്രായേലും തുടങ്ങിയ ആക്രമണം പശ്ചിമേഷ്യയിലെ കൂടുതൽ മേഖലയിലേക്ക് വ്യാപിക്കുന്നു. ‘ഓപറേഷൻ എപിക് ഫ്യൂരി’ എന്ന പേരിൽ നടക്കുന്ന യു.എസ്-ഇസ്രായേൽ സംയുക്താക്രമണം തിങ്കളാഴ്ച ഇരു രാജ്യങ്ങളും കൂടുതൽ ശക്തമാക്കിയതിന് പിന്നാലെ, അയൽ രാജ്യമായ ലബനാനിലും ഇസ്രായേൽ ആക്രമണം തുടങ്ങി.
ഒരു വർഷത്തിനുശേഷം, ലബനാനിൽ സൈനികാധിനിവേശത്തിനുള്ള തയാറെടുപ്പിലാണ് ഇസ്രായേൽ സൈന്യം. യുദ്ധത്തിൽ സഖ്യത്തിനൊപ്പം ചേരുമെന്ന് ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ സൂചിപ്പിച്ചതോടെ വരും ദിവസങ്ങളിൽ ഇറാനും ലബനാനുമെതിരായ ആക്രമണം കൂടുതൽ ശക്തമാകുമെന്ന് ഉറപ്പായി. മറുവശത്ത്, ഇറാന്റെ പ്രത്യാക്രമണങ്ങളും തുടരുകയാണ്. ഇസ്രായേലിലേക്ക് മിസൈലുകളും ഡ്രോണുകളും പായിച്ച ഇറാൻ, ഗൾഫ് രാജ്യങ്ങളിലെ യു.എസ് നിലയങ്ങൾ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളും പതിന്മടങ്ങാക്കി. കുവൈത്തിൽ യു.എസ് പോർ വിമാനങ്ങൾ തകർന്നതടക്കം വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തെ, സൈനിക നിലയങ്ങൾ മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ തിങ്കളാഴ്ചത്തെ പ്രത്യാക്രമണങ്ങളിൽ ഈ രാജ്യങ്ങളിലെ ഊർജ നിലയങ്ങളിലും ഇറാനിയൻ ഡ്രോണുകൾ പതിച്ചു.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചതിനു പിന്നാലെ ലബനാനിലെ ഹിസ്ബുല്ല ഇസ്രായേലിനുനേരെ മിസൈൽ ആക്രമണം നടത്തിയിരുന്നു. തുടർന്നാണ്, തലസ്ഥാനമായ ബൈറൂത് ലക്ഷ്യമാക്കി ഇസ്രായേൽ ആക്രമണം തുടങ്ങിയത്. തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു; 160ലധികം പേർക്ക് പരിക്കേറ്റു. തെക്കൻ ബൈറൂത്തിൽ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയായിരുന്നു തുടക്കത്തിൽ ആക്രമണമെങ്കിലും പിന്നീട് ഇസ്രായേൽ കരയുദ്ധത്തിനൊരുങ്ങുന്നതായ വാർത്തകളും പുറത്തുവന്നു. മേഖലയിലെ 50 ഗ്രാമങ്ങളിൽനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ നിർദേശിച്ചിട്ടുണ്ട്. ഇവിടേക്ക് ഉടൻ കരസൈന്യം പ്രവേശിക്കുമെന്നാണ് റിപ്പോർട്ട്.
തിങ്കളാഴ്ച ഇറാന്റെ കൂടുതൽ മേഖലകളിൽ ഇസ്രായേൽ-യു.എസ് സൈന്യം ആക്രമണം നടത്തി. ഇസ്ഫഹാൻ പ്രവിശ്യയിലെ നതാൻസ് ആണവ നിലയത്തിനുനേരെ നടന്ന വ്യോമാക്രമണമാണ് ഇതിൽ പ്രധാനപ്പെട്ടത്. സംഭവത്തെതുടർന്ന് റിയാക്ടറുകളിൽ ചോർച്ചയുണ്ടായതായി ഇറാൻ അധികൃതർ പറഞ്ഞു. കഴിഞ്ഞ ജൂണിലും നിലയത്തിനുനേരെ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. മൂന്ന് ദിവസത്തിനിടെ, സൈനികാക്രമണത്തിൽ 555 ഇറാനികൾ കൊല്ലപ്പെട്ടുവെന്ന് ഇറാൻ റെഡ് ക്രെസന്റ് അറിയിച്ചു.
ഗാന്ധി മാർഗമറിയാത്ത ക്രൂരത... സ്കൂളുകളായാലും ആശുപത്രികളായാലും ആക്രമിക്കുന്നതിൽ വിവേചനമേതുമില്ലാത്ത യു.എസ്-ഇസ്രായേൽ സഖ്യം ബോംബിട്ട തെഹ്റാനിലെ പ്രശസ്തമായ ഗാന്ധി ഹോസ്പിറ്റലിലെ നാശനഷ്ടം വിവരിക്കുന്ന ഇറാനി ഡോക്ടർ. സമാധാനത്തിന്റെ പ്രവാചകനായ മഹാത്മഗാന്ധിക്ക് ആദരമർപ്പിച്ച് 2008ൽ പണിതീർത്ത ആശുപത്രിയാണിത്.
ഇറാനിൽ ഏതാനും ചൈന പൗരന്മാർ കൊല്ലപ്പെട്ടതായി ചൈനീസ് വിദേശ കാര്യ മന്ത്രാലയവും അറിയിച്ചു. കഴിഞ്ഞദിവസത്തെ ആക്രമണത്തിൽ പരിക്കേറ്റ ഖാംനഈയുടെ ഭാര്യ മൻസൂറ ഖോജസ്തേഹിന്റെ മരണവും ഇറാൻ സ്ഥിരീകരിച്ചു.
തിങ്കളാഴ്ച ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾ മുൻദിവസങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു. ഇതാദ്യമായി ‘യൂറോപ്പി’ൽ അവരുടെ മിസൈൽ പതിച്ചു. സൈപ്രസിലെ ബ്രിട്ടന്റെ നിലയത്തിലാണ് ഇറാൻ ഡ്രോണുകൾ വർഷിച്ചത്. ഇസ്രായേലിൽ ആക്രമണം തുടർന്ന ഇറാൻ ഗൾഫ് രാജ്യങ്ങളിലേക്കും മിസൈലുകളും ഡ്രോണുകളും തൊടുത്തു. കുവൈത്തിൽ യു.എസിന്റെ മൂന്ന് എയർക്രാഫ്റ്റുകൾ ഇറാൻ തകർത്തു. എന്നാൽ, ഇത് ഇറാന്റെ ആക്രമണത്തിൽ സംഭവിച്ചതല്ലെന്നും ഇറാൻ ഡ്രോണുകൾ പ്രതിരോധിക്കുന്നതിനിടെ അബദ്ധത്തിൽ പതിച്ചതാണെന്നുമാണ് കുവൈത്ത് പ്രതിരോധ സേനയുടെ വിശദീകരണം. ഖത്തർ, യു.എ.ഇ, സൗദി എന്നീ രാജ്യങ്ങളിലും ഇറാൻ പ്രത്യാക്രമണം നടത്തി.
സൗദിയിലെ റാസ് തനൂറ എണ്ണ ശുദ്ധീകരണശാല ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണം പ്രതിരോധിക്കപ്പെട്ടുവെങ്കിലും ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് നിലയത്തിൽ അഗ്നിബാധയുണ്ടായി. തുടർന്ന്, നിലയം സമ്പൂർണമായി അടച്ചു. ഖത്തറിലെ എണ്ണ ഖനന കേന്ദ്രവും അടച്ചിട്ടുണ്ട്.
ഇറാൻ നേതൃത്വം ആവശ്യപ്പെട്ടതുപ്രകാരം, വിഷയത്തിൽ സമാധാന ചർച്ചയാകാമെന്നാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറ്റ്ലാന്റിക് മാഗസിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കിയത്. എന്നാൽ, ഇക്കാര്യം ഇറാൻ നിഷേധിച്ചു. അതേസമയം, പ്രശ്നപരിഹാരത്തിനായി യു.എൻ അടിയന്തര രക്ഷാസമിതി വിളിച്ചുചേർക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ലക്ഷ്യം നേടുംവരെ ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.