തെഹ്റാൻ: ഇറാനിലെ യു.എസ്- ഇസ്രായേൽ ആക്രമണത്തേ തുടര്‍ന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത് ആഗോള വിപണിയിൽ എണ്ണ വില കുതിടച്ചുയരാനിടയാക്കുമെന്ന് ആശങ്ക. ആഗോളതലത്തിൽ ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും വലിയ അളവിൽ വാതകവും ഈ കടലിടുക്ക് വഴിയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. അത് നിലക്കുന്നതോടെ വില വർധനക്കിടയാക്കും. ഹോർമൂസ് കടലിടുക്ക് അടച്ചതായും ജലപാതയിലൂടെ കടന്നുപോവുന്ന കപ്പലുകൾ കത്തിക്കുമെന്നും ഇറാൻ റവലൂഷനറി ഗാർഡ് കമാൻഡർ അറിയിച്ചിരിക്കുകയാണ്.
ഇറാനെയും ഒമാനെയും വേർതിരിക്കുന്ന കടലിടുക്കിൽ കുറഞ്ഞത് അഞ്ച് ടാങ്കറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഏകദേശം 150 കപ്പലുകൾ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോട്ട്. കഴിഞ്ഞ വെള്ളിയാഴ്ച ബാരലിന് 73 ഡോളറിലെത്തിയ എണ്ണവില തിങ്കളാഴ്ച ബാരലിന് 79.40 ഡോളറിനു മുകളിൽ ഉയർന്നു.
കയറ്റുമതി 80 ശതമാനം കുറഞ്ഞു
എണ്ണ കയറ്റുതി 80 ശതമാനത്തോളം കുറഞ്ഞതായി വിൻഡ്‌വാർഡിലെ സമുദ്ര രഹസ്യാന്വേഷണ വിശകലന വിദഗ്ധ മിഷേൽ ബോക്ക്മാനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യൻ ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള ചരക്ക് ചെലവിൽ വലിയ വർദ്ധനവുണ്ടായത് കപ്പൽ വ്യവസായത്തെ ഇതിനകം പ്രിതകൂലമായി ബാധിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഇറാന്റെയും വ്യാപാര പങ്കാളിയായ ചൈനയുടെയും പതാക വഹിക്കുന്ന കപ്പലുകൾ ഉൾപ്പെടുന്ന ഏതാനും കപ്പലുകൾ മാത്രമാണ് കടലിടുക്കിലൂടെ ഞായറാഴ്ച മുതൽ കടന്നുപോയിരുന്നത്.
യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ മുൻകൂട്ടിക്കണ്ട് ഫെബ്രുവരിയിൽ ഇറാൻ എണ്ണ കയറ്റുമതി മുൻവർഷങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വർദ്ധിപ്പിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളും എണ്ണ മുൻകൂർ വിതരണം നടത്തിയിരുന്നു. ഇത് ഹൃസ്വകാലത്തേക്ക് പ്രതിസന്ധി നികത്താൻ സഹായിക്കുമെന്ന് കെപ്ലർ പ്രിതിനികൾ അറിയിച്ചു. അതിനാൽ ഹോർമൂസ് കടലിടുക്ക് അടക്കുന്നത് ഈ രാജ്യങ്ങളിൽ എണ്ണ ലഭ്യത കുറയാനും ഇടയാക്കും.
ഹോര്‍മുസ് കടലിടുക്ക്
ഇറാനും ഒമാനും ഇടയിലെ ഇടുങ്ങിയ ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഏറ്റവും ഇടുങ്ങിയ ഭാഗത്ത് 33 കിലോമീറ്റര്‍ മാത്രമാണ് വീതി. ഗള്‍ഫില്‍ നിന്നുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന ഗതാഗത മാര്‍ഗമാണിത്. പ്രതിദിനം 20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്.
ഹോർമുസ് കടലിടുക്ക് വഴി കയറ്റുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ ഭൂരിഭാഗവും ഏഷ്യയിലേക്കാണ് പോകുന്നത്. ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയുടെ 70 ശതമാനവും ഹോർമൂസ് വഴിയാണ്. യൂറോപ്പിന്റെ ജെറ്റ് ഇന്ധന വിതരണത്തിന്റെ ഏകദേശം 30 ശതമാനവും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ആഗോള എൽ.എൻ.ജി വിതരണത്തിന്റെ അഞ്ചിലൊന്നും ജലപാതയിലൂടെയാണ് കടന്നുപോകുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.