ഹുർമുസിലേക്ക് നീങ്ങുന്ന കപ്പൽ
ലോകത്തെ മൊത്തം എണ്ണ കയറ്റുമതിയുടെ 20-30 ശതമാനവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് യുദ്ധത്തെ തുടർന്ന് അടച്ചതോടെ എണ്ണ നിറച്ചും അല്ലാതെയും ഇരുഭാഗങ്ങളിലായി കെട്ടിക്കിടക്കുന്നത് 150ലേറെ കപ്പലുകൾ. ദിവസങ്ങൾക്കിടെ നാലു കപ്പലുകളിലാണ് ഇവിടെ മിസൈൽ പതിച്ചത്. രണ്ട് നാവികർ മരിക്കുകയും ചെയ്തു. പ്രതിദിനം രണ്ടുകോടി ബാരൽ എണ്ണ കയറ്റിപ്പോകുന്നുണ്ട് ഹുർമുസ് കടലിടുക്ക് വഴി. പ്രകൃതിവാതകവുമുണ്ട് വൻതോതിൽ.
ഹുർമുസ് കടലിടുക്ക് ഒറ്റനാളിൽ അടച്ചിട്ടാൽ പോലും അതിന്റെ ഭാരം ലോകം മൊത്തത്തിൽ അനുഭവിക്കും. ഹുർമുസിലോ പരിസരങ്ങളിലോ ആയി എണ്ണയും പ്രകൃതി വാതകവും കയറ്റി പുറപ്പെടേണ്ടവയാണ് കുടുങ്ങിക്കിടക്കുന്ന കപ്പലുകൾ. വിമാനത്താവളങ്ങൾ അടച്ചിട്ടാലുള്ള അതേ പ്രതിസന്ധിയാകും ഇവ യാത്ര മുടങ്ങിക്കിടന്നാലും.
കഴിഞ്ഞ ദിവസം ഇറാനാണ് ഹുർമുസ് വഴി കടന്നുപോകുന്ന കപ്പലുകൾക്കുനേരെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയത്. അതിനു പിന്നാലെ ഇറാന്റെ കപ്പൽ മുക്കിയതായി അമേരിക്ക അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ, ഇറാൻ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങൾ ഹുർമുസ് വഴി എണ്ണ കയറ്റി അയക്കുന്നവരാണ്. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക സ്രോതസ്സായ ഖത്തറിൽനിന്ന് ഇതിന്റെ കയറ്റുമതിയും ഹുർമുസ് വഴി തന്നെ.
ഏറ്റവുമൊടുവിൽ യു.എസ് പതാക വഹിച്ച സ്റ്റെന കപ്പലാണ് ആക്രമിക്കപ്പെട്ടത്; ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ഞായറാഴ്ച മാർഷൽ ദ്വീപുകളുടെ പതാകയുള്ള കപ്പലും ജിബ്രാൾട്ടർ പതാക വഹിച്ച ഹെർകുലീസ് സ്റ്റാർ കപ്പലും ആക്രമിക്കപ്പെട്ടു. ആക്രമണം തുടരുമെന്നതിനാൽ കപ്പലുകൾ പൂർണമായി ഈ കപ്പൽ ചാൽ ഒഴിവാക്കിയിട്ടുണ്ട്. ആക്രമിക്കപ്പെടുന്ന കപ്പലുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാനാകില്ലെന്ന് കമ്പനികളും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.