ലിൻഡ്സെ ഗ്രഹാം
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമായിരിക്കെ, ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാകിസ്താൻ സംരക്ഷണമൊരുക്കിയെന്ന വെളിപ്പെടുത്തൽ പുറത്ത്. അമേരിക്കൻ വ്യോമാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഇറാന്റെ ചാരവിമാനങ്ങൾ ഉൾപ്പെടെയുള്ള സൈനിക ആസ്തികൾ പാകിസ്താൻ വ്യോമതാവളങ്ങളിൽ പാർക്ക് ചെയ്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പാകിസ്താനെതിരെ അതിരൂക്ഷമായ വിമർശനവുമായി അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം രംഗത്തെത്തി.
അമേരിക്കൻ പ്രതിരോധ ബജറ്റുമായി ബന്ധപ്പെട്ട സെനറ്റ് സമിതി ഹിയറിങ്ങിനിടെയാണ് ലിൻഡ്സെ ഗ്രഹാം പാകിസ്താനെതിരെ ആഞ്ഞടിച്ചത്. സമാധാന ചർച്ചകളിൽ മധ്യസ്ഥന്റെ റോളിലുള്ള പാകിസ്താൻ, ഇറാന്റെ വിമാനങ്ങൾക്ക് താവളമൊരുക്കിയത് ഇസ്‌ലാമാബാദിന്റെ വിശ്വാസ്യത തകർക്കുന്ന നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താൻ ഇറാനെ സഹായിക്കുകയാണെങ്കിൽ സമാധാന ചർച്ചകൾക്കായി അമേരിക്ക മറ്റേതെങ്കിലും രാജ്യത്തെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രയേലിനെതിരെയുള്ള പാകിസ്ഥാന്റെ മുൻനിലപാടുകൾ പരിഗണിക്കുമ്പോൾ ഈ വാർത്തയിൽ അത്ഭുതമില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. അമേരിക്കൻ വാർത്താ ചാനലായ സി.ബി.എസ് ന്യൂസ് ആണ് ഈ വിവരം ആദ്യം പുറത്തുവിട്ടത്. വെടിനിർത്തൽ പ്രഖ്യാപിച്ച സമയത്ത് ഇറാന്റെ RC-130 ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ വിമാനങ്ങൾ കൂട്ടത്തോടെ പാകിസ്താനിലേക്ക് പറന്നതായി റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയുടെ മിസൈൽ ആക്രമണങ്ങളിൽ നിന്ന് വിമാനങ്ങളെ രക്ഷിക്കാനാണ് ഈ നീക്കമെന്നാണ് സൂചന.
വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ജനറൽ ഡാൻ കെയ്നും തയാറായില്ല. പാകിസ്താനിൽ സമാധാന ചർച്ചകൾ നടന്നു വരുന്ന സാഹചര്യത്തിൽ, ഇത്തരം ആരോപണങ്ങളിൽ മറുപടി നൽകുന്നത് ചർച്ചകളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഒഴിഞ്ഞുമാറിയത്. ആരോപണങ്ങൾ തള്ളിക്കൊണ്ട് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
ആദ്യഘട്ട സമാധാന ചർച്ചകൾക്ക് ശേഷമുള്ള വെടിനിർത്തൽ സമയത്താണ് ഇറാൻ വിമാനങ്ങൾ എത്തിയത്. ഈ വിമാനങ്ങൾക്ക് സൈനിക നീക്കങ്ങളുമായോ സംരക്ഷണ കരാറുകളുമായോ യാതൊരു ബന്ധവുമില്ലെന്നും പാകിസ്താൻ വിശദീകരിച്ചു. ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം പശ്ചിമേഷ്യയെ മൊത്തം ബാധിച്ചിരിക്കെ, പാകിസ്താന്റെ ഈ നീക്കം അമേരിക്കയുമായുള്ള അവരുടെ ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ട്. സമാധാന ചർച്ചകളുടെ ഭാവിയും ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.