തെഹ്റാൻ: ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാൻ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ 22 കാരി മരിച്ച സംഭവത്തിൽ പ്രതിഷേധം കത്തുന്നു. ഹിജാബ് കത്തിച്ചും മുടി മുറിച്ചുമാണ് സ്ത്രീകൾ തെരുവിലിറങ്ങിയത്.
ഈ വാരാദ്യമാണ് 22 കാരി മഹ്സ അമീനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തല മുഴുവൻ മൂടുന്ന രീതിയിൽ വസ്ത്രം ധരിച്ചില്ല എന്നാരോപിച്ചായിരുന്നു അറസ്റ്റ്.
അറസ്റ്റിനു പിന്നാലെ കോമയിലായ യുവതി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പൊലീസ് മർദ്ദനത്തിലാണ് യുവതി മരിച്ചതെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ഇറാൻ പൊലീസ് തള്ളി. പൊലീസ് സ്റ്റേഷനിൽ സമാന കേസിൽ അറസ്റ്റിലായ സ്ത്രീകളെ കാത്തിരിക്കുമ്പോൾ അമീനി തളർന്നു വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധകർ തെരുവിലിറങ്ങിയത്. ചിലയിടങ്ങളിൽ കണ്ണീർവാതകം ഉപയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ശ്രമം നടത്തുന്നുണ്ട്. ഇറാനിൽ ഏഴുവയസു തൊട്ട് പെൺകുട്ടികൾ ശിരോവസ്ത്രം ധരിക്കണമെന്നാണ് നിയമം. മാത്രമല്ല, വളരെ നീളമുള്ളതും അയഞ്ഞതുമായ വസ്ത്രം ധരിക്കുകയും വേണം.
സ്ത്രീകളുടെ പ്രതിഷേധത്തെ അനുകൂലിച്ച് മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ മാസിഹ് അലി നെജാദ് വിഡിയോ ട്വീറ്റ് ചെയ്തു. ''മഹ്സ അമീനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇറാൻ സ്ത്രീകൾ ഹിജാബ് കത്തിച്ച് തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുകയാണ്. ഏഴ് വയസു മുതൽ ഹിജാബ് ധരിച്ചില്ലെങ്കിൽ ഞങ്ങൾക്ക് സ്കൂളിൽ പോകാനോ, ജോലി ചെയ്യാനോ കഴിയില്ല. ഈ ലിംഗ വർണ വിവേചന ഭരണത്തിൽ ഞങ്ങൾക്ക് മടുത്തു''-എന്നായിരുന്നു ട്വീറ്റ്.
അമീനിയെ സംസ്കരിച്ചതിനു ശേഷം സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ ഇറാൻ സുരക്ഷ സേന വെടിയുതിർത്തു. നിരവധി പേർക്ക് പരിക്കേറ്റു. ആദ്യം ഹിജാബ് പൊലീസ് 22 കാരിയെ കൊലപ്പെടുത്തി, അതിൽ പ്രതിഷേധിക്കുന്ന ആളുകൾക്കു നേരെ ഇപ്പോൾ കണ്ണീർവാതകവും തോക്കുകളും ഉപയോഗിക്കുകയാണ് എന്നും അവർ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.