തെഹ്റാൻ: നിലവിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ആദ്യ വധശിക്ഷ നടപ്പാക്കാൻ ഇറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 26കാരനായ ഇർഫാൻ സുൽത്താനിയെ ആണ് വിധശിക്ഷക്ക് വിധിച്ചത്.
പ്രതിഷേധ പ്രകടനത്തിനിടെയാണ് ഇർഫാന്‍ അറസ്റ്റിലായതും വധശിക്ഷക്ക് വിധിക്കപ്പെട്ടതെന്നും വിവിധ സംഘടനകളുടെയും മാധ്യമങ്ങളുടെയും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, രാജ്യത്ത് ഇന്‍റർനെറ്റ് വിച്ഛേദിച്ചതിനാൽ ആശയവിനിമയ തടസ്സം കാരണം ഇതിന്‍റെ വിശദാംശങ്ങൾ ലഭ്യമല്ല.
തെഹ്‌റാന് സമീപത്തെ കരാജ് എന്ന പ്രാന്തപ്രദേശത്തുള്ള ഫാർദിസ് സ്വദേശിയാണ് ഇർഫാൻ. പ്രക്ഷോഭം സജീവമായ പ്രദേശമാണിത്. ജനുവരി എട്ടിനാണ് യുവാവ് അറസ്റ്റിലയത്. പിന്നീട് ഇർഫാന് വധശിക്ഷ വിധിച്ചതായും ജനുവരി 14 ന് ശിക്ഷ നടപ്പാക്കുമെന്നും ഇത് അന്തിമമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിക്കുകയായിരുന്നു.
വധശിക്ഷയെക്കുറിച്ച് അറിയിച്ച ശേഷം ജയിലിൽ ചെറിയ ഒരു സന്ദർശനത്തിന് മാത്രമേ കുടുംബത്തെ അനുവദിച്ചുള്ളൂ. ഇർഫാന് നിയമസഹായം നിഷേധിക്കപ്പെട്ടതായും ശരിയായ രീതിയിൽ സ്വയം വാദിക്കാൻ കഴിഞ്ഞില്ലെന്നും കുടുംബം പറയുന്നു. അഭിഭാഷകയായ സഹോദരിയെ ഇർഫാന് വേണ്ടി ഹാജരാകുന്നതിന് സമ്മതിച്ചില്ലെന്നും കേസ് ഫയൽ നൽകിയില്ലെന്നും റിപ്പോർട്ടുണ്ട്.
വധശിക്ഷ വാര്‍ത്ത പുറത്തുവന്നതോടെ ഇതിനെതിരെ കടുത്ത വിമർശനം ഉയർത്തി മനുഷ്യാവകാശ സംഘടനകൾ രംഗത്തുവന്നു. സ്വാതന്ത്ര്യത്തിനായി ആഹ്വാനം ചെയ്തു എന്ന് മാത്രമായിരുന്നു യുവാവ് ചെയ്ത ഏക കുറ്റകൃത്യമെന്ന് നാഷനൽ യൂനയൻ ഫോർ ഡെമോക്രസി ഇൻ ഇറാൻ പറയുന്നു. വധശിക്ഷ ഒഴിവാക്കാൻ അന്താരാഷ്ട്ര ഇടപെടൽ സംഘടന അഭ്യർഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.