വാഷിങ്ടൺ: ഇറാനിലെ സൈനിക നടപടി സ്ഥിരീകരിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും. ഇറാൻ ഭരണകൂടത്തിൽനിന്നുള്ള ഭീഷണി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് സൈനിക നടപടിയെന്നും ട്രംപ് ന്യായീകരിച്ചു.
ഇറാൻ തലസ്ഥാനമായ തെഹ്റാനുനേരെ യു.എസും ഇസ്രായേലും സംയുക്തമായാണ് ആക്രമണം നടത്തിയത്. തെഹ്റാനിൽ വൻ സ്ഫോടനം നടന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിഡിയോ സന്ദേശത്തിലൂടെയാണ് ഇറാനിലെ സൈനിക നടപടി ട്രംപ് സ്ഥിരീകരിച്ചത്. ഇറാൻ ഭരണകൂടത്തിൽനിന്ന് അമേരിക്കൻ ജനതക്കുള്ള ഭീഷണി ഇല്ലാതാക്കുകയാണ് ആക്രമണത്തിന്‍റെ ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. ഇറാനിലേത് അനിവാര്യ ആക്രമണമാണെന്ന് പറഞ്ഞ ട്രംപ്, ഭരണമാറ്റത്തിനും ആഹ്വാനം ചെയ്തു.
ആണവ നിർവ്യാപന കരാറിലെത്തുന്നതിന് ഇറാൻ സഹകരിച്ചില്ല. അമേരിക്കൻ ജനതയുടെ രക്ഷക്കാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, നടത്തിയത് യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണമാണെന്ന വിവരം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഭയക്കില്ലെന്നും തളരില്ലെന്നും തിരിച്ചടി കനത്തതാകുമെന്നും ഇറാൻ വ്യക്തമാക്കി. തങ്ങളെ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിടുമെന്ന് നേരത്തെ തന്നെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
തെഹ്റാനിലെ യൂനിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൂരി മേഖലയിലും നിരവധി മിസൈലുകൾ പതിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഇലി ഖാംനഇയുടെ വസതിക്കു സമീപവും മിസൈൽ പതിച്ചതായി വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇറാൻ പ്രസിഡന്‍റിന്‍റെ വസതിയും ആയുധ കേന്ദ്രങ്ങളും ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണത്തിനു പിന്നാലെ വ്യോമപാത ഇസ്രായേൽ അടച്ചു. പുതിയൊരു ഉത്തരവുണ്ടാകുന്നതുവരെ പൊതുജനം വിമാനത്താവളത്തിലേക്ക് വരരുതെന്ന് ഇസ്രായേൽ ഗതാഗത വകുപ്പ് നിർദേശം നൽകി. അടിയന്തര സേവനം ഒഴികെ സ്കൂളുകളും ഓഫിസുകളും മറ്റു സേവനങ്ങളും താൽക്കാലികമായി അടച്ചു. ഇസ്രായേലിലുടനീളം അപായ മുന്നറിയിപ്പ് നൽകിയെങ്കിലും നിലവിൽ ഷെൽട്ടറുകളിലേക്ക് പോകേണ്ടതില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
അത്യാധുനിക യുദ്ധകപ്പലുകൾ, യുദ്ധവിമാനങ്ങൾ തുടങ്ങിയ സന്നാഹങ്ങൾ വിന്യസിച്ച് പശ്ചിമേഷ‍്യയിൽ യു.എസ്‍ തങ്ങളുടെ സൈനികശേഷി ശക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.