തെഹ്റാൻ / തെൽഅവീവ്: എട്ട് മാസത്തെ ഇടവേളക്കുശേഷം പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ. ശനിയാഴ്ച പുലർച്ചെ, ഇറാന് നേരെ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിനു പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാനും തിരിച്ചടിച്ചതോടെ മേഖല പൂർണമായും ആശങ്കയുടെ നിഴലിലായി.
ജനീവയിൽ യു.എസ്-ഇറാൻ ആണവ ചർച്ച ധാരണയാകാതെ പിരിഞ്ഞ് മണിക്കൂറുകൾക്കകമാണ് ‘ഓപറേഷൻ എപിക് ഫ്യൂരി’ എന്ന് പേരിട്ട സംയുക്ത സൈനികാക്രമണത്തിന് യു.എസും ഇസ്രായേലും തുനിഞ്ഞത്. ഇറാന്റെ പ്രത്യാക്രമണത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങൾ ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇസ്രായേലിൽ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. മേഖലയിലെ വ്യോമപാത ഏറക്കുറെ പൂർണമായും അടച്ചു.
തെഹ്റാനിലെ യൂനിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൂരി മേഖലയിലും നിരവധി മിസൈലുകൾ പതിച്ചു. ഇറാനിൽ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണമാണ് നടത്തിയതെന്ന് യു.എസ് അധികൃതർ സ്ഥിരീകരിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഇലി ഖാംനഇയുടെ വസതിക്കു സമീപവും മിസൈൽ പതിച്ചതായി വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഇറാൻ തലസ്ഥാനമായ തെഹ്റാൻ, പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ഷാബഹാർ, ഇസ്ഫഹാൻ തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 61 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ട്. തെക്കൻ ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്കൂളിനുനേരെയുണ്ടായ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ ലക്ഷ്യമിട്ടും ആക്രമണം നടന്നു. അദ്ദേഹത്തിന്റെ കൊട്ടാരം തകർന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സമയം അദ്ദേഹം കൊട്ടാരത്തിലുണ്ടായിരുന്നില്ലെന്നാണ് അറിവ്. പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാനെ ലക്ഷ്യമിട്ടും ആക്രമണം നടന്നു. ഇറാന്റെ സൈനിക മേധാവി മുഹമ്മദ് പക്പൂർ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു. മണിക്കൂറുകൾക്കകം ഇറാനും പ്രത്യാക്രമണം തുടങ്ങി. ആദ്യം ഇസ്രായേലിലേക്ക് മിസൈൽ തൊടുന്ന ഇറാൻ തൊട്ടടുത്ത മണിക്കൂറുകളിൽ ഗൾഫ് രാജ്യങ്ങളിലെ യു.എസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും ആക്രമണം ശക്തമാക്കി. ഖത്തർ, ഖുവൈത്ത്, ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ, സിറിയ എന്നീ രാജ്യങ്ങളിൽ ഇറാന്റെ മിസൈൽ പതിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. യു.എ.ഇയിൽ ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇസ്രായേലിനുനേരെ കനത്ത മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. രാജ്യത്തെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇസ്രായേൽ ഭരണകൂടം ആവശ്യപ്പെട്ടു.
ജനീവയിൽ മൂന്നാം ഘട്ട ആണവ ചർച്ചയിൽ തീരുമാനമാകാത്തതിനാൽ അടുത്തയാഴ്ച വീണ്ടും ഇരു രാജ്യങ്ങളും കൂടിക്കാഴ്ചക്ക് തീരുമാനിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കടുത്ത അതൃപ്തി അറിയിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആക്രമണത്തിന് ആഹ്വാനം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞയാഴ്ചകളിൽതന്നെ മേഖലയിൽ യു.എസ് യുദ്ധത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇവിടത്തെ സൈനികശേഷിയും യു.എസ് വർധിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ‘ട്രൂത്തി’ൽ യുദ്ധ പ്രഖ്യാപനം നടത്തിയ ട്രംപ്, ഇറാനിൽ ഭരണമാറ്റത്തിന് ആഹ്വാനം ചെയ്തു. കീഴടങ്ങുന്ന ഇറാനിയൻ സൈനികർക്ക് സംരക്ഷണമൊരുക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ നൂറിലധികം സ്ഥലങ്ങളിൽ ആദ്യ ദിവസം ആക്രമണം നടത്തിയെന്ന് ഇസ്രായേൽ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.