ന്യൂഡൽഹി: അമേരിക്കയിൽ നിന്നുള്ള ആക്രമണ ഭീഷണികൾക്കിടയിൽ വിമാനവാഹിനി കപ്പലുകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക മിസൈലുകൾ ചൈനയിൽ നിന്ന് വാങ്ങാൻ ഇറാൻ. റോയിട്ടേഴ്സാണ് ഇത് സംബന്ധിച്ചുളള വാർത്ത പുറത്ത് വിട്ടത്. ഇറാനെതിരെ ആക്രമണം നടത്തുമെന്ന് യു.എസ് ഭീഷണിപ്പെടുത്തുകയും മിഡിൽ ഈസ്റ്റിൽ ഏറ്റവും വലിയ സൈനിക വിന്യാസത്തിന് സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇറാൻ ചൈനയുമായി കപ്പൽവേധ ക്രൂയിസ് മിസൈലുകൾ വാങ്ങുന്നതിനുള്ള കരാറിലേക്ക് അടുക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും 2025 ജൂണിലെ ഇസ്രായേൽ -ഇറാൻ യുദ്ധത്തിന് ശേഷമാണ് ഈ ചർച്ചകൾ വേഗത്തിലായത്.പേർഷ്യൻ ഗൾഫിലും ഹോർമൂസ് കടലിടുക്കിലും അമേരിക്കൻ നാവികസേന ഉയർത്തുന്ന ഭീഷണികളെ നേരിടാനാണ് ഇറാൻ ഈ നീക്കം നടത്തുന്നത്. 1980 കളിൽ ചൈന ഇറാന്‍റെ പ്രധാന ആയുധവിതരണക്കാരായിരുന്നു.
ചൈനയുടെ സി.എം-302 എന്ന സൂപ്പർസോണിക് ആന്‍റി-ഷിപ്പ് ക്രൂയിസ് മിസൈലുകളാണ് ഇറാൻ വാങ്ങുന്നത്. ഇവയെ 'കാരിയർ കില്ലറുകൾ' എന്നാണ് പ്രതിരോധ വിദഗ്ധർ വിളിക്കുന്നത്. ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന ഈ മിസൈലുകൾക്ക് ഏകദേശം 290 കിലോമീറ്റർ ദൂരപരിധിയുണ്ട്. റഡാറുകളെ വെട്ടിച്ച് താഴ്ന്നു പറക്കാനുളള ഇവയുടെ ശേഷി കപ്പലുകളുടെ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ സഹായിക്കുന്നു. ഇവയുടെ വിന്യാസം ഇറാന്‍റെ ആക്രമണ ശേഷി ഗണ്യമായി വർധിപ്പിക്കാനും മേഖലയിലെ യു.എസ് നാവിക സേനക്ക് ഭീഷണി ഉയർത്താനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
മിസൈലുകൾക്ക് പകരമായി ചൈനക്ക് ഇറാൻ അസംസ്കൃത എണ്ണ നൽകുമെന്നാണ് സൂചന. നേരത്തെ ചൈനയുടെ HQ-9B വ്യോമപ്രതിരോധ സംവിധാനങ്ങളും ഇറാൻ ഇത്തരത്തിൽ വാങ്ങിയിരുന്നു. ചൈനീസ് ഉപരിതല-വ്യോമ മിസൈൽ സംവിധാനങ്ങൾ, മാൻപാഡുകൾ, ബാലിസ്റ്റിക് വിരുദ്ധ ആയുധങ്ങൾ, ഉപഗ്രഹ വിരുദ്ധ ആയുധങ്ങൾ എന്നിവ സ്വന്തമാക്കുന്നതിനുള്ള ചർച്ചകളും ഇറാൻ നടത്തിവരികയാണെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.