ഇത് ഇറാന്‍റേയോ അമേരിക്കയുടെയോ യുദ്ധമല്ല; ഇസ്രായേലാണ് അമേരിക്കയെ യുദ്ധത്തിലേക്ക് തള്ളിയിട്ടതെന്ന് ഇറാൻ

തെഹ്‌റാൻ: നിലവിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി ചർച്ച നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാൻ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ സമാധാന പദ്ധതി മുന്നോട്ടുവെച്ചെന്ന യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.

"പ്രതിരോധം തുടരുക എന്നതാണ് നിലവിൽ ഞങ്ങളുടെ നയം. ചർച്ചകൾക്ക് ഞങ്ങൾ തയാറല്ല. ഇതുവരെ അത്തരമൊരു നീക്കവും ഉണ്ടായിട്ടില്ല," ഇറാൻ സ്റ്റേറ്റ് ടെലിവിഷനിൽ അരാഗ്ചി പറഞ്ഞു. വിവിധ മധ്യസ്ഥർ വഴി അമേരിക്ക സന്ദേശങ്ങൾ അയക്കുന്നുണ്ടെങ്കിലും അതിനെ ചർച്ചകളായി കാണാനാവില്ലെന്നും, ഇപ്പോൾ ചർച്ചകളെക്കുറിച്ച് സംസാരിക്കുന്നത് തോൽവി സമ്മതിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേലിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് മേഖലയിൽ അമേരിക്കൻ സൈനിക താവളങ്ങൾ പ്രവർത്തിക്കുന്നതെന്ന് അരാഗ്ചി കുറ്റപ്പെടുത്തി. "ഇത് ഇറാന്‍റേയോ അമേരിക്കയുടെയോ യുദ്ധമല്ല. ഇസ്രായേലാണ് അമേരിക്കയെ ഈ യുദ്ധത്തിലേക്ക് തള്ളിയിട്ടത്. ഇസ്രായേലിന്റെ സുരക്ഷക്ക് വേണ്ടി എന്തിനെയും ബലികൊടുക്കാൻ അമേരിക്ക തയാറാണ്," അദ്ദേഹം പറഞ്ഞു.

മേഖലയിലെ അമേരിക്കൻ താല്പര്യങ്ങളെ ലക്ഷ്യം വെക്കുന്നത് തുടരുമെന്നും അമേരിക്കയുമായി സഹകരിക്കുന്ന രാജ്യങ്ങളും തങ്ങളുടെ ലക്ഷ്യ പട്ടികയിൽ ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. തങ്ങൾ നേരിട്ട നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്ന ആവശ്യവും ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്.

ഹുർമൂസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നത് ഇറാന്റെ 'ശത്രു രാജ്യങ്ങൾക്ക്' മാത്രമാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഹുർമൂസിലൂടെ സൗഹൃദ രാജ്യങ്ങളിലെ കപ്പലുകൾക്ക് സുരക്ഷിതമായ പാത ഒരുക്കിയിട്ടുണ്ട്. ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ പാതയിലെ നിയന്ത്രണം ആഗോള വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.

ഇറാൻ തങ്ങളുടെ ആണവ പദ്ധതികളും ബാലിസ്റ്റിക് മിസൈൽ ശേഖരവും പൂർണ്ണമായും ഉപേക്ഷിക്കണമെന്ന 15 ഇന കർമ്മപദ്ധതിയാണ് ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ചത്. കരാറിന് തയാറായില്ലെങ്കിൽ ഇറാൻ 'നരകം' കാണേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് വക്താവ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, തങ്ങളുടെ സുരക്ഷയെ ഭീഷണിപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് തിരിച്ചടികളിലൂടെ തെളിയിച്ചതായാണ് ഇറാന്റെ നിലപാട്. 

Tags:    
News Summary - Iran Says No Plans For Talks With US, Seeks Permanent End To War

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.