തെഹ്റാൻ: യു.എൻ ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിക്കുമെന്ന് ഇറാൻ. രാജ്യത്തിനുമേൽ ഫ്രാൻസ്, ജർമ്മനി, യു.കെ തുടങ്ങിയ രാജ്യങ്ങൾ വീണ്ടും ഉപരോധം ഏർപ്പെടുത്താൻ ഒരുങ്ങുന്നതാണ് ഇറാനെ പ്രകോപിച്ചത്. നേരത്തെ ഇറാനുമേലുള്ള ഉപരോധം പിൻവലിക്കുന്നതിനുള്ള പ്രമേയം യു.എൻ രക്ഷാസമിതിയിൽ പരാജയപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ഇറാനുമേൽ ഉപരോധം വീണ്ടും ഏർപ്പെടുത്തുന്നതിനുള്ള നടപടികൾക്ക് മൂന്ന് യുറോപ്യൻ രാജ്യങ്ങൾ തുടക്കം കുറിക്കുകയായിരുന്നു. 2015ലെ ആരോവർജ പദ്ധതിയിലെ വ്യവസ്ഥകൾ ഇറാൻ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു യുറോപ്യൻ രാജ്യങ്ങളുടെ നടപടി.
കഴിഞ്ഞ ദിവസം പ്രസിഡന്റ് മസൂദ് പെസഷ്‍കിയാന്റെ അധ്യക്ഷതയിൽ ചേർന്ന ഇറാന്റെ ദേശീയ പരമോന്നത കൗൺസിൽ യോഗത്തിലാണ് യു.എൻ ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നത്. യുറോപ്യൻ രാജ്യങ്ങളുടെ നടപടികൾ ആണവോർജ ഏജൻസിയുമായുള്ള ഇറാന്റെ സഹകരണം അവസാനിപ്പിക്കുന്നതിന് കാരണമാകുമെന്ന് രാജ്യത്തിന്റെ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഈ മാസം ആദ്യം ഇറാനും യു.എൻ ആണവോർജ ഏജൻസിയും തമ്മിൽ കരാറിലെത്തിയിരുന്നു. പരിശോധനകൾ പുനഃരാരംഭിക്കുന്നതിനാണ് കരാറിലെത്തിയത്. കെയ്റോയിൽ നടത്തിയ യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
നേരത്തെ ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസി (ഐ.എ.ഇ.എ)യുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവെക്കുന്നതിനുള്ള നിയമത്തിന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അന്തിമ അംഗീകാരം നൽകിയിരുന്നു. ജൂൺ 13ന് ഇറാനെതിരായ ഇസ്രായേൽ ആക്രമണവും പിന്നീട് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.