തെഹ്റാൻ: യുദ്ധത്തിൽ വെടിനിർത്തൽ നടപ്പാക്കുന്നതിന് യു.എസുയുമായുള്ള ചർച്ചയിൽ ധാരണയിലെത്താൻ കഴിഞ്ഞില്ലെങ്കിലും നയതന്ത്ര ശ്രമങ്ങൾ തുടരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 'നയതന്ത്രം ഒരിക്കലും അവസാനിക്കുന്നില്ല' എന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായേൽ ബഗായ് പറഞ്ഞു.
ഇറാന്‍റെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് നയതന്ത്രം ഒരു പ്രധാന ഉപകരണമാണെന്നും പാകിസ്താനുമായും മറ്റ് സൗഹൃദ, അയൽ രാജ്യങ്ങളുമായും കൂടിയാലോചനകൾ തുടരുമെന്നും ബഗായ് കൂട്ടിച്ചേർത്തു. അഞ്ച് ആഴ്ച നീണ്ട ഇറാൻ- ഇസ്രായേൽ- യു.എസ് യുദ്ധത്തിന് വെടിനിർത്തൽ നടപ്പാക്കുന്നതിന് ഇസ്‌ലാമാബാദിൽ നടന്ന ചർച്ച ധാരണയിലെത്താതെ പിരിയുകയായിരുന്നു. തുടർന്ന് ഇരുസംഘവും ഇസ്‌ലാമാബാദിൽനിന്ന് സ്വദേശത്തേക്ക് തിരിച്ചു.
അതേസമയം വെടിനിർത്തൽ നിലനിർത്താനും ചർച്ചകളിലേക്ക് മടങ്ങാനും ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് അമേരിക്കയോടും ഇറാനോടും അഭ്യർഥിച്ചു. ഇസ്ലാമാബാദ് ചർച്ചകൾ, ധാരണയിലെത്താതെ അവസാനിച്ചത് നിരാശാജനകമാണെന്ന് വോങ് പറഞ്ഞു. വെടിനിർത്തൽ നിലനിർത്തുകയും നയതന്ത്രം പുനരാരംഭിക്കുകയും ചെയ്യുക എന്നതായിരിക്കണം ഇപ്പോൾ മുൻഗണന. ഏതൊരു സംഘർഷവും മനുഷ്യരുടെ മരണനിരക്ക് വർധിപ്പിക്കുമെന്നും ആഗോള സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
യു.എസും ഇറാനും വെടിനിർത്തലിനോടുള്ള പ്രതിബദ്ധത നിലനിർത്തണമെന്നും അനുകൂലമനസ്സോടെ ചർച്ചകൾ തുടരണമെന്നും മധ്യസ്ഥ ചർച്ചക്ക് നേതൃത്വം നൽകിയ പാകിസ്താനും ആവശ്യപ്പെട്ടിരുന്നു. മേഖലയിൽ 'ശാശ്വത സമാധാനവും സമൃദ്ധിയും' കൈവരിക്കുന്നതിനായി ഇരുപക്ഷവും പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ പറഞ്ഞു. ഇരുപക്ഷവും തമ്മിലുള്ള ചർച്ചകള്‍ക്ക് പാകിസ്താൻ തുടർന്നും വേദിയൊരുക്കുമെന്നും വെടിനിർത്തൽ ചർച്ചയിൽ പാകിസ്താന്റെ പങ്ക് അംഗീകരിച്ചതിന് ഇരുരാജ്യങ്ങളോടും നന്ദിയുണ്ടെന്നും ദർ കൂട്ടിച്ചേർത്തു.
ആഴ്ചകൾ നീണ്ട സംഘർഷത്തിനും കടുത്തഅവിശ്വാസത്തിനുമിടെ ഒറ്റ റൗണ്ട് ചർച്ചയിൽ അമേരിക്കയുമായി ഒരു കരാർ പ്രതീക്ഷിക്കുന്നത് യാഥാർഥ്യത്തിന് നിരക്കാത്തതാണെന്നായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ് പറഞ്ഞത്. ചില വിഷയങ്ങളിൽ ഇരുപക്ഷവും ഒരു ധാരണയിലെത്തിയെങ്കിലും "രണ്ടോ മൂന്നോ പ്രധാന" കാര്യങ്ങളിൽ ഭിന്നത തുടരുകയാണെന്ന് ബഗായ് പറഞ്ഞു. യു.എസ് ഈ വിഷയത്തിന് നൽകുന്ന ഗൗരവവും വിശ്വാസവും, ഇറാന്റെ നിയമപരമായ അവകാശങ്ങളും താൽപ്പര്യങ്ങളും അംഗീകരിക്കപ്പെടുന്നതും ആശ്രയിച്ചായിരിക്കും ചർച്ചയുടെ പുരോഗതി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.