നിർണായക പ്രഖ്യാപനവുമായി ട്രംപ്: ‘വെടിനിർത്താൻ ഇറാൻ ആവശ്യ​​പ്പെട്ടു, അവരുടെ പുതിയ പ്രസിഡന്റ് കൂടുതൽ ബുദ്ധിശാലി’

വാഷിങ്ടൺ: ആഗോളതലത്തിലും രാജ്യത്തിനകത്തും കാര്യങ്ങൾ കൈവിട്ടുപോകുന്നുവെന്ന സൂചനകൾക്കൊടുവിൽ ‘ഇറാൻ കുരുക്കി’ൽനിന്ന് തലയൂരാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയോട് വെടിനിർത്തലിന് ഇറാൻ ഭരണകൂടം അഭ്യർഥിച്ചതായി ട്രംപ് പറഞ്ഞു. ഇറാനിലെ പുതിയ ഭരണകൂടം മുൻഗാമികളെ അപേക്ഷിച്ച് തീവ്രവാദ നിലപാടുകൾ കുറഞ്ഞവരാണെന്നും പുതിയ പ്രസിഡന്റ് കൂടുതൽ ബുദ്ധിശാലിയാണെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പറഞ്ഞു.

ലോകവ്യാപാരത്തിന്റെ നിർണായക പാതയായ ഹോർമുസ് കടലിടുക്ക് തുറക്കുകയും തടസ്സങ്ങളില്ലാതെ കപ്പൽ ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്താൽ വെടിനിർത്തൽ കരാർ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിബന്ധനകൾ പാലിക്കാത്ത പക്ഷം ഇറാനെ നാമാവശേഷമാക്കുമെന്നും ശിലായുഗത്തിലേക്ക് കൊണ്ടുപോുകമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാനുനേരെ 33 ദിവസമായി തുടരുന്ന ആക്രമണം അവസാനിപ്പിക്കുമെന്ന് ​ട്രംപ് ബുധനാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സൂചന നൽകിയിരുന്നു. രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ സൈനികനീക്കം അവസാനിപ്പിക്കുമെന്ന് അറിയിച്ച പ്രസിഡന്റ്, മണിക്കൂറുകൾക്കുശേഷം ഇറാൻ പ്രസിഡന്റ് വെടിനിർത്തൽ ആവശ്യപ്പെട്ടതായും അവകാശപ്പെട്ടു. യുദ്ധം നിർത്തുന്നതുസംബന്ധിച്ച നിർണായക പ്രഖ്യാപനം വ്യാഴാഴ്ച ഇന്ത്യൻ സമയം രാവിലെയുണ്ടാകുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളും വ്യക്തമാക്കി. എന്നാൽ, ലബനാനിലും ഇറാനിലും ആക്രമണം തുടരുമെന്ന് ഇസ്രായേൽ അറിയിച്ചു.

അതേസമയം, ട്രംപിന്റെ പ്രസ്താവന തള്ളിയ ഇറാൻ, ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കുമെതിരായ പ്രത്യാക്രമണം ശക്തമാക്കി. ഉടമ്പടികളിൽ വിശ്വാസമില്ലാത്ത ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തെ മുഖവിലക്കെടുക്കില്ലെന്നും ആറുമാസം കൂടി യുദ്ധം തുടരാനുള്ള ശേഷി തങ്ങൾക്കുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു.

നേരത്തേ, ഹുർമുസ് കടലിടുക്ക് തുറന്നാൽ യുദ്ധ വിരാമം എന്നതായിരുന്നു ട്രംപിന്റെ പ്രധാന വ്യവസ്ഥ. എന്നാലിപ്പോൾ ഈ നിബന്ധനയിൽനിന്ന് അദ്ദേഹം പിന്മാറുന്നതാണ് ഇന്നലെ കണ്ടത്. നിശ്ചിത തീയതിക്കുള്ളിൽ ലക്ഷ്യം നേടുമെന്നും ഹുർമുസ് എണ്ണ നീക്കത്തിന് ഇനി മറ്റു രാജ്യങ്ങൾ മുൻകൈ എടുക്കണമെന്നും യു.എസ് താൽപര്യങ്ങൾ മാത്രമാണ് തനിക്ക് പ്രധാനമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇതിനിടെ, നാ​റ്റോയിൽനിന്ന് പുറത്തുപോകുമെന്നും അദ്ദേഹം പറഞ്ഞു. നാറ്റോയെ ‘കടലാസ് പു​ലി’യെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഖത്തറിൽ എണ്ണ ടാങ്കറിനുനേരെയുണ്ടായ മിസൈൽ ആക്രമണമടക്കം ഗൾഫ് രാജ്യങ്ങളിൽ കനത്ത ആ​ക്രമണം നടന്നു. ഇസ്രായേൽ ലക്ഷ്യമാക്കി ഇറാനു പുറമെ ലബനാനിൽനിന്ന് ഹിസ്ബുല്ലയും മിസൈലാക്രമണം നടത്തുന്നുണ്ട്. ഹൂതികളും ഇസ്രായേൽ ലക്ഷ്യംവെക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിന് ചൈന-പാക് സംയുക്ത നീക്കം ആരംഭിച്ചു. വെടിനിർത്തൽ, കപ്പൽ സുരക്ഷ തുടങ്ങി യുദ്ധ വിരാമത്തിന് ഇരുകൂട്ടരും ചേർന്ന് അഞ്ചിന നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടിട്ടുണ്ട്.  

Tags:    
News Summary - 'Iran has asked for ceasefire': Trump claims new regime 'less radical', says no deal till Hormuz is free

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.