തെഹ്റാൻ: യു.എസിന്‍റെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന്‍റെ തൊട്ടടുത്ത ദിവസം ഇസ്രായേൽ രഹസ്യ സംഘടനയായ മൊസ്സാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റത്തിന് മൂന്നുപേരെ ഇറാൻ തൂക്കിക്കൊന്നു. വധശിക്ഷക്ക് വിധേയരായവർ ആയുധം കടത്തിയതായും ഇറാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായെലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 700 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 12 ദിവസം നീണ്ടുനിന്ന സായുധ സംഘർഷങ്ങൾക്ക് ചൊവ്വാഴ്ച നിലവിൽവന്ന വെടിനിർത്തൽ കരാറോടെയാണ് ശമനമായത്.
ഇസ്രായേലിനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് കാണിച്ച് ആദ്യമായല്ല ഇറാനിൽ വധശിക്ഷ നടപ്പാക്കുന്നത്. ഇരുരാജ്യങ്ങളുമായി പതിറ്റാണ്ടുകൾ നീണ്ട സംഘർഷം നിലനിൽക്കെ, മൊസ്സാദുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ നിരവധി പേരെ തൂക്കിലേറ്റിയിട്ടുണ്ട്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ സംഘർഷത്തിനാണ് മിഡിൽ ഈസ്റ്റ് കഴിഞ്ഞ രണ്ടാഴ്ച സാക്ഷ്യം വഹിച്ചത്. ഇസ്രായേലിനൊപ്പം യു.എസ് കൂടി ചേർന്നതോടെ സംഘർഷം മേഖലയിലാകെ അശാന്തി വിതച്ചു. ഇറാനിലെ ആണവ കേന്ദ്രങ്ങളായ ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ യു.എസ് ബോംബിട്ടു.
എന്നാൽ പിന്നീട് യു.എസിന്‍റെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ മേഖല സമാധാനത്തിലേക്ക് തിരികെ വരികയാണ്. ഇതിനിടെ ഇറാന്റെ ആണവ പദ്ധതികൾ പൂർണമായും തകർത്തുവെന്ന അമേരിക്കൻ അവകാശവാദം തെറ്റാണെന്ന സൂചന നൽകി പെന്റഗൺ ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നു. ശനിയാഴ്ചയിലെ ബോംബിങ്ങിൽ ഇറാന്റെ സമ്പുഷ്ട യുറേനിയം ശേഖരം നശിപ്പിക്കാൻ യു.എസ് ആക്രമണത്തിന് കഴിഞ്ഞിട്ടില്ലെന്നും പെന്റഗണിന്റെ പ്രധാന ഇന്റലിജൻസ് വിഭാഗമായ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥരിൽ ചിലർ ബി.ബി.സിയുടെ അമേരിക്കൻ പങ്കാളിയായ സി.ബി.എസിനോട് വെളിപ്പെടുത്തി. ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തുന്ന തങ്ങളുടെ ഇന്റലിജൻസ് റിപ്പോർട്ട് ചോർന്നത് അമേരിക്കക്ക് നാണക്കേടായി.
അതേസമയം, ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കാൻ കഴിഞ്ഞിട്ടില്ലെന്ന ഇന്റലിജൻസ് വെളിപ്പെടുത്തലിനെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ആണവകേന്ദ്രങ്ങൾ പൂർണമായി തകർത്തിട്ടുണ്ടെന്നും ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക നീക്കത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് മാധ്യമങ്ങൾ നടത്തുന്നതെന്നും ട്രംപ് എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.