അൽ ജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂഹിന്റെ മകൻ ഹംസ ദഹ്ദൂഹിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ 

ഗസ്സയിൽ മാധ്യമപ്രവർത്തകർക്കെതിരായ ക്രൂരത അന്വേഷിക്കുന്നതായി അന്താരാഷ്ട്ര കോടതി

ഗസ്സ: ഗസ്സയിൽ മാധ്യമപ്രവർത്തകരെ ഇസ്രായേൽ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നതും ആക്രമിക്കുന്നതും സംബന്ധിച്ച് അന്വേഷണം നടത്തുന്നതായി അന്താരാഷ്ട്ര കോടതി. ഫലസ്തീനിലെ സ്ഥിതിഗതികൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി മാധ്യമപ്രവർത്തകർക്കെതിരായ കുറ്റകൃത്യങ്ങളും പരിശോധിച്ച് വരികയാണെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐ.സി.സി) ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ അറിയിച്ചതായി റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്) ആണ് വ്യക്തമാക്കിയത്.

ഒക്‌ടോബർ 8 മുതൽ ഗസ്സയിലെ മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തുന്നത് സംബന്ധിച്ച് രണ്ട് പരാതികൾ ആർ.എസ്.എഫ് അന്താരാഷ്ട്ര കോടതിക്ക് നൽകിയിട്ടുണ്ട്. ‘ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ കൂട്ടക്കൊല സംബന്ധിച്ച്, ചുരുങ്ങിയത് ഒക്‌ടോബർ 7 മുതൽ 79 പേർ കൊല്ലപ്പെട്ടത് സംബന്ധിച്ച് ഐ.സി.സിയുടെ ശക്തമായ അന്വേഷണം നടത്തണം’ -ആർ.എസ്.എഫ് സെക്രട്ടറി ജനറൽ ക്രിസ്റ്റോഫ് ഡെലോയർ പറഞ്ഞു.

അൽ ജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂഹിന്റെ മകൻ ഹംസ ദഹ്ദൂഹും (27) സഹപ്രവർത്തകൻ മുസ്തഫ തുറായയും ആണ് ഏറ്റവും ഒടുവിൽ ഗസ്സയിൽ കൊല്ലപ്പെട്ടത്. ഫോട്ടോ ജേണലിസ്റ്റാണ് ഹംസയെയും മുസ്തഫയെയും കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ വധിച്ചത്. 52 കാരനായ വാഇൽ ദഹ്ദൂഹ് ഇസ്രായേൽ വ്യോമാക്രമണത്തിൽനിന്ന് അടുത്തിടെയാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. അന്ന് നടന്ന ആക്രമണത്തിൽ കാമറമാൻ സാമിർ അബൂ ദഖ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - International court investigating crimes against journalists in Palestine: RSF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.