റഫയിലെ സന്നദ്ധ സംഘടനകളെ തുരത്തിയോടിക്കാൻ ഇസ്രായേൽ; ആറ് ലക്ഷം കുട്ടികൾ മരണമുഖത്തെന്ന് ലോകാരോഗ്യ സംഘടന

ഗസ്സ: യു.എൻ ഏജൻസികളടക്കമുള്ള അന്താരാഷ്ട്ര സന്നദ്ധ സംഘടനകളെ റഫയിൽനിന്ന് തുരത്തിയോടിക്കാൻ ഒരുങ്ങി ഇസ്രായേൽ സർക്കാർ. ലോകരാഷ്ട്രങ്ങളുടെ എതിർപ്പുകൾ അവഗണിച്ച് കരയുദ്ധത്തിന് യുദ്ധടാങ്കുകൾ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി റഫയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ഇസ്രായേൽ മുന്നറിയിപ്പ്.


ഗസ്സയിലേക്ക് സഹായം എത്തിക്കാൻ ഉപയോഗിച്ചിരുന്ന റഫ ക്രോസിങ് ഉൾപ്പെടെ രണ്ട് പ്രധാന അതിർത്തികൾ ഇസ്രായേൽ സൈനികർ അടച്ചുപൂട്ടിയിരുന്നു. സൈനിക നീക്കം നടക്കുന്നതിനാൽ റഫ പ്രദേശം വിട്ടുപോകണമെന്ന് ഇസ്രായേൽ സർക്കാർ വാക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ഏജൻസിയാണ് റി​പ്പോർട്ട് ചെയ്തത്.

അതിനിടെ, റഫയിലെ ഇസ്രായേൽ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആവശ്യപ്പെട്ടു. റഫയിൽ നടത്തുന്ന സൈനിക നീക്കം 6,00,000 കുട്ടികൾ ഉൾപ്പെടെ 15 ലക്ഷം ഫലസ്തീനികളുടെ ജീവിതത്തെ അപകടത്തിലാക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ കിഴക്കൻ മെഡിറ്ററേനിയൻ റീജനൽ ഡയറക്ടർ ഹനാൻ ബാൽക്കി പറഞ്ഞു.


ലോകാരോഗ്യ സംഘടനയും അനുബന്ധ യു.എൻ ഏജൻസികളും റഫയിൽ സേവനത്തിന് പ്രതിജ്ഞാബദ്ധരാണെങ്കിലും അതിർത്തി കവാടങ്ങൾ അടച്ചതിനാൽ നിസ്സഹായാവസ്ഥയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാനുഷിക സഹായങ്ങൾ ലഭ്യമാക്കണമെങ്കിൽ അതിർത്തി ഉടൻ തുറക്കണമെന്നും മനുഷ്യരാശിക്ക് വേണ്ടി ഗസ്സയിൽ അടിയന്തര വെടിനിർത്തൽ അനിവാര്യമാ​ണെന്നും ഹനാൻ ബാൽക്കി വ്യക്തമാക്കി. 


Tags:    
News Summary - International agencies must leave Rafah areas with active military operations: Israeli gov’t

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.