ചോദ്യമായി ഇന്റലിജൻസ് വീഴ്ച; ഹമാസ് ആക്രമണത്തോടെ ഇസ്രായേൽ ​സൈന്യം കനത്ത നിരീക്ഷണത്തിൽ

തെൽ അവീവ്: ഹമാസിന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണം തടയാൻ പരാജയപ്പെട്ടതോടെ ചോദ്യം ചെയ്യപ്പെടുന്നത് ഇസ്രായേലിന്റെ ഇന്റലിജൻസ് വീഴ്ച. ആക്രമണത്തിന്റെ സൂചന പോലും ഇന്റലിജൻസ് ഏജൻസികൾക്ക് മണത്തറിയാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്നാണ് ചോദ്യമുയരുന്നത്.

യോങ്കിപ്പൂർ യുദ്ധത്തിനു സമാനമായ ആക്രമണമാണ് നടന്നിരിക്കുന്നത് എന്നാണ് ഇസ്രായേൽ ദേശീയ സുരക്ഷ കൗൺസിൽ മുൻ മേധാവി റിട്ട. ജനറൽ ജിയോറ ഐലൻഡിന്റെ അഭിപ്രായം. കൃത്യമായി ആസൂത്രണം ചെയ്ത ഹമാസിന്റെ ആക്രമണത്തിന് മുന്നിൽ കുറച്ചുനേര​ത്തേക്കാണെങ്കിലും ഇസ്രായേൽ പൂർണമായും നിശ്ചലമായി ​പോയി എന്നാണ് ജിയോറ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ഇന്റലിജൻസിന്റെ വീഴ്ചയെ കുറിച്ച് അന്വേഷണമുണ്ടാകും. എന്നാൽ തൽകാലം പ്രത്യാക്രമണത്തിലാണ് ഊന്നലെന്നും ജിയോറ വ്യക്തമാക്കി. വർഷങ്ങളായി ഇസ്രായേലിന്റെ കടുത്ത ഉപരോധത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ഗസ്സവാസികൾ. കഴിഞ്ഞ 18 മാസമായി വെസ്റ്റ്ബാങ്ക് കേന്ദ്രീകരിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണങ്ങൾ. അതിനാൽ അത്രയും കാലം ഗസ്സ താരതമ്യേന ശാന്തമായിരുന്നു.

ഹമാസ് ഏറെ കാലമായി ഈ ആക്രമണത്തിനായി ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് നിർഭാഗ്യവശാൽ തിരിച്ചറിയാൻ സാധിച്ചില്ലെന്നും ഇസ്രായേൽ മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഇയാൽ ഹുലത പ്രതികരിച്ചു.

നേരത്തേ കടൽവഴിയും ഈജിപ്ഷ്യൻ അതിർത്തി വഴിയും മിസെലുകൾ കടത്തിക്കൊണ്ടിരുന്ന ഹമാസ് ഇപ്പോൾ സ്വന്തമായി അത്യാധുനിക മിസൈലുകൾ നിർമിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വലിയ ആക്രമണത്തിന് ഹമാസ് പദ്ധതിയിടുന്നതായും സംശയിച്ചിരുന്നു. എന്നാൽ ഹമാസിന്റെ പതിവ് റോക്കറ്റാക്രമണങ്ങൾ മാത്രം പ്രതീക്ഷിച്ചയിടത്താണ് ഇസ്രായേലിന് അടിപതറിയത്.

Tags:    
News Summary - ‘Intelligence failure’ Israeli forces under scrutiny after major Hamas offensive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.