ബോംബുകളുടെ കാതടപ്പിക്കുന്ന ശബ്ദം, തലക്ക് മുകളിൽ ഡ്രോണുകളുടെ ഇരമ്പം... ക്രിസ്മസിനും ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ

ഗസ്സ സിറ്റി: ക്രിസ്മസ് നാളിലും ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. ഗസ്സയുടെ കിഴക്കൻ ഭാഗത്ത് ഇസ്രായേലി ബോംബാക്രമണത്തിന്റെയും ഡ്രോണുകളുടെയും ശബ്ദം ക്രിസ്മസ് രാത്രി മുഴുവനും ഇന്ന് പുലർച്ചെയും മുഴങ്ങിക്കേട്ടതായാണ് റിപ്പോർട്ട്. ഗസ്സയിലുടനീളമുള്ള അവശേഷിക്കുന്ന പല പള്ളികളും ക്രിസ്മസ് ആഘോഷമുണ്ടായില്ല. പള്ളികളിൽ ചെറിയ ഒത്തുചേരലുകളും പ്രാർത്ഥനകളും മാത്രമാണ് നടന്നത്.

വടക്കൻ ഗസ്സയിലെ ജബാലിയ പ്രദേശത്ത് ഇസ്രായേൽ സൈന്യം ഒരു ഫലസ്തീനിയെ കൊല്ലുകയും നിരവധി പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തതായി ആംബുലൻസ് ആൻഡ് എമർജൻസി സർവീസസ് അറിയിച്ചു.

കിഴക്കൻ ലെബനനിലെ ബെക്ക താഴ്‌വര പ്രദേശത്തെ ഹോച്ച് അൽ-സയ്യിദ് അലി ഗ്രാമത്തിന് സമീപം ഇസ്രായേലി ഡ്രോൺ ഒരു കാറിൽ ഇടിച്ചുകയറി രണ്ട് പേർ കൊല്ലപ്പെട്ടതായി ലെബനന്റെ ദേശീയ വാർത്താ ഏജൻസി അറിയിച്ചു.

അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിന് വടക്കുകിഴക്കായി സായിർ പട്ടണത്തിലെ വീടുകൾക്ക് നേരെ ഇസ്രായേലി കുടിയേറ്റക്കാർ നടത്തിയ ആക്രമണത്തിൽ എട്ട് മാസം മാത്രം പ്രായമുള്ള ഫലസ്തീൻ പെൺകുട്ടിക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം കിഴക്കൻ ഗസ്സയിലെ ശുജാഇയ്യയിൽ രണ്ട് ഫലസ്തീനികളെ ഇസ്രായേൽ വെടിവെച്ച് കൊന്നിരുന്നു. ഇസ്രായേൽ 875 തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫിസ് പറയുന്നത്.

ഗസ്സയിലെ കൂടാരങ്ങളെക്കുറിച്ച് എന്തുകൊണ്ട് ചിന്തിക്കാൻ കഴിയുന്നില്ല...? - മാർപാപ്പ

വത്തിക്കാൻ സിറ്റി: ക്രിസ്മസ് പ്രസംഗത്തിൽ ഗസ്സയിലെ ഫലസ്തീനികളുടെ അവസ്ഥ ലോകത്ത ഓർമിപ്പിച്ച് ലിയോ മാർപ്പാപ്പ. ലോകത്തിലെ ജനങ്ങൾക്കിടയിൽ ദൈവം "തന്റെ ദുർബലമായ കൂടാരം സ്ഥാപിച്ചു" എന്ന് യേശു കാലിത്തൊഴുത്തിൽ ജനിച്ചത് തെളിയിക്കുന്നുവെന്ന് പറഞ്ഞ മാർപാപ്പ, ആഴ്ചകളോളം മഴയും കാറ്റും തണുപ്പും ഏറ്റ് കഴിയുന്ന ഗസ്സയിലെ കൂടാരങ്ങളെക്കുറിച്ച് നമുക്ക് എന്തുകൊണ്ട് ചിന്തിക്കാൻ കഴിയുന്നില്ല എന്ന് ചോദിച്ചു. കഴിഞ്ഞ ദിവസം നൽകിയ സന്ദേശത്തിൽ, അമേരിക്കൻ ഭൂഖണ്ഡത്തിലെ കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും അവസ്ഥയിൽ ദുഃഖം പ്രകടിപ്പിച്ചിരുന്നു. ബുധനാഴ്ച ക്രിസ്മസ് രാവിലെ പ്രസംഗത്തിൽ, ദരിദ്രരെയും അപരിചിതരെയും സഹായിക്കാൻ വിസമ്മതിക്കുന്നത് ദൈവത്തെ തന്നെ നിരസിക്കുന്നതിന് തുല്യമാണെന്ന് പോപ്പ് പറഞ്ഞു.

ഗസ്സയിൽനിന്ന് ഒരിക്കലും പൂർണമായി പിന്മാറില്ല -ഇസ്രായേൽ പ്രതിരോധ മന്ത്രി

തെൽ അവീവ്: ഗസ്സ മുനമ്പിൽ സ്ഥിരമായ സൈനിക സാന്നിധ്യം നിലനിർത്തുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേൽ പത്രം റിപ്പോർട്ട് ചെയ്തു. ഹമാസ് നിരായുധീകരണം നടത്തിയാൽ ട്രംപിന്റെ 20-ഇന സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയാലും. ഗസ്സ മുനമ്പിനുള്ളിൽ ഒരു പ്രധാന സുരക്ഷാ മേഖല ഉണ്ടാകും -കാറ്റ്‌സ് വ്യക്തമാക്കി. നിരായുധീകരിക്കുന്നതിൽ ഹമാസ് പരാജയപ്പെട്ടാൽ "ഞങ്ങൾ അത് ചെയ്യും" എന്നും കാറ്റ്സ് മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Sound of Israel’s bombs, hum of drones drown out Christmas in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.