ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: വടക്ക് പടിഞ്ഞാറൻ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര കേന്ദ്രങ്ങളിൽ ക്രിസ്മസ് ദിനത്തിൽ വ്യോമാക്രമണം നടത്തി യു.എസ് സൈന്യം. പെർഫക്ട് സ്ട്രൈക്ക് എന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചത്. നൈജീരിയയിലെ ക്രിസ്ത്യാനികളെ കൊല്ലുന്നത് നിർത്തണമെന്ന് ഭീകരർക്ക് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം. നൈജീരിയൻ അധികൃതരുടെ അഭ്യർഥനപ്രകാരം നടത്തിയ ആക്രമണത്തിൽ നിരവധി ഐ.എസ് ഭീകരർ കൊല്ലപ്പെട്ടതായി പ്രതിരോധ വകുപ്പ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
"ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ നരകയാതന അനുഭവിക്കേണ്ടിവരുമെന്ന് ഞാൻ മുമ്പ് ഈ തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് രാത്രി അത് സംഭവിച്ചു" ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്തിലെ പോസ്റ്റിൽ പറഞ്ഞു.
നമ്മുടെ സൈന്യത്തെ ദൈവം അനുഗ്രഹിക്കട്ടെയെന്നും കൊല്ലപ്പെട്ട തീവ്രവാദികൾ ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നുവെന്നും ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് തുടർന്നാൽ ഇനിയും ഇത് ആവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൈജീരിയയിൽ നടപടിയെടുക്കാനുള്ള സൈന്യത്തിന്‍റെ സന്നദ്ധതയെ പെന്റഗൺ മേധാവി പീറ്റ് ഹെഗ്‌സെത്ത് എക്‌സിൽ പ്രശംസിച്ചു. നൈജീരിയൻ സർക്കാറിന്റെ പിന്തുണയ്ക്കും സഹകരണത്തിനും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന് കീഴിൽ നൈജീരിയയിൽ യു.എസ് സേന നടത്തിയ ആദ്യ ആക്രമണമാണിത്. നൈജീരിയയിലെ എണ്ണമറ്റ സായുധ സംഘട്ടനങ്ങൾക്കിടയിൽ അവിടുത്തെ ക്രിസ്ത്യാനികളുടെ നിലനിൽപ് ഭീഷണിയിലാണെന്ന് പറഞ്ഞ് മുമ്പ് ട്രംപ് നൈജീരിയയെ വിമർശിച്ചിരുന്നു.
നയതന്ത്ര ആക്രമണത്തെ ചിലർ സ്വാഗതം ചെയ്തെങ്കിലും മുൻകാലങ്ങളിൽ വംശീയ അക്രമങ്ങൾ നിറഞ്ഞാടിയ നൈജീരിയയിൽ മതപരമായ സംഘർഷങ്ങൾ ആളിക്കത്തിക്കുന്നതാണ് യു.എസ് നടപടിയെന്നും വിമർശനമുയരുന്നുണ്ട്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് നൈജീരിയ.
ഈ വർഷം നൈജീരിയയെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയിൽ യു.എസ് വീണ്ടും ഉൾപ്പെടുത്തിയിരുന്നു. നൈജീരിയക്കാർക്ക് വിസ നൽകുന്നതും പരിമിതപ്പെടുത്തി. 15 വർഷത്തിലേറെയായി ബോക്കോ ഹറാം തീവ്രവാദ സംഘത്തിന്‍റെ പിടിയിലാണ് നൈജീരിയയുടെ വടക്കുകിഴക്കൻ ഭാഗം. ഇതിനോടകം ഭീകരാക്രമണങ്ങളിൽ 40,000 ത്തിലധികം പേർ കൊല്ലപ്പെടുകയും രണ്ട് ദശലക്ഷം ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തു. അതേസമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ കൊള്ളക്കാർ ഗ്രാമീണരെ കൊല്ലുകയും തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.