ഗസ്സ സിറ്റി: ഗസ്സയിൽ ക്രിസ്മസ് ആഘോഷത്തിനിടെ ഇസ്രായേൽ പൊലീസിന്‍റെ അതിക്രമം. ഹൈഫയിൽ നടന്ന ക്രിസ്മസ് പാർട്ടിയിലേക്ക് ഇസ്രായേൽ പൊലീസ് എത്തി സാന്താക്ലോസിന്റെ വേഷം ധരിച്ച ഫലസ്തീനിയെ അറസ്റ്റ് ചെയ്തു. ആഘോഷം നടന്ന സ്ഥലം അടച്ചുപൂട്ടുകയും ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്തു.
ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇസ്രായേൽ പൊലീസ് പുരുഷന്മാരെ നിലത്തേക്ക് തള്ളിയിടുന്നതും ആളുകൾ നോക്കിനിൽക്കെ കൈ വിലങ്ങിടുന്നതും കാണാം.
സാന്താക്ലോസ് വേഷം ധരിച്ച ആൾ അറസ്റ്റ് ചെറുത്ത് ഒരു ഉദ്യോഗസ്ഥനെ ആക്രമിച്ചെന്ന് ഇസ്രായേലി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
പൊലീസ് അമിത ബലപ്രയോഗം നടത്തിയെന്നും സംഗീത ഹാളിൽ നടത്തിയ റെയ്ഡ് നിയമപരമായ അധികാരമില്ലാതെയാണെന്നും ഇസ്രായേലിലെ ഫലസ്തീൻ പൗരന്മാർക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ മൊസാവ സെന്റർ അറിയിച്ചു.
വെസ്റ്റ് ബാങ്കിലും ഗസ്സയിലും ക്രിസ്മസിനിടയിലും ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെയാണ് ഈ അറസ്റ്റും ഉണ്ടായിരിക്കുന്നത്. ക്രിസ്മസ് നാളിലും ഗസ്സയുടെ കിഴക്കൻ ഭാഗത്ത് ഇസ്രായേലി ബോംബാക്രമണത്തിന്റെയും ഡ്രോണുകളുടെയും ശബ്ദം ക്രിസ്മസ് രാത്രി മുഴുവനും ഇന്ന് പുലർച്ചെയും മുഴങ്ങിക്കേട്ടതായാണ് റിപ്പോർട്ട്. ഗസ്സയിലുടനീളമുള്ള അവശേഷിക്കുന്ന പള്ളികളിൽ ചെറിയ ഒത്തുചേരലുകളും പ്രാർത്ഥനകളും മാത്രമാണ് നടന്നത്.
വത്തിക്കാൻ സിറ്റി: തന്റെ ആദ്യ ക്രിസ്മസ് സന്ദേശത്തിൽ ലിയോ പതിനാലാമൻ മാർപാപ്പ ഗസ്സയിൽ ഫലസ്തീനികൾ നേരിടുന്ന മാനുഷിക ദുരന്തത്തെ ശക്തമായി അപലപിച്ചു. ക്രിസ്മസ് സന്ദേശത്തിൽ ഗസ്സയിലെ ഫലസ്തീനികളുടെ അവസ്ഥ അദ്ദേഹം ലോകത്ത ഓർമിപ്പിച്ചു. നമുക്കിടയിൽ "അവന്‍റെ ദുർബലമായ കൂടാരം ദൈവം സ്ഥാപിച്ചു" എന്ന് പറഞ്ഞ മാർപാപ്പ, ആഴ്ചകളോളം മഴയും കാറ്റും തണുപ്പുമേറ്റ് കഴിയുന്ന ഗസ്സയിലെ കൂടാരങ്ങളെക്കുറിച്ച് നമുക്ക് എന്തുകൊണ്ട് ചിന്തിക്കാൻ കഴിയുന്നില്ല എന്ന് ചോദിച്ചു.
ഇന്ന് രാത്രി ബെത്‌ലഹേമിൽ സമാധാന രാജകുമാരന്റെ ജനനം ആഘോഷിക്കുമ്പോൾ, സുരക്ഷിതമായ ഇടമോ ഭക്ഷണമോ മരുന്നോ പ്രതീക്ഷയോ ഇല്ലാത്ത ഗസ്സയിലെ അമ്മമാരുടെയും കുട്ടികളുടെയും നിലവിളികളാൽ നമ്മുടെ ഹൃദയം ഭാരപ്പെട്ടിരിക്കുന്നു... -വിറയ്ക്കുന്ന ശബ്ദത്തിൽ മാർപാപ്പ പറഞ്ഞു. ഗസ്സയിലെ അവസ്ഥ അസഹനീയമാണ്. അവശിഷ്ടങ്ങൾക്കിടയിലാണ് കുടുംബങ്ങൾ ജീവിക്കുന്നത്. രോഗങ്ങളാൽ കുട്ടികൾ മരിക്കുന്നു. പരിക്കേറ്റവർക്ക് അടിസ്ഥാന പരിചരണം പോലുമില്ല. ഇത് യുദ്ധമല്ല, മനുഷ്യരാശിയെ ലജ്ജിപ്പിക്കുന്ന നരകമാണിത്... -പാപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.