ഫലസ്തീനികളുടെ ശബ്ദം; ഇസ്രായേലി ആഖ്യാനങ്ങളെ നേരിട്ട് വെല്ലുവിളിച്ച മുഹമ്മദ് ബക്രി വിടവാങ്ങി

ഫലസ്തീൻ സിനിമയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായ മുഹമ്മദ് ബക്രി അന്തരിച്ചു. അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ അദ്ദേഹം അഭിനയം സംവിധാനം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ തന്‍റെ സംഭാവനകൾ നൽകി. ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നഹരിയയിലെ ഗലീലി മെഡിക്കൽ സെന്ററിൽ ബുധനാഴ്ചയായിരുന്നു അന്ത്യം. ഹീബ്രു ഭാഷ മാധ്യമങ്ങളാണ് മരണവാർത്ത റിപ്പോർട്ട് ചെയ്തത്. 

ഇസ്രായേലി ആഖ്യാനങ്ങളെ നേരിട്ട് വെല്ലുവിളിക്കുകയും സെൻസർഷിപ്പിനെതിരെ പതിറ്റാണ്ടുകളായി നിയമപോരാട്ടങ്ങൾ നടത്തുകയും ചെയ്ത സാംസ്കാരിക പ്രതിരോധത്തിന്‍റെ മുഖത്തെയാണ് ഫലസ്തീൻ ജനതക്ക് നഷ്ടമായത്. 2002ൽ പുറത്തിറങ്ങിയ ജെനിൻ, ജെനിൻ എന്ന ഡോക്യുമെന്ററിയിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. അഭയാർഥി കാമ്പിൽ 52 ഫലസ്തീനികളുടെ മരണത്തിനിടയാക്കിയ ഇസ്രായേലി സൈനിക നടപടിയെ സാക്ഷ്യപ്പെടുത്തിയ ചിത്രമായിരുന്നു ഇത്.

2021ൽ ഇസ്രായേൽ അധികൃതർ ഈ ഡോക്യുമെന്ററി നിരോധിച്ചു. 2022ൽ സുപ്രീം കോടതി അത് അപകീർത്തികരമാണെന്ന് കണ്ട് വിലക്ക് ശരിവെച്ചു. എന്നാൽ വിധി അന്യായമാണെന്നും തന്റെ സത്യത്തെ നശിപ്പിക്കുന്നുണ്ടെന്നും അതിനെതിരെ അപ്പീൽ നൽകാൻ ഉദ്ദേശിക്കുന്നതായും ബക്രി അന്ന് ഒരു ന്യൂസ് വെബ്‌സൈറ്റിനോട് പറഞ്ഞിരുന്നു. അഞ്ച് പട്ടാളക്കാർ ബക്രിക്കെതിരെ കേസ് കൊടുത്തു. ഒടുവിൽ കോടതികൾ അദ്ദേഹത്തിന് ലക്ഷക്കണക്കിന് ഷെക്കൽ പിഴ ചുമത്തി. എല്ലാ പകർപ്പുകളും പിടിച്ചെടുക്കാനും ഓൺലൈൻ ലിങ്കുകൾ നീക്കം ചെയ്യാനും ഉത്തരവിട്ടു.

“ഞാൻ ഇസ്രായേലിനെ എന്റെ ശത്രുവായി കാണുന്നില്ല... പക്ഷേ അവർ എന്നെ അവരുടെ ശത്രുവായി കണക്കാക്കുന്നു' എന്നാണ് ഈ വർഷം ആദ്യം ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയ അഭിമുഖത്തിൽ ബക്രി പറഞ്ഞത്. ഒരു സിനിമ നിർമിച്ചതിന് അവർ തന്നെ ഒരു രാജ്യദ്രോഹിയായി കാണുന്നു എന്നും അദ്ദേഹം പറഞ്ഞു.

1953ൽ ഗലീലി ഗ്രാമമായ ബി'ഇനയിൽ ജനിച്ച ബക്രി, ഇസ്രായേലിലെ ഒരു ഫലസ്തീൻ പൗരനായിരുന്നു. ടെൽ അവീവ് സർവകലാശാലയിൽ നിന്ന് അറബി സാഹിത്യവും നാടകവും പഠിച്ചു. 30-ാം വയസ്സിൽ കോസ്റ്റ-ഗവ്രാസിന്റെ ഹന്ന കെ എന്ന ചിത്രത്തിലൂടെ തന്റെ വീട് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ഒരു ഫലസ്തീൻ അഭയാർഥിയുടെ വേഷത്തിലൂടെ അദ്ദേഹം ശ്രദ്ധേയമായ ചലച്ചിത്ര അരങ്ങേറ്റം കുറിച്ചു.

1984ൽ പുറത്തിറങ്ങിയ ഇസ്രായേലി ചിത്രമായ ബിയോണ്ട് ദി വാൾസിൽ ഫലസ്തീൻ തടവുകാരന്റെ വേഷം അദ്ദേഹത്തിന് അന്താരാഷ്ട്ര പ്രശംസയും അക്കാദമി അവാർഡ് നാമനിർദ്ദേശവും നേടിക്കൊടുത്തു. 40ലധികം സിനിമകളിൽ അദ്ദേഹം പ്രത്യക്ഷപ്പെടുകയും അധിനിവേശത്തിന്‍റെ കീഴിൽ ജീവിക്കുന്ന ഫലസ്തീനികളുടെ അനുഭവങ്ങൾ വെളിപ്പെടുത്തുന്ന നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്യുകയും ചെയ്തു. 

Tags:    
News Summary - Palestinian actor-director Mohammad Bakri dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.