ലണ്ടൻ: ഇന്ത്യയും യു.കെയും 2023ന് മുമ്പ് സ്വതന്ത്ര വ്യാപാര കരാറിന് അന്തിമരൂപം നൽകാൻ സാധ്യതയില്ല. വ്യാപാര കരാറിനായി (എഫ്‌ടിഎ) ഇരുപക്ഷവും ചർച്ചകളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബ്രിട്ടനിലെ രാഷ്ട്രീയ പ്രതിസന്ധിയും സർക്കാരിലെ അഭിപ്രായവ്യത്യാസങ്ങളും കരാറുമായി ബന്ധപ്പെട്ട ചർച്ചകളെ ബാധിച്ചിട്ടുണ്ട്.
യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ പുറത്തായതിനെ തുടർന്നുള്ള കുടിയേറ്റത്തെ പ്രതിരോധിക്കുമെന്ന വാഗ്ദാനവും വിദേശ പ്രഫഷനലുകളുടെയും വിദ്യാർത്ഥികളുടെയും സഞ്ചാരം സുഗമമാക്കേണ്ടതിന്റെ ആവശ്യകതയും നടപ്പാക്കുമെന്നുള്ള വാഗ്ദാനത്തിൽ കൺസർവേറ്റീവ് പാർട്ടി സർക്കാർ പ്രശ്നങ്ങൾ നേരിടുകയാണ്. എഫ്‌ടിഎ ഇന്ത്യക്കാരുടെ കുടിയേറ്റം വർധിപ്പിക്കുമെന്ന് രാജിവെച്ച ആഭ്യന്തര മന്ത്രി സുയല്ല ബ്രവർമാൻ അഭിപ്രായപ്പെട്ടിരുന്നു.
എഫ്ടിഎയുമായി ബന്ധപ്പെട്ട ചില തർക്ക വിഷയങ്ങളിൽ ഇരു രാജ്യങ്ങളും യോജിച്ചിട്ടില്ല. അതേ സമയം ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യുകെ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യയുടെ വാണിജ്യ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.
ചർച്ചകൾ തുടരുകയാണെന്നും ഉടൻ ധാരണയിലെത്തുമെന്നും സി ഐ.ഐ ദേശീയ കയറ്റുമതി ഉച്ചകോടിക്കിടെ വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്വാളും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.