ഇറാനിൽ നിന്ന് 311 പേരെ കൂടി ഒഴിപ്പിച്ചു; ഇതോടെ ഇന്ത്യയിലെത്തിയത് 1,428 പേർ

ന്യൂഡൽഹി: ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യു.എസ് ബോംബാക്രമണം നടത്തിയതിനെത്തുടർന്ന് പേർഷ്യൻ ഗൾഫ് രാഷ്ട്രവും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിൽ നിന്ന് 300 ലധികം പൗരന്മാരെ ഇന്ത്യ ഞായറാഴ്ച ഒഴിപ്പിച്ചു.

ഇറാനിയൻ നഗരമായ മഷാദിൽ നിന്ന് പ്രത്യേക വിമാനത്തിൽ 311 ഇന്ത്യക്കാർ ഡൽഹിയിൽ എത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂൺ 22ന് വൈകുന്നേരം 4 മണിക്ക് മഷാദിൽ നിന്ന് പ്രത്യേക വിമാനത്തിൽ മുന്നൂറ്റി പതിനൊന്ന് ഇന്ത്യൻ പൗരന്മാർ ഡൽഹിയിൽ എത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പുതിയ ബാച്ച് ഒഴിപ്പിച്ചതോടെ ഇറാനിൽ നിന്ന് മടങ്ങി വന്നവരുടെ ആകെ എണ്ണം 1,428 ആയി. 

വർധിച്ചവരുന്ന സംഘർഷം കണക്കിലെടുത്ത് ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി ഇന്ത്യ കഴിഞ്ഞ ആഴ്ച ‘ഓപ്പറേഷൻ സിന്ധു’ ആരംഭിച്ചു.  ഇറാൻ നഗരമായ മഷാദ്, അർമേനിയൻ തലസ്ഥാനമായ യെരേവൻ, തുർക്ക്മെനിസ്ഥാൻ തലസ്ഥാനമായ അഷ്ഗാബത്ത് എന്നിവിടങ്ങളിൽ നിന്ന് ബുധനാഴ്ച മുതൽ ഇന്ത്യ ചാർട്ടേഡ് വിമാനങ്ങളിൽ പൗരന്മാരെ ഒഴിപ്പിച്ചു തുടങ്ങി. മഷാദിൽ നിന്നുള്ള മൂന്ന് ചാർട്ടേഡ് വിമാനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനായി വെള്ളിയാഴ്ച ഇറാൻ വ്യോമാതിർത്തി നിയന്ത്രണങ്ങൾ നീക്കി.

290 ഇന്ത്യക്കാരുമായി ആദ്യ വിമാനം വെള്ളിയാഴ്ച വൈകി ഡൽഹിയിൽ ഇറങ്ങി. 310 ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ശനിയാഴ്ച ഉച്ചക്ക് ദേശീയ തലസ്ഥാനത്ത് എത്തി. അർമേനിയൻ തലസ്ഥാന നഗരമായ യെരേവനിൽ നിന്ന് വ്യാഴാഴ്ച മറ്റൊരു വിമാനം എത്തി. അഷ്ഗാബത്തിൽ നിന്നുള്ള പ്രത്യേക ഒഴിപ്പിക്കൽ വിമാനം ശനിയാഴ്ച പുലർച്ചെ ഡൽഹിയിൽ ഇറങ്ങി.

Tags:    
News Summary - India flies home 311 more citizens from Iran as Operation Sindhu crosses 1,400 mark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.