ഐക്യരാഷ്ട്രസഭ: ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ ജനങ്ങൾ വൻതോതിൽ മരിച്ചുവീഴുന്നതിലും മേഖലയുടെ സുരക്ഷ വഷളാകുന്നതിലും കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. സമാധാനം തിരിച്ചുകൊണ്ടുവരാൻ ശ്രമം തുടങ്ങണമെന്നും സംഘർഷം വ്യാപിക്കാതിരിക്കാൻ നേരിട്ടുള്ള സംഭാഷണം ആരംഭിക്കണമെന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ ഉപ സ്ഥിരം പ്രതിനിധി ആർ. രവീന്ദ്ര ആവശ്യപ്പെട്ടു.
മേഖലയിലെ മാനുഷിക പ്രതിസന്ധിയിൽ ആശങ്കയുണ്ടെന്നും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ചർച്ചചെയ്യാൻ ചേർന്ന രക്ഷാസമിതിയുടെ പ്രത്യേക യോഗത്തിൽ രവീന്ദ്ര പറഞ്ഞു.അതേസമയം, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ കടുത്ത ഇസ്രായേൽ വിമർശനത്തെ അനുകൂലിക്കാതെയും ഗസ്സയിൽ വെടിനിർത്തണമെന്ന് നേരിട്ട് പറയാതെയുമാണ് ഇന്ത്യ നിലപാട് അവതരിപ്പിച്ചത്.
‘‘സാധാരണക്കാർ മരിച്ചുവീഴുന്നതാണ് ഇപ്പോഴത്തെ സംഘർഷത്തിലെ പ്രധാന ആശങ്ക. എല്ലാവരും സാധാരണ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കണം. ഫലസ്തീനും ഇസ്രായേലും തമ്മിൽ വിശ്വാസ്യയോഗ്യവും നേരിട്ടുള്ളതുമായ ചർച്ച പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകത വർധിച്ചിരിക്കുകയാണ്.’’ -രവീന്ദ്ര വിശദീകരിച്ചു. സമാധാനത്തിനുവേണ്ടി വിവിധ രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു. ഭീകരാക്രമണം നേരിട്ട ഇസ്രായേലിന്റെ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ ഒപ്പം നിന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസ്സയിലെ അൽ അഹ്ലി ആശുപത്രിയിൽ ജീവൻ നഷ്ടപ്പെട്ടതിലും ഇന്ത്യ അനുശോചിച്ചു. മരുന്നും അവശ്യവസ്തുക്കളുമടക്കം 38 ടൺ മാനുഷിക സഹായം ഗസ്സയിലേക്ക് അയച്ചു. ഉഭയകക്ഷി വികസന പങ്കാളിത്ത പ്രകാരം ഫലസ്തീൻ ജനതക്ക് സഹായം തുടരും. ഫലസ്തീനികൾക്കായി പതിറ്റാണ്ടുകളായി തുടരുന്ന മാനുഷിക സേവനങ്ങളും മുന്നോട്ടുകൊണ്ടുപോകും -രവീന്ദ്ര കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.