യു.എസ് നാവിക സേനയുടെ തലപ്പത്ത് ആദ്യ വനിത; ചരിത്രം കുറിച്ച് അഡ്മിറൽ ലിസ ഫ്രാങ്കെറ്റി

വാഷിങ്ടൺ: യു.എസ് നാവികസേനയുടെ തലപ്പത്ത് ആദ്യമായി വനിതയെ നിയമിച്ച് ചരിത്രം കുറിച്ച് പ്രസിഡന്റ് ജോ ബൈഡൻ. അഡ്മിറല്‍ ലിസ ഫ്രാങ്കെറ്റിയെയാണ് നാവിക സേന മേധാവിയായി നിയമിച്ചത്. ലിസയുടെ 38 വർഷത്തെ സ്തുത്യർഹമായ സേവനം കണക്കിലെടുത്താണ് പുതിയ ചുമതല നൽകുന്നതെന്ന് ബൈഡൻ പറഞ്ഞു. 38 വർഷം നമ്മുടെ രാജ്യത്തിനായി സ്തുത്യര്‍ഹമായ സേവനം നടത്തിയ വ്യക്തിയാണ് ലിസ ഫ്രാങ്കെറ്റി. നമ്മുടെ അടുത്ത നാവിക ഓപറേഷനുകളുടെ ചുമതല അവരെ ഏൽപ്പിക്കുകയാണ്.’’– ലിസയുടെ നിയമനത്തെക്കുറിച്ച് ബൈഡൻ പ്രതികരിച്ചു. നിയമനത്തിന് സെനറ്റിന്റെ അംഗീകാരം ആവശ്യമാണ്.

''യു.എസ് നാവികസേനയിൽ ഫോർ സ്റ്റാർ അഡ്മിറൽ പദവി നേടുന്ന രണ്ടാമത്തെ വനിതയാണ് ലിസ. നാവിക ഓപറേഷൻസ് മേധാവിയായി ചുമതലയേറ്റ് ചരിത്രം കുറിക്കുകയാണ് ലിസ.''– ജോ ബൈഡൻ പറഞ്ഞു. ലോകം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച നാവിക സേനയായി ലിസയുടെ നേതൃത്വത്തിൽ യുഎസ് സേന നിലകൊള്ളുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. നിലവിൽ യു.എസ് നാവികസേനയുടെ വൈസ് ചീഫായി സേവനമനുഷ്ഠിക്കുകയാണ് ലിസ ഫ്രാങ്കെറ്റി. 1985ലാണ് ലിസ നാവിക സേനയിൽ എത്തിയത്. കൊറിയയിലെ യു.എസ് നാവിക ഓപറേഷനുകളുടെ കമാൻഡറായി സേവനം ചെയ്തു. യു.എസ് നേവി ഓപറേഷനുകളുടെ ഡെപ്യൂട്ടി ചീഫായും സേവനം അനുഷ്ഠിച്ചു. 2022 സെപ്റ്റംബറിൽ അവർ വൈസ് സി.എൻ.ഒ ആയി.

അഡ്മിറൽ മൈക് ഗിൽഡെയുടെ പിൻഗാമിയായാണ് ലിസയുടെ നിയമനം. അടുത്ത മാസമാണ് അദ്ദേഹത്തിന്റെ നാലു വർഷ കാലാവധി പൂർത്തിയാവുക.

Tags:    
News Summary - In a first for US military Biden picks female admiral to lead navy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.