ഇംറാന് നൽകിയത് മൂട്ട ശല്യമുള്ള സെൽ; അപ്പീൽ ഇന്ന് പരിഗണിക്കും

ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് അറ്റോക്ക് ജയിലിൽ അനുവദിച്ചത് മൂട്ടയുടേയും ഈച്ചയുടേയും ഉറുമ്പിന്റെയും ശല്യമുള്ള രണ്ടാം നമ്പർ സെൽ. തുറന്ന ശുചിമുറിയുള്ള ചെറിയ സി-ക്ലാസ് സെല്ലാണ് ഇംറാന് നൽകിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ നഈം ഹൈദർ പഞ്ചോത പറഞ്ഞു.

രാജ്യത്തെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിലെത്തിച്ച ക്യാപ്റ്റന് നൽകിയിരിക്കുന്നത് ഇതാണ്. ജീവിതകാലം മുഴുവൻ ജയിലിൽ കഴിയാൻ തയാറാണെന്ന് ഇംറാൻ അറിയിച്ചതായും അഭിഭാഷകൻ പറഞ്ഞു. അറ്റോക് ജയിലിൽ അദ്ദേഹത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നഈം ഹൈദർ.

അതിനിടെ, തോഷഖാന അഴിമതിക്കേസിൽ തന്നെ ശിക്ഷിച്ച വിധിയെ ചോദ്യം ചെയ്ത് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഇസ്‍ലാമാബാദ് ഹൈകോടതിയിൽ അപ്പീൽ നൽകി. പക്ഷപാതിയായ ജഡ്ജിയുടെ വിധി, ശരിയായ വിചാരണ നടപടിയുടെ മുഖത്തേറ്റ അടിയും നീതിയെ അപഹസിക്കുന്നതുമാണെന്ന് ഹരജിയിൽ ആരോപിച്ചു.

അപ്പീൽ ഹൈകോടതി ഫയലിൽ സ്വീകരിച്ചതായും ബുധനാഴ്ച പരിഗണിക്കുമെന്നും ഇംറാന്റെ പാർട്ടി പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ) അറിയിച്ചു. കേസിന്റെ ഉള്ളടക്കം പരിഗണിക്കുന്നതിനുപകരം മുൻധാരണയുടെ പുറത്താണ് വിചാരണകോടതി ജഡ്ജി തീരുമാനത്തിലെത്തിയത്. ഹരജിക്കാരന്റെ വക്കീലിന് വാദം അവതരിപ്പിക്കാൻ അവസരം നൽകിയില്ല. പക്ഷപാതിത്വം കൊണ്ട് കളങ്കിതമായ വിധി നിയമത്തിന്റെ കണ്ണിൽ പാഴായ ഒന്നാണെന്നും അത് റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

ഇംറാൻ ഖാന് അഞ്ചുവർഷത്തേക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ അയോഗ്യത

ഇസ്‍ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാകിസ്താൻ തെരഞ്ഞെടുപ്പ് കമീഷൻ അഞ്ചു വർഷത്തെ അയോഗ്യത കൽപിച്ചു. തോഷഖാന കേസിൽ ഇസ്‍ലാമാബാദ് വിചാരണ കോടതിയുടെ ശിക്ഷ പരിഗണിച്ചാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യത കൽപിച്ചത്.

Tags:    
News Summary - Imran Khan held in bug-infested jail, given C-class facilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.