തെൽഅവീവ്: വടക്കൻ ഗസ്സയിൽ നിന്ന് ഇസ്രായേൽ നഗരമായ അഷ്ദോദിലേക്ക് റോക്കറ്റ് ആക്രമണം നടന്നതായി ഇസ്രായേൽ പ്രതിരോധസേന. നാല് റോക്കറ്റുകൾ വ്യോമ പ്രതിരോധന സേന തകർത്തെന്നും ഒരു റോക്കറ്റ് തുറസ്സായ സ്ഥലത്ത് വീണതായും ഐ.ഡി.എഫിനെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഗസ്സയിലേക്ക് അവശ്യവസ്തുക്കളുമായി എത്തിയ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ (ജി.എസ്.എഫ്) കപ്പലുകളെ ഇസ്രായേലി സൈന്യം തയാറെടുക്കുന്നതിനിടെയാണ് ആക്രമണം.
അഷ്‌ദോദിലും നിറ്റ്‌സാൻ, നിറ്റ്‌സാനിം ബീച്ച് ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ഇസ്രായേലിന്റെ താഴ്ന്ന പ്രദേശങ്ങളിലെ നിവാസികൾ സ്ഫോടന ശബ്ദം കേട്ടതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തെൽഅവീവ്: ഗസ്സയിലേക്ക് അവശ്യവസ്തുക്കളുമായി പോയ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ (ജി.എസ്.എഫ്) കപ്പലുകളെ ഇസ്രായേലി നാവിക സേന തടഞ്ഞു. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് അടക്കമുള്ളവരെ സൈന്യം കസ്റ്റഡിയിലെടുത്തു. ഗസ്സയിൽനിന്ന് 70 നോട്ടിക്കൽ മൈൽ ദൂരത്ത് നിന്നാണ് കപ്പൽ തടഞ്ഞത്.
ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ ഭാഗമായ നിരവധി കപ്പലുകൾ സുരക്ഷിതമായി തടഞ്ഞു നിർത്തി എന്നും കപ്പലിലുണ്ടായിരുന്നവരെ ഇസ്രായേൽ തുറമുഖത്തേക്ക് തിരിച്ചുവിട്ടതായും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘർഷ മേഖലയിലേക്ക് പ്രവേശിക്കരുതെന്നും ഗതി മാറി സഞ്ചരിക്കാൻ ആവശ്യപ്പെട്ടതായും ഇസ്രായേൽ നാവിക സേന അറിയിപ്പ് നൽകിയിരുന്നെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇസ്രായേൽ നാവിക സേന കപ്പലുകളിൽ പ്രവേശിച്ച് തത്സമയ ആശയവിനിമയം വിഛേദിച്ചതായി ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല സ്ഥിരീകരിച്ചു. അല്‍മ, സിറിയസ്, അഡാര എന്നീ കപ്പലുകളെയാണ് ഇസ്രായേൽ സേന തടഞ്ഞതെന്ന് സുമുദ് ഫ്ളോട്ടില്ല പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേല്‍ സേന കപ്പലില്‍ കയറുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും സുമുദ് ഫ്ളോട്ടില്ല എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.
ഈ നടപടി നിയമവിരുദ്ധവും മനുഷ്യത്വ രഹിതവുമായ പ്രവൃത്തിയാണെന്ന് ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ യൂറോപ്പിൽ ശക്തമായ പ്രതിഷേധം നടക്കുന്നു. ഗ്രീസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളുണ്ടായി.
ഗസ്സയിലെ ഇസ്രായേലിന്‍റെ നിയമവിരുദ്ധമായ ഉപരോധം അവസാനിപ്പിക്കുക, മാനുഷിക സഹായം എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല സ്‌പെയ്‌നിലെ ബാഴ്‌സലോണയില്‍ നിന്നും യാത്ര ആരംഭിച്ചത്. 44 രാജ്യങ്ങളില്‍ നിന്നുള്ള അമ്പതിലധികം ചെറുകപ്പലുകളുടെ കൂട്ടമാണ് ഫ്‌ളോട്ടില്ല.
പാർലമെന്റംഗങ്ങൾ, അഭിഭാഷകർ, ആക്ടിവിസ്റ്റുകൾ, സെലിബ്രിറ്റികൾ എന്നിവരുൾപ്പെടെ ഏകദേശം 300ലധികം പേർ കപ്പലിൽ ഉണ്ട്. വ്യാഴാഴ്ച രാവിലെ സഹായവുമായി ഗസ്സയിൽ ഫ്‌ളോട്ടില്ല എത്തും എന്നായിരുന്നു പ്രതീക്ഷ. ഇന്നലെ ഗസ്സ തീരത്തോട് അടക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഫ്‌ളോട്ടില്ല പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.