ഗസ്സ സിറ്റിയിൽ ഇസ്രായേൽ സൈനികനെ ഹമാസ് വധിച്ചു

ഗസ്സ: ഗസ്സ സിറ്റിയിൽ മനുഷ്യക്കുരുതി നടത്താനെത്തിയ ഇസ്രായേൽ സൈനികനെ ഹമാസ് ​പോരാളികൾ വധിച്ചു. ഇന്നലെ നടന്ന ആക്രമണത്തിലാണ് ആംഡ് ബ്രിഗേഡിന്റെ 77-ം ബറ്റാലിയൻ കമ്പനി കമാൻഡർ മേജർ ഷഹർ നെറ്റനെൽ ബൊസാഗ്ലോ (27) ​കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച ഗസ്സ സിറ്റിയിൽ ഇയാൾ സഞ്ചരിച്ച 77-ാമത് ബറ്റാലിയന്റെ ടാങ്കിന് നേരെ ഹമാസ് പ്രവർത്തകൻ വെടിവെക്കുകയായിരുന്നുവെന്ന് ഐഡിഎഫ് (ഇസ്രായേൽ പ്രതിരോധ സേന) അറിയിച്ചു. സാരമായി പരിക്കേറ്റ ബൊസാഗ്ലോയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഗസ്സ സിറ്റിയിൽ ഇസ്രായേൽ മനുഷ്യക്കുരുതി ആരംഭിച്ച ശേഷം ​വധിക്കപ്പെടുന്ന ആദ്യ ഇ​സ്രായേൽ സൈനികനാണ് ഇയാൾ.

ഇന്നലെ ഗസ്സയിൽ നിന്ന് ഇസ്രായേലിലെ നഹൽ ഓസിലേക്ക് ഹമാസ് റോക്കറ്റ് തൊടുത്തുവിട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിരുന്നു. നഹൽ ഓസിലെ കമ്യൂണി​റ്റിയെ ലക്ഷ്യമാക്കി ഗസ്സയിൽനിന്ന് വിക്ഷേപിച്ച റോക്കറ്റ് തകർക്കാൻ ഇന്റർസെപ്റ്റർ മിസൈൽ വിക്ഷേപിച്ചതായും ഐ.ഡി.എഫ് പ്രസ്താവനയിൽ പറഞ്ഞു.

ഗസ്സയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 61 ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. 220 പേർക്ക് പരിക്കേറ്റു. ഗസ്സ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികൾ 65,344 ആയി. 1,66,795 പേർക്കാണ് പരിക്കേറ്റത്. ഗസ്സ സിറ്റിയിൽനിന്നും വടക്കൻ ഗസ്സയിൽനിന്നും കൂട്ടപ്പലായനം തുടരുകയാണ്.

അതിനിടെ, ലോകമെങ്ങും ഗസ്സക്ക് വേണ്ടിയും സ്വതന്ത്ര ഫലസ്തീന് വേണ്ടിയും മുറവിളി ഉയരുകയാണ്. ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകിയ രാജ്യങ്ങളിലും അല്ലാത്ത രാജ്യങ്ങളിലും ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ നടക്കുന്നുണ്ട്. ഇറ്റലിയിൽ ഗസ്സ ഐക്യദാർഢ്യ പ്രകടനം റെയിൽവേ ഉൾപ്പെടെ പൊതുഗതാഗതം സ്തംഭിപ്പിച്ചു. ഇറ്റലിയിലെ 80 നഗരങ്ങളിൽ കൂറ്റൻ ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടന്നു. ജർമനിയിലും ജപ്പാനിലും ഫലസ്തീന് ​ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇസ്രായേൽ ക്രൂരതക്ക് എതിരായും പ്രകടനങ്ങൾ നടന്നു.

പതിനായിരങ്ങൾ അണിനിരന്ന ഇതുവരെ കാണാത്ത പ്രതിഷേധത്തിനാണ് ഇറ്റലി സാക്ഷ്യം വഹിച്ചത്. ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ പ്രതിഷേധക്കാർ ട്രെയിനുകൾ തടയുകയും റോഡ് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. തുറമുഖങ്ങൾക്ക് മുന്നിലും പ്രതിഷേധമുണ്ടായി. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് ഇറ്റലിയിൽ പ്രതിഷേധമുണ്ടായത്.

ഫ്രാൻസ് ഉൾപ്പടെ നിരവധി യുറോപ്യൻ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിട്ടും അതിൽ നിന്നും അകലം പാലിക്കുന്ന സമീപനമാണ് ഇറ്റലി സ്വീകരിക്കുന്നത്. ഇതും വലിയ പ്രതിഷേധം രാജ്യത്ത് ഉയരാൻ കാരണമായിരുന്നു. തിങ്കളാഴ്ച 24 മണിക്കൂർ നീളുന്ന പണിമുടക്കിനാണ് ഇറ്റലിയിൽ തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്തത്. പണിമുടക്കിനിടെയുണ്ടായ സംഘർഷങ്ങൾ പൊലീസുകാർക്ക് ഉൾപ്പ​ടെ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രതിഷേധത്തിനിടെയുണ്ടായ അക്രമങ്ങളെ അപലപിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലാനി രംഗത്തെത്തി.

ഫ്രാൻസ് ഉൾപ്പടെ ആറ് രാജ്യങ്ങൾ കൂടി ഫലസ്തീൻ രാഷ്​ട്രത്തെ അംഗീകരിച്ചു. യു.എൻ പൊതുസഭയുടെ സമ്മേളനത്തിലാണ് വിവിധ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചത്. ഫ്രാൻസിന് പുറമേ ബെൽജിയം, ലക്സംബർഗ്, മാൾട്ട, മൊണോക്കോ, അൻഡോറ തുടങ്ങിയ രാജ്യങ്ങളാണ് ഫലസ്തീന് അംഗീകാരം നൽകിയത്.

നേരത്തെ ആസ്ട്രേലിയ, കാനഡ, പോർച്ചുഗൽ, യു.കെ തുടങ്ങിയ രാജ്യങ്ങളും ഫലസ്തീനെ അംഗീകരിച്ചിരുന്നു. സമയം വന്നത് കൊണ്ടാണ് നമ്മൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പറഞ്ഞു. രണ്ട് രാജ്യങ്ങളിലൂടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും മാക്രോൺ പറഞ്ഞു. ഫ്രാൻസ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ 193 അംഗം യു.എൻ പൊതുസഭയിൽ ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ എണ്ണം 147 ആയി ഉയർന്നു. അന്താരാഷ്ട്ര സമൂഹത്തിൽ 80 ശതമാനവും ഇപ്പോൾ ഫലസ്തീനെ പിന്തുണക്കുന്നുണ്ട്. ഇതോടെ ഗസ്സയി​ലെ വംശഹത്യ അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ കടുത്ത നയതന്ത്ര സമ്മർദം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - IDF Armored Corps officer killed in Gaza City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.